
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചു. കേസിൻ്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത തേടുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഏജൻസിയുടെ ഈ നീക്കം. അടുത്ത ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ നടനോട് നിർദ്ദേശിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ജയറാമിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്ന കാര്യമാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.
ശബരിമലയിൽ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഇതിന്റെ മറവിൽ കള്ളപ്പണ ഇടപാടുകളോ അവിഹിതമായ സാമ്പത്തിക കൈമാറ്റങ്ങളോ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി ഇപ്പോൾ അന്വേഷിക്കുന്നത്.
ALSO READ : ശബരിമല സ്വർണ്ണക്കൊള്ള: യു.ഡി.എഫിന് വ്യക്തമായ പങ്ക്; മാധ്യമങ്ങൾ ഇപ്പോൾ മൗനത്തിൽ : എം.വി. ഗോവിന്ദൻ മാസ്റ്റർ
നേരത്തെ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം (SIT) ജയറാമിന് ക്ലീൻചിറ്റ് നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. പ്രതികൾ ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന് സ്വർണ്ണക്കൊള്ളയുമായി ബന്ധമില്ലെന്നുമായിരുന്നു SIT-യുടെ കണ്ടെത്തൽ. ജയറാമിനെ കേസിൽ പ്രധാന സാക്ഷിയാക്കാനായിരുന്നു അന്ന് അന്വേഷണ സംഘം തീരുമാനിച്ചിരുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്ത് വെച്ചാണ് പരിചയപ്പെട്ടതെന്നും ഒരു ഭക്തൻ എന്ന നിലയിലുള്ള ബന്ധം മാത്രമാണ് അദ്ദേഹത്തോടുള്ളതെന്നുമാണ് ജയറാം നേരത്തെ നൽകിയ വിശദീകരണം. പോറ്റിയുടെ നിർദ്ദേശപ്രകാരം കട്ടിളപ്പാളികൾ വീട്ടിൽ കൊണ്ടുവന്ന് പൂജ നടത്തിയിരുന്നു എന്നത് സത്യമാണെങ്കിലും, ഇതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളോ ഇടപാടുകളോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. സംസ്ഥാന ഏജൻസികൾക്ക് പിന്നാലെ കേന്ദ്ര ഏജൻസിയും ഈ കേസിൽ അന്വേഷണം ശക്തമാക്കുന്നത് സിനിമാ-രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

