
കേരള ഗവര്‍ണറും സര്‍വകലാശാല ചാന്‍സലറുമായ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള സര്‍വകലാശാലയുടെ സെനറ്റിലേക്ക് ജന്മഭൂമി ദിനപത്രം മാധ്യമപ്രവര്‍ത്തകന്‍ എം സതീശനെ നിയമിച്ച നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് എസ് എഫ് ഐ. ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിന്റെ സര്‍വകലാശാലകളെ കാവിവത്കരിക്കാന്‍ ആര്‍ എസ് എസ് നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള അനധികൃത നിയമനം ഗവര്‍ണര്‍ തന്നെ നടത്തിയിട്ടുള്ളത്.
ഇതിനു മുന്‍പും രാഷ്ട്രീയ ലാഭം നേടാനും സംഘപരിവാര്‍ താത്പര്യത്തെ സംരക്ഷിക്കാനും വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുമുള്ള മുന്‍ ചാന്‍സലറുടെ നീക്കങ്ങള്‍ കേരളീയ പൊതുസമൂഹം കണ്ടിട്ടുള്ളതാണ്. സര്‍വകലാശാല പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കാനും സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒളിച്ചുകടത്താനുമുള്ള ആര്‍ എസ് എസ് നീക്കവും ചാന്‍സലറുടെ അമിതാധികാര പ്രവണതകളും നമുക്ക് അനുഭവമുള്ളതാണ്. അതിനെതിരെയുള്ള ഉജ്ജ്വലമായ സമരപ്രക്ഷോഭങ്ങള്‍ എസ് എഫ് ഐ കേരളത്തിലെമ്പാടും ഏറ്റെടുത്തിട്ടുണ്ട്.
സംഘപരിവാര്‍ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുമുള്ള നീക്കങ്ങള്‍ ഏതറ്റം വരെയും എസ് എഫ് ഐ പ്രതിരോധിക്കും. കേരളത്തിന്റെ സര്‍വകലാശാലകളുടെ മതനിരപേക്ഷ ബോധ്യത്തെയും അക്കാദമിക് നിലവാരത്തെയും തകര്‍ക്കാനുള്ള ആര്‍ എസ് എസ് സംഘടിത നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും നിലവില്‍ നടത്തിയിട്ടുള്ള അനധികൃത നിയമനം മരവിപ്പിച്ചില്ലെങ്കില്‍ കരുത്തുള്ള സമരപ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങുമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here