
അഭിമന്യുവധക്കേസുമായി ബന്ധപ്പെട്ട് കുടുംബം കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയെന്ന മനോരമ വാര്‍ത്ത പച്ചക്കള്ളമെന്ന് കുടുംബം. മനോരമയ്ക്ക് വാര്‍ത്ത എവിടെ നിന്ന് ലഭിച്ചുവെന്ന് അറിയില്ലെന്ന് സഹോദരന്‍ പരിജിത്ത് കൈരളി ന്യൂസിനോട് പറഞ്ഞു. അഭിമന്യുവിന്റെ മാതാപിതാക്കള്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് കേസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് മനോരമയുടെ വാര്‍ത്തയില്‍ പറയുന്നത്. ഈ വാര്‍ത്ത കഴിഞ്ഞ 25-ആം തീയതി എല്ലാ ജില്ലകളുടെ എഡിഷനുകളിലും വന്നിരുന്നു. ഇടുക്കി ജില്ലയില്‍ ആറു കോളം വാര്‍ത്തയായിട്ടാണ് ഇത് പ്രസിദ്ധീകരിച്ചത്. ‘അഭിമന്യു വധം കേന്ദ്ര ഏജന്‍സികളുടെ സഹായം തേടി മാതാപിതാക്കള്‍’ എന്നായിരുന്നു പ്രധാന തലക്കെട്ട്.
ഈ വാര്‍ത്ത പച്ചക്കള്ളമാണെന്ന് പറഞ്ഞ അഭിമന്യുവിന്റെ സഹോദരന്‍ അത്തരത്തില്‍ ഒരു ആവശ്യം കുടുംബം സുരേഷ് ഗോപിയോട് ഉന്നയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ‘കലുങ്ക് സൗഹൃദ സംവാദ’ത്തിന്റെ ഭാഗമായി വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടില്‍ സന്ദര്‍ശനത്തിനായി സുരേഷ് ഗോപി എത്തിയിരുന്നു. മനോരമയുടെ വാര്‍ത്തയില്‍, സുരേഷ് ഗോപിയെ അഭിമന്യുവിന്റെ പിതാവ് മനോഹരന്‍, മാതാവ് ഭൂപതി, സഹോദരന്‍ പരിജിത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു എന്ന് എഴുതിയിരുന്നു. എന്നാല്‍, സുരേഷ് ഗോപി വീട്ടിലെത്തിയ സമയത്ത് അമ്മ ഭൂപതി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. താനോ അച്ഛനോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.
വീട്ടിലേക്ക് ഒരാള്‍ കയറി വരുമ്പോള്‍ സ്വാഭാവികമായി കാണിക്കുന്ന ഒരു മര്യാദ മാത്രമാണ് അമ്മ സ്വീകരിച്ചതെന്നും പരിജിത്ത് പറയുന്നു. സുരേഷ് ഗോപി ഇതിനു മുന്‍പും രണ്ടു തവണ വീട്ടില്‍ വന്നിട്ടുണ്ട്. അമ്മക്ക് കേന്ദ്ര അന്വേഷണ ഏജന്‍സി എന്നൊരു വാക്ക് പോലും പറയാന്‍ അറിയില്ലെന്നും പരിജിത്ത് കൈരളിന്യൂസിനോട് പറഞ്ഞു.
എല്ലാ കാലഘട്ടത്തിലും സിപിഐഎം അഭിമന്യുവിന്റെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹത്തിന്റെ കാര്യത്തിലായാലും, അവര്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്ന കാര്യത്തിലായാലും, ഇടുക്കി ജില്ലാ കമ്മിറ്റി സ്വരൂപിച്ച പണം അവരുടെ സംരക്ഷണത്തിനായി മൂന്നാറ് സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച കാര്യത്തിലായാലും സിപിഐഎം എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്.
ഇല്ലാത്ത വാര്‍ത്തകള്‍ കൊടുത്തുകൊണ്ട് ഇടതുപക്ഷ സര്‍ക്കാരിനെ നശിപ്പിച്ചു കളയാം എന്ന ഗൂഢലക്ഷ്യം മാത്രമാണ് ഇത്തരത്തിലുള്ള നുണപ്രചരണങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും പിന്നില്‍. മലയാള മനോരമ അഭിമന്യു മരിച്ച സമയത്തും ആ കുടുംബത്തെ വേദനിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. അഭിമന്യു കേസ് നിലവില്‍ ഹൈക്കോടതിയിലാണ് ഇരിക്കുന്നത്. കൃത്യമായി പ്രോസിക്യൂട്ടറെ നിയമിച്ചുകൊണ്ട് കേസിന്റെ കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ട് പോകുകയാണെന്ന് സഹോദരന്‍ പരിജിത്ത് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

