സര്‍ക്കാര്‍ സാക്ഷാത്ക്കരിച്ചത് ഒരു ജനതയുടെ ആറ് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്

തളിപ്പറമ്പ് താലൂക്കിലെ മൊറാഴ വില്ലേജില്‍ 135 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 64 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1958 ലെ സര്‍ക്കാര്‍ മൊറാഴ നിവാസികളായ 28 കുടുംബങ്ങള്‍ക്ക് 28 ഏക്കര്‍ ഭൂമിയില്‍ താത്കാലിക പട്ടയം അനുവദിക്കുകയുണ്ടായി. എന്നാലത് ഭൂമിയുടെ ആധികാരിക രേഖയായി കണക്കാക്കിയിരുന്നില്ല.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭൂമി കൈമാറ്റത്തിലൂടെയും അനന്തരാവകാശ കൈമാറ്റത്തിലൂടെയും ഈ 28 ഏക്കര്‍ ഭൂമി 135 കുടുംബങ്ങളുടെ കൈവശത്തില്‍ വന്നു ചേര്‍ന്നിരുന്നു. ആ ഭൂമിക്ക് അവര്‍ കരം അടച്ചിരുന്നെങ്കിലും ഭൂമിയുടെ ക്രയവിക്രയത്തിന് ആധികാരിക രേഖയായ പട്ടയം ലഭിച്ചിരുന്നില്ല. 1958ല്‍ താത്കാലിക പട്ടയം നല്‍കിയ സമയത്ത് മൊറാഴ വില്ലേജ് ഉള്‍പ്പെട്ട ആന്തൂര്‍ പ്രദേശം പഞ്ചായത്ത് ആയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ആന്തൂര്‍ നഗരസഭയായി മാറിയപ്പോള്‍ മുന്‍സിപ്പല്‍ ഭൂ പതിവ് ചട്ടം ബാധകമായി മാറി.

അതുകൊണ്ട് തന്നെ മുന്‍സിപ്പല്‍ ഭൂപതിവ് ചട്ടം അനുസരിച്ച് ഒരാള്‍ക്ക് പതിച്ചു കൊടുക്കാന്‍ കഴിയുന്ന പരമാവധി ഭൂമി 10 സെന്റ് ആണെന്നതാണ് ഇവര്‍ക്ക് പട്ടയം അനുവദിച്ചു നല്‍കാന്‍ തടസ്സമായി നിലനിന്നിരുന്നത്. ഈ 135 ആളുകളില്‍ ഭൂരിഭാഗം ആളുകളും 10 സെന്റില്‍ കൂടുതല്‍ ഭൂമി കൈവശം വെച്ച് പോന്നിരുന്നവരാണ്. ഈ പ്രശ്‌നത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്.

1995 ലെ ഭൂപതിവ് ചട്ടത്തിലെ ചട്ടം 21 പ്രകാരം ഒരു പ്രത്യേക കേസായി പരിഗണിക്കണമെന്നും പ്രദേശം മുന്‍സിപ്പാലിറ്റി ആവുന്നതിന് മുന്‍പ് പഞ്ചായത്തായിരുന്ന സമയത്ത് പട്ടയം നല്‍കിയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ നിയമപരമായ തടസ്സം ഉണ്ടാകുമായിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വിഷയം മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാന്‍ ഉത്തരവിട്ടത്.തുടര്‍ന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ വിഷയം പരിഗണിക്കുകയും മൊറാഴ നിവാസികളുടെ ദീര്‍ഘ കാലത്തെ സ്വപ്നം സാക്ഷാത്ക്കരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News