
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് സര്‍വകലാശാല വൈസ് ചാന്‍സലർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ ആർഎസ്എസ് ചിത്രം പ്രദർശിപ്പിച്ചതിനെതിരെ നിലപാടെടുത്തതിലുള്ള പ്രതികാര നടപടി. രജിസ്ട്രാർക്ക് വീഴ്ചയുണ്ടായെന്നാണ് വൈസ് ചാൻസലർ മോഹനൻ കുന്നമ്മൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. വേദിയിൽ ഉപയോഗിച്ച മതചിഹ്നം ഏതാണെന്ന് വ്യക്തമല്ലെന്ന വിചിത്രവാദവും ഉത്തരവിലുണ്ട്.
രജിസ്ട്രാർക്കെതിരെ നടപടി സ്വീകരിക്കാൻ വി സിക്ക് നിയമപരമായി അധികാരമുണ്ടോ എന്നതാണ് ചോദ്യം. യഥാർത്ഥത്തിൽ സെനറ്റ് ഹാൾ ദുരുപയോഗപ്പെടുത്തിയതിന് എതിരെയല്ലേ രജിസ്ട്രാർ നടപടിയെടുത്തത്. കാവിക്കൊടി പിടിച്ച സ്തീയുടെ ചിത്രത്തെ മനിച്ചില്ലെന്നാണ് ഒരു ആരോപണം. ഭരണഘടന തന്നെ ആ ചിത്രത്തെ അംഗീകരിച്ചിട്ടില്ല. ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നത് കഷ്ടമാണ്. ഗവർണറുടെ സമ്മർദത്തിന് വഴങ്ങി തന്നെയാണ് ആർഎസ്എസ് സംഘടനയ്ക്ക് അനുകൂലമായി വി സിയുടെ ഉത്തരവെത്തിയത്.
സര്‍വകലാശാല വൈസ് ചാന്‍സലറിന്‍റെ നടപടി ചട്ടവിരുദ്ധമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. മന്ത്രി വി ശിവൻകുട്ടിയും കടുത്ത ഭാഷയിലാണ് വിസി നടപടിയെ വിമർശിച്ചത്.
അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് പ്രശ്നങ്ങളുടെ തുടക്കം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു മുഖ്യാതിഥി. 26 മാനദണ്ഡങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിസിയുടെ നിര്‍ദേശ പ്രകാരം രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നല്‍കിയത്. കരാർപ്രകാരം ഹാളില്‍ മതപരമായ ചിഹ്നങ്ങളോ ആചാരങ്ങളോ നടത്താന്‍ പാടില്ല. എന്നാല്‍ പരിപാടിക്ക് മുന്നോടിയായി സംഘാടകര്‍ ഹാളില്‍ സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രം ഉപയോഗിച്ചു. വേദിയിലെത്തിയ ഗവർണർ ചിത്രത്തിനുമുന്നിൽ വിളക്ക് കത്തിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് എസ്എഫ്ഐ നടത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ഓഫിസറും പിആർഒയും വിഷയം രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെടുത്തി. സെനറ്റ് ഹാളിലെത്തിയ രജിസ്ട്രാർ ചിത്രം എടുത്തുമാറ്റണമെന്നും അല്ലാത്ത പക്ഷം പരിപാടി നടത്താൻ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാൽ പരിപാടിയുമായി സംഘാടകർ മുന്നോട്ടുപോകുകയായിരുന്നു. ഇതോടെ എസ്എഫ്‌ഐ പ്രതിഷേധം ശക്തിയാക്കി.
സെനറ്റ് ഹാളിലെ ചിത്രം സംഘർഷത്തിന് കാരണമാകുമെന്നും അതിനാൽ മാറ്റണമെന്നുമാണ് രജിസ്ട്രാർ നിർദേശിച്ചത്. എന്നാൽ കാവിക്കൊടി പിടിച്ച സ്ത്രീയുടെ ചിത്രം മതപരമായ ചിഹ്നമല്ലെന്ന് സ്ഥാപിക്കാനാണ് വി സിയുടെ ശ്രമം. സംസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. അത് ആരെ പ്രീതിപ്പെടുത്താനാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ മതനിരപേക്ഷതയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെ എടുത്ത ഈ പ്രതികാര നടപടിക്കെതിരെ കേരളം മൗനം പാലിക്കുമെന്നാണോ ചാൻസലറും വൈസ് ചാൻസലറും കരുതിയത്?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

