‘ആന്റോ ആന്റണിയെത്തേടി ഇഡിയാണോ എസ്ഐടിയാണോ ആദ്യമെത്തുക എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്’: അഡ്വ. കെ എസ് അരുൺ കുമാർ

Adv. KS Arun Kumar against Anto Antony

കോൺഗ്രസ് എംപി ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ എസ് അരുൺ കുമാർ. നാട്ടിലെ വൻകിട തട്ടിപ്പുകാരുടെ ഇടയിൽ വരെ വൻ തട്ടിപ്പ് നടത്തുന്ന മഹാ തട്ടിപ്പ് സംഘമായി കോൺഗ്രസും അതിൻ്റെ നേതാക്കളും മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്​ബുക്കിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അഡ്വ. കെ എസ് അരുൺ കുമാറിന്റെ രൂക്ഷ വിമർശനം. ഇഡി ആണോ എസ്ഐടി ആണോ ആദ്യം ആൻ്റോ ആൻ്റണി എംപിയുടെ വീട്ടിൽ എത്തുക എന്ന് ചോദിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.

തിരുവല്ല ആസ്ഥാനമായുള്ള നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെകുറിച്ച് അദ്ദേഹം വ്യക്തമായി കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപങ്ങൾ കോടിക്കണക്കിന് രൂപ സമാഹരിച്ചശേഷം തിരിച്ചുകൊടുക്കാതെ വഞ്ചിച്ച് വൻ തട്ടിപ്പ് ആണ് ഈ സ്ഥാപനം നടത്തിയതെന്ന് അരുൺ കുമാർ പറഞ്ഞു. ഈ സ്ഥാപനത്തിൻ്റെ തട്ടിപ്പ് മൂലം നിരവധി ആളുകളാണ് ആത്മഹത്യ ചെയ്തതും ഹൃദയം പൊട്ടി മരിച്ചതും. ഇവരുടെ തട്ടിപ്പിന്റെ ഭാഗമായി മക്കളുടെ കല്യാണം മുടങ്ങിയും വീട് ജപ്തി ചെയ്യപ്പെട്ടും പ്രതിസന്ധിയിലായ നിരവധിപ്പേരെ കേരളത്തിലും പുറത്തും കാണാനാകും.

ALSO READ: എംപി വാങ്ങിയ പണം തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവടക്കം ഉപയോഗിച്ചോ എന്ന് വ്യക്തമാക്കണം;മന്ത്രി വി ശിവൻകുട്ടി

ഇതേ സ്വകാര്യ തട്ടിപ്പ് പണമിടപാട് സ്ഥാപനത്തിൽ നിന്ന് രണ്ടുകോടി രൂപ കോൺഗ്രസ് എംപി ആന്റോ ആന്റണി കൈപ്പറ്റിയെന്നാണ് നെടുംപറമ്പിൽ ഉടമ പറഞ്ഞതും ആൻ്റോ ആൻ്റണി അത് സമ്മതിച്ചതും. ആയിരക്കണക്കിന് പട്ടിണി പാവങ്ങളുടെ വിയർപ്പിന്റെ തുകയായി നിക്ഷേപിക്കപ്പെട്ട പണമാണ് കോൺഗ്രസ് നേതാവ് തട്ടിയെടുത്തതെന്ന് അരുൺകുമാർ കുറ്റപ്പെടുത്തി. കോൺഗ്രസ് ഹാൻഡിലുകൾ കേവലം ഇലക്ഷൻ പിരിവെന്ന് പറഞ്ഞ് ഈ സംഭവത്തെ നിസാരമാക്കി എടുക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിലെ നിയമവശങ്ങളും ചൂണ്ടിക്കാട്ടി.

