
ഓർമയില്ലേ മലാപ്പറമ്പ് എ.യു.പി സ്കൂൾ ? 11 വർഷം മുമ്പ് 2014 ഏപ്രിൽ 10 ന്റെ രാത്രിയിൽ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തപ്പെട്ട സ്കൂൾ. തലേ ദിവസം ഒരു പൊതു തെരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്ത് ആയിരുന്ന സ്കൂൾ ‘രാത്രിയ്ക്ക് രാമാനം’ അപ്രത്യക്ഷമാവുകയായിരുന്നു. ലാഭകരമല്ലെന്ന മാനേജരുടെ റിപ്പോർട്ടിന്മേൽ ‘ഉമ്മൻ ചാണ്ടി’ സർക്കാർ നേരത്തെ തന്നെ അടച്ചു പൂട്ടാൻ തീരുമാനിച്ച സ്കൂൾ. ഒരൊറ്റ രാത്രി കൊണ്ട് നമ്മുടെ കണ്മുന്നിൽ നിന്ന് ഒരു സ്കൂൾ അപ്രത്യക്ഷമാകുന്നത് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ഒരു രാത്രി കൊണ്ട് ആ സ്കൂളിൽ പഠിച്ചിരുന്ന 60 വിദ്യാർത്ഥികളും അധ്യാപകരും നിസ്സഹായരായി അതുവരെയുള്ള വൈജ്ഞാനിക ഇടത്തിൽ നിന്ന് തെരുവിലേക്ക് ഇറക്കപ്പെടുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ ?
പൊതു വിദ്യാലയങ്ങൾ ഹൈടെക്ക് ആയി മാറിയ ഇക്കാലത്തിൽ നമുക്കത് ആലോചിക്കാൻ പോലും പറ്റില്ല. എന്നാൽ 10 വർഷം മുമ്പ് ഇതൊക്കെ ഇവിടെ നടക്കുമായിരുന്നു. അവിടെ നിന്നാണ് 2016 ഇൽ അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ മലാപ്പറമ്പ് സ്‌കൂളിനോടൊപ്പം കോഴിക്കോട് ജില്ലയിലെ തന്നെ പാലാട്ട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി, തൃശൂർ ജില്ലയിലെ കിരാലൂർ തുടങ്ങി അടച്ചു പൂട്ടാൻ തുടങ്ങിയ സ്കൂളുകൾ ഏറ്റെടുക്കാൻ തീരുമാനിച്ചത്. ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ട കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനം. അവിടെ നിന്നിങ്ങോട്ട് കേരളത്തിലെ പൊതു വിദ്യാഭ്യാസ സംരക്ഷണം ഒരു യജ്ഞമായി കണ്ട് വിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിച്ച്, നവീകരിച്ച്, കൂടുതൽ കൂടുതൽ ജനകീയമാക്കിയ 10 വർഷങ്ങളാണ് കടന്നു പോകുന്നത്. മറന്ന് പോകരുത് ഒന്നും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

