
മീൻ വാങ്ങിയാൽ കറിവെച്ചും പൊരിച്ചും വറുത്തും വരട്ടിയുമൊക്കെ കഴിക്കാറില്ലേ നമ്മൾ. മീൻ വിഭവങ്ങളോട് പ്രത്യേക ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. അങ്ങനെയുള്ളവരുടെ ഫേവറിറ്റാകാൻ പോകുന്ന ഒരു റെസിപ്പിയാണ് ഇനി പറയുന്നത്.
നല്ല പൊരിച്ച മീനിന്റെ റെസിപ്പി. ഇനി മീൻ വാങ്ങിയാൽ ഈ രീതിയിലൊന്ന് ഫ്രൈ ചെയ്തുനോക്കൂ, ഇഷ്ടമില്ലാത്തവർ പോലും കഴിച്ചുപോകുമെന്നുറപ്പ്.
ആവശ്യമായ സാധനങ്ങൾ
- മീൻ: ½ കിലോ (നെയ്മീൻ, ആവോലി, കരിമീൻ, അയല എന്നിങ്ങനെ ഏത് മീനും നിങ്ങൾക്കെടുക്കാം)
- മുളകുപൊടി: 1½ – 2 ടേബിൾ സ്പൂൺ (എരിവ് അനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാം)
- മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ
- കുരുമുളക് പൊടി: 1 ടീസ്പൂൺ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1 ടേബിൾ സ്പൂൺ
- പെരുംജീരകം പൊടി: ½ ടീസ്പൂൺ
- നാരങ്ങാനീര്/ വിനാഗിരി
- കറിവേപ്പില: രണ്ട് തണ്ട്
- ഉപ്പ് (ആവശ്യത്തിന്)
- വെളിച്ചെണ്ണ (വറുക്കാൻ ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
ഒരു പാത്രമെടുത്ത് അതിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പെരുംജീരകം പൊടി, ഉപ്പ് ഒപ്പം അൽപം നാരങ്ങാനീരോ വിനാഗിരിയോ ചേർത്ത് നല്ല കട്ടിയുള്ള പേസ്റ്റാക്കുക. അല്പം വെള്ളം കൂടി ചേർക്കാം.
ALSO READ: മൈദയും വേണ്ട, ഓവനും വേണ്ട! ബേക്കറി രുചിയിൽ മുട്ട പഫ്സ് വീട്ടിലുണ്ടാക്കാം
ശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കഷ്ണങ്ങളിൽ ഈ മസാല നന്നായി തേച്ചുപിടിപ്പിക്കുക. മീൻ കഷ്ണങ്ങളിൽ വരകളിടാൻ മറക്കരുത്. ഈ വരകൾക്ക് ഉള്ളിലേക്കും മസാല തേക്കണം. ശേഷം 30 മിനിറ്റ് എങ്കിലും റെസ്റ്റ് ചെയ്യാനായി വെക്കാം. ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് കുറച്ചുകൂടി നല്ലത്.
ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച്, കറിവേപ്പില ഇടാം. ശേഷം മസാല പുരട്ടി വെച്ച മീൻ കഷ്ണങ്ങളുമിട്ട് വറുക്കാം. ഒരു വശം നന്നായി മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ട് മറുവശവും പൊരിക്കാം. രണ്ടു വശവും നല്ല രീതിയിൽ മൊരിഞ്ഞുകഴിഞ്ഞാൽ പാനിൽ നിന്നും മാറ്റാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

