
മതം തന്നെയാണ് മുസ്ലിം ലീഗിന്റെ പ്രധാന പ്രചാരണായുധം എന്നതിന് തെളിവുമായി അഡ്വ. സി ഷുക്കൂർ. മതം പറഞ്ഞു തന്നയാണ് ലീഗ് വോട്ട് നേടുന്നതും ജയിക്കുന്നതും എന്ന് വീഡിയോ തെളിവടക്കം പങ്കുവച്ചു കൊണ്ട് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കാസറഗോഡ് മുൻസിപ്പാലിറ്റി ലീഗെങ്ങനെ പിടിച്ചെടുത്തു എന്നതിന്റെ വ്യക്തമായ തെളിവ് എന്ന രീതിയിൽ പങ്കുവച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
കാസർഗോഡ് നഗരസഭയിലെ ലീഗ് സ്ഥാനാർത്ഥിയുടെ വിജയാഘോഷ പരിപടിയിൽ പ്രസംഗിക്കുന്നതിനിടെ പ്രാദേശിക ലീഗ് നേതാവ് നടത്തിയ പരാമർശങ്ങളാണ് വീഡിയോയിൽ ഉള്ളത്. ലീഗ് എല്ലാ ഇസ്ലാമിക ചര്യകളെയും പിൻപറ്റുന്നവരെ മാത്രമേ സ്ഥാനാർഥികളായി നിർത്തുകയുള്ളൂ എന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. ഇത്തരത്തിൽ മതവിശ്വാസം മുറുകെ പിടിക്കുന്ന സ്ഥാനാർഥി ജയിച്ചതിൽ വോട്ടമാർ ഭാഗ്യം ചെയ്തവരാണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്.
കാസർഗോഡ് നഗരസഭയിൽ ചെയർമാനും വൈസ് ചെയർമാനും മുസ്ലിം ലീഗ് മാത്രമാണെന്നും അഡ്വ. സി ഷുക്കൂർ ചൂണ്ടി കാട്ടുന്നുണ്ട്. വൈസ് ചെയർമാൻ കോൺഗ്രസിലെ ഒരാൾക്ക് കൊടുക്കുവാൻ കോൺഗ്രസ് ആവും വട്ടം ആവശ്യപെട്ടിരുന്നു. അങ്ങിനെ നൽകിയാൽ ബിജെപി വളർച്ച തടയുവാൻ കഴിയുമെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. പക്ഷെ മതേതര ലീഗ് അതു കൂട്ടാക്കിയില്ല. മതമാണ് പ്രശ്നം എന്നു പറയുന്ന ലീഗ്, മതത്തിന്റെ അടയാളങ്ങൾ ഉപയോഗിച്ച് അധികാരം പിടിക്കുന്ന കാഴ്ച്ച കാസറഗോഡ് ഒരു വസ്തുത മാത്രമാണെന്നും സി ഷുക്കൂർ കുറിച്ചു.
വീഡിയോ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. അഡ്വ. ഷുക്കൂറിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ‘ഈ കാര്യങ്ങൾ ആരെങ്കിലും തുറന്നു പറഞ്ഞാൽ പറയുന്നവർ വർഗീയവാദി ആവും’ എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. പച്ച വർഗീയത പറഞ്ഞു തന്നെയാണ് ലീഗ് വോട്ട് പിടിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ട് രംഗത്തെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


