
ആ രാത്രിയുടെ കോരിച്ചൊരിയുന്ന മഴയിൽ പെട്ടന്നൊരു ശബ്ദം. ആളുകൾ ഉണരും മുൻപേ പലരുടെയും ജീവനും കൊണ്ട് പുഞ്ചിരിമട്ടം-അട്ടമല-മുണ്ടക്കൈ-ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ പുന്നപ്പുഴയിലൂടെ ഒഴുകിയെത്തി. അന്ന് പലരുടെയും ഉറ്റവരും മണ്ണിനടിയിലായി. സ്വന്തം അച്ഛനെയും, അമ്മയെയും കൂടെ പിറന്ന അനിയത്തിയേയും, മറ്റ് ബന്ധുക്കളെയും നഷ്ടപ്പെട്ട ഒരു പെൺകുട്ടി അവിടെ ഉണ്ടായിരുന്നു, ശ്രുതി. ഏതാണ്ട് എട്ട് വർഷം കൊണ്ട് പൂർത്തിയാക്കിയതാണ് ശ്രുതിയുടെ വീട്. അവളുടെ അച്ഛന്റെയും അമ്മയുടെയും ഒക്കെ ഏറ്റവും വലിയ ആഗ്രഹം തന്നെയായിരുന്നു സ്വന്തമായി ഒരു വീട്. ആ വീടാണ് അന്ന് ഒറ്റ രാത്രിയിൽ ഇല്ലാതായത്.
ഉരുൾപ്പൊട്ടിയ രാത്രിയും അവൾ എന്നും അമ്മയെ വിളിക്കാറുള്ളത് പോലെ വിളിച്ചിരുന്നു. വെള്ളം കയറുന്നു എന്ന് മാത്രമാണ് അമ്മ പറഞ്ഞത്. പ്രശ്നം ഉണ്ടെങ്കിൽ മാറണം എന്ന് അവൾ അമ്മയോട് പറയുമ്പോഴും വലിയ പ്രശ്നം ഇല്ലെന്നാണ് അവർ പറഞ്ഞത്. പിന്നെ അവൾ കേട്ടത് ആ വാർത്തയാണ്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ മാത്രമാണ് ശ്രുതി ജീവനോടെ രക്ഷപ്പെട്ടത്. ഉരുൾപൊട്ടിയപ്പോൾ അവരുടെ ജീവനും സ്വപ്നവുമായിരുന്നു ഒലിച്ച് പോയത്. അന്ന് അവൾ ഒരുപാട് കരഞ്ഞു, പക്ഷെ അവളുടെ കൈ പിടിക്കാൻ, കണ്ണീരൊപ്പാൻ ശ്രുതിയുടെ കൂടെ അവളുടെ സ്വന്തം ജെൻസൺ ഉണ്ടായിരുന്നു.
Also read: നിറയെ സ്വപ്നങ്ങളുമായി കളിച്ചുചിരിച്ച് പഠിച്ച ആ 33 പേർ; ഓർമകളിൽ വിതുമ്പി അധ്യാപകർ
ജെൻസന്റെ ചിരിയിലായിരുന്നു അവൾ ഒറ്റപ്പെടലിന്റെ വേദന, ഉറ്റവരുടെ വേർപാട് എന്നിവ കുറച്ച് സമയത്തേക്കെങ്കിലും മറന്നത്. ഉരുൾപ്പൊട്ടലിന്റെ ദുരന്തത്തിൽ നിന്ന് അവൾ കരകയറി ജീവിതത്തിലേക്ക് ജെൻസന്റെ കൈ പിടിച്ച് നടന്ന് തുടങ്ങിയ സമയത്താണ് അവൾക്ക് അവനെയും നഷ്ടപ്പെടുന്നത്. വാഹനാപകടത്തിൽ ശ്രുതിയെയും തനിച്ചാക്കി ജെൻസൺ എന്നന്നേക്കും യാത്രയായി. എന്നിട്ടും അവൾ ആത്മധൈര്യത്തോടെ ജീവിതത്തിലേക്ക് നടന്ന് നീങ്ങി.
സർക്കാരും, മലയാളികളും അവളെ തനിച്ചാക്കിയില്ല. സ്വന്തം കുടുംബത്തിലെ ഒരു പെൺകുട്ടി എന്നോണം എല്ലാവരും അവളുടെ കൂടെ തന്നെ നിന്നും. സർക്കാർ ശ്രുതിക്ക് റവന്യു വകുപ്പിൽ ജോലി നൽകി ചേർത്ത് നിർത്തി. ജീവിക്കാൻ അവളിൽ ഉണ്ടായിരുന്ന അവസാനത്തെ തിരി പതിയെ കത്താൻ തുടങ്ങി. ഉറ്റവരും ഉടയവരേയും നഷ്ടപ്പെട്ടപ്പോൾ അവൾ അനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, എന്നിരുന്നാലും ആ വേദനയ്ക്ക് ഒക്കെ കുറച്ച് ആശ്വാസം നൽകുന്നതായിരുന്നു സർക്കാർ ജോലി.
കേരളത്തിൽ അവൾ ഒരിക്കലും തനിച്ചാകില്ല. പ്രതിസന്ധികളിലും, വേദനകളിലും ഒക്കെ അവളെ അച്ഛന്റെ സ്നേഹത്തോടെ, ഒരു അമ്മയുടെ വാത്സല്യത്തോടെ ചേർത്ത് നിർത്താൻ മലയാളികൾ കാണും, എന്നും എപ്പോഴും. അതാണ് കേരളം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

