
സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. ഒ. ജെ ജനീഷിനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചതിൽ ഐ ഗ്രൂപ്പിലടക്കമുള്ളവർ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തുന്നത്.
ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള അബിൻ വർക്കിയുടെ മാധ്യമങ്ങളോടായുള്ള പ്രതികരണം. തനിക്ക് ദേശീയ സെക്രട്ടറിയാകാൻ താല്പര്യമില്ലെന്നും കേരളത്തിൽ തുടർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹം എന്നും അബിൻ വർക്കി വ്യക്തമാക്കി. ദേശീയ സെക്രട്ടറി പദവിയിൽ നിന്നും ഒഴിവാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും നേതൃത്വം എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കും എന്നും അബിൻ വർക്കി പറഞ്ഞു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ച ഒഴിവിൽ വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയെ പരിഗണിക്കുമെന്നായിരുന്നു പൊതുവിൽ കരുതപ്പെട്ടിരുന്നത്. രമേശ് ചെന്നിത്തല അബിൻ വർക്കിക്കായി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു. എന്നാൽ അബിനെ പൂർണ്ണമായും തഴഞ്ഞ് സതീശൻ പക്ഷക്കാരനായ ഒ ജെ ജനീഷിനെ പ്രസിഡൻ്റായും കെ.സി വേണുഗോപാലിൻ്റെ അടുപ്പക്കാരനായ ബിനു ചുള്ളിയിലിനെ വർക്കിംഗ് പ്രസിഡൻ്റായും നിയമിച്ചു.
വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും നീക്കിയ അബിൻ വർക്കിക്ക് നൽകിയതാവട്ടെ താരതമ്യേന അപ്രധാന പോസ്റ്റായ ദേശീയ സെക്രടറി സ്ഥാനവും. തന്നെ തഴഞ്ഞതിൽ കടുത്ത അതൃപ്തിയിലാണ് അബിൻ വർക്കി. ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിതരണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപെട്ടതായി അബിൻ വർക്കി അറിയിച്ചു. അതേസമയം മതമാണോ തൻ്റെ അയോഗ്യതയെന്ന് നേതൃത്വം വ്യക്തമാകണമെന്നും അബിൻ വർക്കി ആവശ്യപ്പെട്ടു.
അബിൻ വർക്കിയെ അവഗണിച്ചതിൽ പ്രതിഷേധം കടുപ്പിക്കാനാണ് ചെന്നിത്തലയുടെയും ഐ.ഗ്രൂപ്പിൻ്റെയും തിരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

