
ഇന്ത്യയിൽ ആദ്യമായി ശാസ്ത്ര സാങ്കേതിക നയം രൂപീകരിച്ചത് കേരളം തന്നെയെന്ന് കേന്ദ്ര സർക്കാർ മറുപടി. സിപിഐ രാജ്യസഭ എം പി പി സന്തോഷ് കുമാറിന്റെ ചോദ്യത്തിന് കേന്ദ്ര സഹ മന്ത്രി ജിതേന്ദ്ര സിംഗാണ് മറുപടി നൽകിയത്.
2022 ജൂലൈയിൽ ഇതേ ചോദ്യം ഉന്നയിച്ചപ്പോൾ ലഭിച്ച മറുപടി ഗുജറാത്ത് എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ സി അച്യുതമേനോൻ മുഖ്യമന്ത്രിയായിരിക്കെ 1974 ൽ തന്നെ കേരളം ഒരു ശാസ്ത്ര സാങ്കേതിക നയം രൂപീകരിച്ച് പ്രവർത്തിച്ചു പോന്നിരുന്നു. അന്ന് നൽകിയ ചരിത്രവിരുദ്ധമായ മറുപടി ഇപ്പോൾ കേന്ദ്ര സർക്കാർ തിരുത്തി പറഞ്ഞിരിക്കുകയാണ്.
സത്യം അവർ തുറന്നു പറഞ്ഞുവെങ്കിലും പരസ്പര വിരുദ്ധമായ രണ്ട് മറുപടികൾ ഒരേ ചോദ്യത്തിന് രണ്ട് കാലയളവിലായി ലഭിക്കുന്നത് പാർലമെന്റിന്റെ ശോഭയ്ക്കും വിശ്വസ്തതയ്ക്കും ഏൽക്കുന്ന കളങ്കമാണെന്ന് പി സന്തോഷ് കുമാർ എം പി ചൂണ്ടികാട്ടി. വിവിധ സമ്മേളനങ്ങളിൽ എത്രത്തോളം തെറ്റായ മറുപടികളാണ് കേന്ദ്രം നൽകിയിട്ടുണ്ടാകുകയെന്നത് ഗൗരവകരമാണ്. ലോക് സഭയിലും രാജ്യസഭയിലും ലഭിക്കുന്ന മറുപടികൾ കുറ്റമറ്റതും ചരിത്രത്തോട് നൂറു ശതമാനം നീതി പുലർത്തുന്നവയാകണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിൽ പിന്നെ മനസില്ലാമനസോടെ നൽകുന്ന ഉത്തരങ്ങൾ സത്യസന്ധമാണോ എന്ന് സമാജികർ പരിശോധിക്കേണ്ട അവസ്ഥയാണെന്നുംഅദ്ദേഹം കൂട്ടിചേർത്തു. പരസ്പര വിരുദ്ധമായ രണ്ട് മറുപടികൾ ഒരേ ചോദ്യത്തിന് ലഭിക്കുന്ന ഗുരുതരമായ സാഹചര്യം ചർച്ച ചെയ്യാൻ 60ാം റൂൾ പ്രകാരം അദ്ദേഹം നോട്ടീസ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here