
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിനെ പൂരപ്പറമ്പാക്കിയ സസംസ്ഥാന യുവജന കലോത്സവത്തിന് കൊടിയിറക്കം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. കുട്ടിക്കൂട്ടത്തെ ആവേശത്തിലാക്കി നടൻ മോഹൻലാൽ മുഖ്യാതിഥിയായി. തൃശൂരിലെ ജനങ്ങൾ കലോത്സവത്തെ ഏറ്റെടുത്ത് വൻ വിജയമാക്കിയതായി പറഞ്ഞ വിഡി സതീശൻ മന്ത്രി വി ശിവന്കുട്ടിയെയും ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.
കലോത്സവ ചട്ടം ഭേദഗതി ചെയ്തുകൊണ്ട് രോഗബാധ കൊണ്ട് മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന സിയ ഫാത്തിമക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിലാണ് മന്ത്രിയെ അദ്ദേഹം വേദിയിൽ വച്ച് അഭിനന്ദിച്ചത്. മാനവികതയുടെയും മനുഷ്യത്വത്തിന്റെയും മുമ്പിൽ മാറ്റാനാകാത്ത നിയമങ്ങളും ചട്ടങ്ങളുമില്ലെന്നും രോഗാവസ്ഥക്ക് മുന്നിൽ കീഴടങ്ങാതെ ഓൺലൈനായി പങ്കെടുത്ത സിയാ ഫാത്തിമയിലൂടെ ചരിത്രം കുറിച്ച കലോത്സവമാണ് ഇത്തവണത്തേതെന്നും മന്ത്രി കെ രാജൻ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു.
ALSO READ; കല ‘കല’ക്കി കണ്ണൂർ; സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കണ്ണൂരിന്
മോഹൻലാൽ സംസാരിക്കാനെത്തിയതോടെ വേദി ഇളകി മറിഞ്ഞു. തന്റെ വേഷവിധാനത്തെക്കുറിച്ച് വലിയ ചർച്ചകൾ നടന്നിരുന്നുവെന്നും, എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിലാണ് താൻ ഖദർ ധരിച്ച് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഖദറിനൊപ്പം കുട്ടികൾക്കായി കുറച്ച് മീശയും പിരിച്ചിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകൾ വൻ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
കലോത്സവങ്ങൾ കേവലം പ്രകടനങ്ങൾക്കുള്ള വേദിയല്ല, മറിച്ച് കുട്ടികൾക്ക് കൂട്ടായ്മയുടെയും സാമൂഹ്യപാഠങ്ങളുടെയും കേന്ദ്രമാണെന്നും, വ്യക്തിത്വത്തിൽ ആത്മവിശ്വാസം വളർത്താൻ ഇത് സഹായിക്കുമെന്നും മോഹൻലാൽ പറഞ്ഞു. സമ്മാനങ്ങൾ ലഭിക്കാത്തവർ നിരാശപ്പെടേണ്ടതില്ലെന്നും, പാഠപുസ്തകങ്ങൾ നൽകുന്നതിനേക്കാൾ വലിയ ജീവിതാനുഭവങ്ങൾ കലോത്സവങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തവര്‍ഷം മുതൽ കലോത്സവ നടത്തിപ്പിൽ കാതലായ മാറ്റമുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ സ്കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന കലോത്സവങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

