‘സോണിയാ ഗാന്ധിയെ കാണാൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തു, കൂടിക്കാഴ്ചയ്ക്ക് ഞാനുമുണ്ടായി എന്നത് സത്യം’: അടൂർ പ്രകാശ്

ADOOR PRAKASH

സോണിയാ ഗാന്ധിയെ കാണാൻ ശബരിമല സ്വർണമോഷണ കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അപ്പോയിന്റ്മെന്റ് എടുത്തിരുന്നു എന്ന് സമ്മതിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സോണിയാ ഗാന്ധിയെ കാണാൻ താൻ പോയിരുന്നതായും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. സോണിയാ ഗാന്ധിയെ കാണാൻ വേണ്ടി വരുന്ന ദിവസം എംപി എന്നുള്ള നിലയിൽ പോറ്റി തന്നോട് വരാൻ പറയുകയായിരുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് പറഞ്ഞു.

‘സോണിയാ ഗാന്ധിയെ കാണുവാൻ വേണ്ടി പോയി എന്നുള്ളത് സത്യാവസ്ഥയാണ്. അതിൽ സ്വർണക്കൊള്ളയുമായി ബന്ധമുള്ള ഒരു കാട്ടുകള്ളനാണ് എന്നോടൊപ്പം വന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു’- അടൂർ പ്രകാശിന്റെ വാക്കുകളിങ്ങനെ. അതീവ സുരക്ഷ സന്നാഹങ്ങളുള്ള സോണിയാ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അവസരം ഒരുക്കിക്കൊടുത്തതെന്ന് തനിക്കറിയില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്.

മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് പോലും ലഭിക്കാതിരുന്ന കൂടിക്കാഴ്ചാ അവസരം പോറ്റിയെപ്പോലെ ഒരാൾക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യത്തിനും യുഡിഎഫ് കൺവീനർക്ക് കൃത്യമായ മറുപടിയില്ല. ശബരിമല സ്വർണമോഷണം സർക്കാരിനെതിരെ ആയുധമാക്കിയ കോൺ​ഗ്രസിന്റെ സമുന്നതരായ നേതാക്കൾ ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിൽ സോണിയ ​ഗാന്ധിയുടെ കൈയിൽ ഉണ്ണികൃഷ്ണൻ പോറ്റി ചരട് കെട്ടിക്കൊ‌ടുക്കുന്നതും ഉൾപ്പെടും. ഗോവർധനും സോണിയ​ഗാന്ധിയും ആൻ്റോ ആൻ്റണി എംപിയും അടൂർ പ്രകാശും ഒന്നിച്ചുള്ള ചിത്രങ്ങളും ഉണ്ട്.

ALSO READ: “ശബരിമല സ്വർണ്ണക്കൊള്ള; പ്രതികൾക്ക് കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ബന്ധത്തിൽ കോൺഗ്രസ് മറുപടി പറയണം”: മുഖ്യമന്ത്രി

സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കാനും വോട്ടർമാരുടെ കണ്ണിൽ പൊടിയിടാനുമാണ് തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് കോൺ​ഗ്രസ് ശബരിമല സ്വർണ്ണക്കൊള്ളയെ പ്രധാന പ്രചരണ ആയുധമാക്കിയത്. എന്നാൽ പ്രതികളുടെ കോൺ​ഗ്രസ് ബന്ധം പുറത്തുവരുമ്പോൾ പ്രതിപക്ഷ നേതാവും അനുയായിയകളും ഇപ്പോൾ മൗനത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News