യുഡിഎഫ് സമരത്തില്‍ വ്യാപക അക്രമവും ഗുണ്ടാവിളയാട്ടവും; ജീവനക്കാരെ കൈയേറ്റം ചെയ്തതില്‍ ശക്തമായ പ്രതിഷേധം

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ വ്യാപക അക്രമവും ഗുണ്ടാ വിളയാട്ടവുമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. രാവിലെ ഓഫീസ് സമയത്ത് ജോലിക്ക് ഹാജരായ വനിതാ ഉദ്യോഗസ്ഥരെയടക്കം സമരാനുകൂലികള്‍ കൈയേറ്റം ചെയ്യുകയും പുലഭ്യം പറയുകയും ചെയ്തതായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ആരോപിച്ചു.

വനിതാ ജീവനക്കാരുടെ കൈ വലിച്ച് തിരിക്കുകയും മുതുകില്‍ ഇടിക്കുകയും ബാഗ് വലിച്ച് പൊട്ടിക്കുകയും ചെയ്തു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരാണ് വനിതാ ജീവനക്കാരെ ആക്രമിക്കുന്നതിനും അശ്ലീല പ്രയോഗങ്ങളും അംഗവിക്ഷേപങ്ങളുമായി ആക്ഷേപിക്കുന്നതിനും മുന്‍ നിരയില്‍ ഉണ്ടായിരുന്നതെന്നും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അനക്‌സ് രണ്ടിന് മുന്നില്‍ പൊലീസ് ബാരിക്കോഡ് കൊണ്ട് വഴിയടക്കുകയും എന്നാല്‍ വശങ്ങളില്‍ ജീവനക്കാര്‍ക്കായി സുരക്ഷിത പാത ഒരുക്കുകയും ചെയ്യ്തിരുന്നു. അതു വഴി ജീവനക്കാരെ പൊലീസ് കടത്തിവിടുമ്പോള്‍ സമരം അക്രമാസക്തമാകുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് അവശരായ ജീവനക്കാരെ രക്ഷപ്പെടുത്തിയതെന്നും കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

സമരാനുകൂലികള്‍ ആക്രോശിച്ച് കൊണ്ട് പാഞ്ഞടുത്തപ്പോള്‍ പ്രവര്‍ത്തകരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ആളപായമുണ്ടാകാതെ രക്ഷപ്പെടുകയായിരുന്നു. ജോലിക്ക് ഹാജരാകാന്‍ എത്തിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ എന്തു വില കൊടുത്തും സംരക്ഷിക്കുമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here