പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി; ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവക്ക് പിന്തുണ

kerala-education-v-sivankutty

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കമുള്ള പരിപാടികള്‍ക്ക് ക്യു ഐ പി അധ്യാപക സംഘടനായോഗത്തില്‍ ഏകകണ്ഠമായ പിന്തുണ. പരിപാടികള്‍ വിശദീകരിക്കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അധ്യാപക സംഘടനകള്‍ പിന്തുണ അറിയിച്ചത്. പൊതുവിദ്യാലയങ്ങളുടെ മികവ് എന്നത് അക്കാദമിക മികവിനെയാണ് വിവക്ഷിക്കുന്നത്. ഈ ആശയത്തിലൂന്നിയാണ് സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ഈ അധ്യയന വര്‍ഷം എട്ടാം ക്ലാസ് സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന് മൂല്യനിര്‍ണയ രീതിശാസ്ത്രം പരിഷ്‌കരിക്കല്‍ മാര്‍ഗരേഖ അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. സബ്ജക്ട് മിനിമം എട്ടാം ക്ലാസില്‍ നടപ്പാക്കുമ്പോള്‍ മിനിമം മാര്‍ക്ക് ആര്‍ജിക്കാത്ത കുട്ടികളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും അടുത്ത ക്ലാസില്‍ പ്രെമോഷന്‍ നല്‍കുന്നതിനും പിന്തുണാ സംവിധാനം അവധിക്കാലത്ത് നല്‍കും.

Read Also: ഹയർ സെക്കൻഡറി വാർഷിക പരീക്ഷയുടെ ചില ചോദ്യപേപ്പറുകളിലെ അക്ഷരത്തെറ്റുകൾ:അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാംപെയിന്‍ അടക്കം വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാന്‍ ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. സ്‌കൂള്‍ തലത്തില്‍ നടത്തേണ്ട ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍, ജനജാഗ്രത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും വിശദമായ മാര്‍ഗരേഖ എല്ലാ വിദ്യാലയങ്ങള്‍ക്കും നല്‍കിയിരുന്നു. ലഹരിവിരുദ്ധ ബോധവത്കരണത്തോടൊപ്പം കുട്ടികളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

കണ്ടെത്തുക, അറിയിക്കുക, പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയിക്കുക എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ഉള്‍പ്പെടുത്തി Standard Operating Procedure (SOP) തയ്യാറാക്കിയിട്ടുണ്ട്. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് പ്രൈമറി, സെക്കൻഡറി തലത്തിലെ എല്ലാ അധ്യാപകര്‍ക്കും കൃത്യമായ ധാരണ അധ്യാപക പരിശിലനത്തില്‍ നല്‍കിയിരുന്നു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളില്‍ അവഗാഹം ഉണ്ടാക്കേണ്ടതും കുട്ടികള്‍ക്ക് ലഹരികള്‍ ലഭിക്കുന്ന വഴികള്‍ തടയേണ്ടതും
ഈ കാലഘട്ടത്തിലെ അടിയന്തര ആവശ്യമായി മാറിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി കണക്കിലെടുത്തു വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതാണ്.

പ്രീ- സ്‌കൂള്‍, എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ വിഭാഗത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഏപ്രില്‍- മെയ് മാസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പരിശീലന പരിപാടികള്‍ സംഘിപ്പിക്കും. പൊതുപരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്ന എച്ച് എസ്, എച്ച് എസ് എസ്/ വി എച്ച് എസ് എസ് വിഭാഗം അധ്യാപകര്‍ക്ക് അതിനനുസരിച്ചുള്ള ബാച്ചുകള്‍ ക്രമീകരിച്ച് പരിശീലനം നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും സമഗ്ര ശിക്ഷാ കേരളം, എസ് സി ഇ ആര്‍ ടി, കൈറ്റ്, എസ് ഐ ഇ ടി, സീമാറ്റ്, വിദ്യാകിരണം മിഷന്‍, ഡയറ്റുകള്‍ എന്നീ വിവിധ ഏജന്‍സികളുടെയും ഏകോപനപ്രവര്‍ത്തനങ്ങളിലൂടെയാണ് അധ്യാപകസംഗമങ്ങളും തുടര്‍ന്നുള്ള ക്ലസ്റ്റര്‍ പരിശീലനങ്ങളും സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ വിവിധ ക്ലാസുകളില്‍ വ്യത്യസ്ത വിഷയങ്ങളിലായി ഏകദേശം അയ്യായിരത്തോളം ബാച്ചുകളിലായി ഒന്നേമുക്കാല്‍ ലക്ഷത്തോളം അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം നല്‍കും. പരിശീലന ഉള്ളടക്കമേഖലകള്‍ നിശ്ചയിക്കുന്നതിനുള്ള ആശയരൂപീകരണ ശില്‍പശാലകള്‍ എസ് സി ഇ ആര്‍ ടിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

യോഗത്തില്‍ ക്യു ഐ പി അധ്യാപക സംഘടനകള്‍ക്ക് പുറമെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എ എസ്, പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സി മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News