
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധിയിന്മേൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്ന് വാദം നടക്കും. തുടർന്ന് ഇന്ന് തന്നെയോ അല്ലെങ്കിൽ മറ്റൊരു ദിവസമോ പ്രതികൾക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കും. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ 6 പ്രതികളെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കൂട്ടബലാൽസംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾ ചെയ്തതായാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
പൾസർ സുനിയെ കൂടാതെ രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി വടിവാൾ സലിം, ആറാം പ്രതി പ്രദീപ് എന്നിവരെ വിധി പ്രഖ്യാപനത്തെ തുടർന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നു. എല്ലാ പ്രതികൾക്കും എതിരെ ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഐ ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങി മുഴുവൻ കുറ്റങ്ങളും നിലനിൽക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ. വിധി പകർപ്പ് ലഭിച്ചതിന് ശേഷം നടൻ ദിലീപ് ഉൾപ്പെടെയുള്ള 4 പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും.
2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഓടുന്ന വാഹനത്തില്‍വെച്ച് നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് പ്രതികള്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് പള്‍സര്‍ സുനി ഉള്‍പ്പടെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. നടന്‍ ദിലീപിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു നടിയെ ആക്രമിച്ചതെന്നതിന് തെളിവുകള്‍ ലഭിച്ചതോടെ കേസില്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. ബലാത്സംഗം, ഗൂഢാലോചന തുടങ്ങി 10ലധികം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

