
ഇടുക്കി അടിമാലിയിൽ മണ്ണിനടിയിൽ കുടുങ്ങിയ ദമ്പതികളിൽ ഒരാൾ മരിച്ചു. ഭർത്താവായ ബിജുവാണ് മരിച്ചത്. ഇരുവരും ഇന്നലെ രാത്രി പത്തരയോടെയാണ് മണ്ണിനടിയിൽ കുടുങ്ങിയത്. നീണ്ട 6 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിക്കാൻ ആയത്. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
അടിമാലി ദേശീയപാതയ്‌ക്കു സമീപം കൂമ്പൻപാറയിലാണ് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്. അടിമാലി ലക്ഷം വീടിന് സമീപം 40 അടിയോളം ഉയരത്തിൽ നിന്നും മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. ഇരുനിലവീട് പൂർണമായി തടഞ്ഞു.
അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ബിജുവിനെ പുറത്തെത്തിക്കാൻ കഴിഞ്ഞത്. മണ്ണുമാന്തിയന്ത്രവുമായി അഗ്നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മന്ത്രി റോഷി അഗസ്‌റ്റിൻ, എ രാജ എംഎൽഎ, ജില്ലാകലക്‌ടർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സന്ധ്യയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

