
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെതിരെ കേരള സർവകലാശാല ആസ്ഥാനത്ത് എസ് എഫ് ഐ ബാനർ ഉയർത്തും. ചാൻസിലറുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെയാണ് ബാനർ ഉയർത്തുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. മഹാത്മാ ഗാന്ധിയുടെയും, അംബേദ്കറുടെയും ചിത്രം ഉയർത്തിയുള്ള പ്രതിഷേധമാകും എസ്എഫ്ഐ നടത്തുക. സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പും ഇന്ന് നടക്കും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാനാണ് ഗവർണർ എത്തുന്നത്. സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവ ഗവർണർ ഇതുവരെ ഒപ്പു വെച്ചിട്ടില്ല. ബിൽ രാഷ്ട്രപതിക്ക് അയക്കുമോ എന്ന കാര്യത്തിലും ഗവർണർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സർവകലാശാലകളുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ ചാൻസലർക്കെതിരായ ഹൈക്കോടതി വിധി നിലനിൽക്കെ ഇന്നു നടക്കുന്ന യോഗത്തിലെ ഗവർണറുടെ നിലപാട് നിർണായകമാകും.
ALSO READ: വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടത്: എം. സ്വരാജ്
അതേസമയം കേരള സർവകലാശാല സിൻഡിക്കറ്റിലെ വിദ്യാർഥി പ്രതിനിധിയെ തെരഞ്ഞെടുക്കാനുള്ള വോട്ടിങ് ഇന്നു നടക്കും. രാവിലെ 8.30 മുതൽ 10 വരെയാണ് വോട്ടെടുപ്പ്. പകൽ ഒന്നിന് ഫല പ്രഖ്യാപനം നടക്കും. എസ്എഫ്ഐക്കുവേണ്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയും തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയുമായ വൈഭവ് ചാക്കോയാണ് മത്സരിക്കുന്നത്. കെഎസ്-യു പ്രതിനിധി മുഹമ്മദ് ഷിനാസ് ബാബുവും മത്സരിക്കുന്നുണ്ട്. സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത എബിവിപി സ്ഥാനാർഥിയുടെ പട്ടിക സ്ക്രൂട്ടണിയിൽ തള്ളിയിരുന്നു. തെരഞ്ഞെടുപ്പിൽ ചാൻസിലറും ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും വോട്ട് രേഖപ്പെടുത്തിയേക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here