
അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെ ഓഗസ്റ്റ് 5 ന് എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
കൂടാതെ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ : ജലനിരപ്പ് ഉയരുന്നു: മൂവാറ്റുപുഴ, അച്ചൻകോവിലാറുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
ഓഗസ്റ്റ് 6 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (06/08/2025 തീയതിയിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യത) ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ടും ആണ്. ഓഗസ്റ്റ് 7 ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും ആണ്.
ALSO READ : വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് ! അതിരപ്പിള്ളിയില്‍ കനത്ത മഴ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

