
ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയിൽ പൊലീസ് ജീപ്പും, ബൈക്കും, കെഎസ്ആർടിസി ബസും ഉൾപ്പെട്ട അപകടത്തിൽ യുവാവിന് ഗുരുതര പരുക്ക്. നന്ദിയോട് ആലുംമൂട് സ്വദേശി നിഖിലിന്റെ (22) ഇരു കാലുകളിലൂടെയുമാണ് കെഎസ്ആർടിസി ബസ് കയറിയിറങ്ങിയത്.
ബുധനാഴ്ച രാത്രി ഏഴരയോടെ സംഭവം നടന്ന്. മടത്തറ ചല്ലിമുക്കിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ഡ്യൂട്ടി കഴിഞ്ഞ് നെടുമങ്ങാട് ഭാഗത്തേക്ക് മടങ്ങുകയായിരുന്നു പോലീസ് ജീപ്പ്. ഈ പോലീസ് ജീപ്പിന് തൊട്ടുപിന്നിലായാണ് നിഖിൽ ബൈക്കിൽ വന്നത്. ഇളവട്ടത്തിനും കുറുപുഴയ്ക്കും ഇടയിൽ വെച്ച് പോലീസ് ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടു. ജീപ്പിലിടിക്കാതിരിക്കാൻ നിഖിൽ ബൈക്ക് വലതുവശത്തേക്ക് വെട്ടിച്ചെങ്കിലും ഹാൻഡിൽ ജീപ്പിൽ തട്ടി ബൈക്ക് മറിഞ്ഞു. ഈ സമയം എതിരെ തിരുവനന്തപുരത്തുനിന്നും കുളത്തൂപ്പുഴയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസിനടിയിലേക്ക് നിഖിൽ തെറിച്ചുവീഴുകയും മുൻചക്രം കാലുകളിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
ബൈക്ക് പൊലീസ് ജീപ്പിൽ തട്ടിയിട്ടില്ലെന്നാണ് പോലീസിന്റെ വാദം. എന്നാൽ പൊലീസ് ജീപ്പ് ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതിനെത്തുടർന്നാണ് ബൈക്ക് അപകടത്തിൽ പെട്ടെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
Also read : ‘ലോക മലയാളിയുടെ വേദി’: അഞ്ചാം ലോക കേരള സഭയ്ക്ക് ഉജ്ജ്വല തുടക്കം; വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി
അപകടത്തിന് പിന്നാലെ നിഖിലിനെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