അരുൺ കുമാർ പറയുന്നതിങ്ങനെ: 2019ൽ രാജ്യത്ത് നിലവിൽ ഉണ്ടായിരുന്ന ഇൻകം ടാക്സ് ആക്ടിന്റെ സെക്ഷൻ 269 SS/269 ST പ്രകാരം 20,000 രൂപയിൽ കൂടുതൽ വായ്പ പണം ആയി വാങ്ങാൻ പാടില്ല. 2 ലക്ഷം രൂപയിൽ കൂടുതൽ ക്യാഷ് ട്രാൻസാക്ഷനും പാടില്ല. നെടുംപറമ്പിൽ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 2 കോടി രൂപ ഒറ്റതവണയായി വാങ്ങിയത് വായ്പ ആണെങ്കിലും സംഭാവന ആണെങ്കിലും നിയമത്തിൻ്റെ കണ്ണിൽ തെറ്റാണ്.

ഒരു ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാൻ കഴിയുന്ന തുകയേക്കാൾ എത്ര വലിയ തുകയാണിത്. ആൻ്റോ ആന്റണി എംപി 2019ൽ ഇലക്ഷൻ കമ്മീഷന് കൊടുത്ത തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഈ തുക ഉൾപ്പെട്ടിട്ടില്ല എന്നതും ഗൗരവമുള്ള കാര്യമാണ്. രേഖയില്ലാതെ പണം നൽകി എന്നാണ് സ്ഥാപന ഉടമ പറയുന്നത്. രേഖയില്ലാതെ പണം നൽകുന്ന സ്ഥാപനം ആണെങ്കിൽ രേഖയില്ലാതെ പണം നിക്ഷേപിക്കാനും കഴിയും. രേഖയില്ലാതെ നിക്ഷേപിക്കാൻ കഴിയുന്നത് കൊണ്ടാണ് തന്ത്രി രണ്ട് കോടി ഈ ബാങ്കിൽ നിക്ഷേപിച്ചത്, സമാനമായി രണ്ട് കോടി രേഖയില്ലാതെ ആൻ്റോയും ഭാര്യയും കൈപറ്റിയത്. പണം വാങ്ങി എന്ന് ആൻ്റോ സമ്മതിച്ച സാഹചര്യത്തിൽ ഈ മൊഴി കുറ്റസമ്മതമാണ്.

നെടുംപറമ്പിൽ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ആണ് തന്ത്രിയും പണം നിഷേപിച്ചിരുന്നത് എന്നത് ഈ ഇടപാടിനെ കൂടുതൽ ഗൗരവതരമാക്കുന്നു എന്നും അരുൺ കുമാർ ചൂണ്ടിക്കാട്ടി. വാർത്തകൾ പ്രകാരം ഇത്രയധികം പണം നഷ്ടപ്പെട്ടിട്ടും തന്ത്രി പരാതി നൽകിയില്ല എന്നതും സംശയാപദമാണ്. ബാങ്ക് പൊളിഞ്ഞതിൻ്റെ കാരണം ആൻ്റോ പണം മടക്കി നൽകാത്തതാണോ എന്ന് ഉടമ വ്യക്തമാക്കിയിട്ടില്ല. ബഡ് ആക്ടി‌ൻ്റെ പ്രിവ്യൂവിൽ വരുന്ന കേസാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ തട്ടിപ്പിന്റെ പേരിൽ സംസ്ഥാനത്തിനകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആ കേസിന്റെ ഭാഗമായി നെടുംപറമ്പിൽ ഉടമയും ബന്ധുക്കളും സ്ഥാപന സ്റ്റാഫ് ഉൾപ്പെടെ നിരവധി ആളുകൾ മാസങ്ങളോളം ജയിൽവാസം അനുഭവിച്ചതുമാണെന്നും അദ്ദേഹം പറഞ്ഞു. തുക മടക്കി കൊടുത്തു എന്നാണ് ആൻ്റോ അവകാശപ്പെടുന്നതെങ്കിൽ അതിനുള്ള സോഴ്സ് ഓഫ് ഇൻകം എന്താണെന്നും ഏതു ബാങ്ക് അക്കൗണ്ട് വഴിയാണ് ആ പണം തിരികെ നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: ആൻ്റോ ആൻ്റണി രണ്ട് കോടി വാങ്ങിയെന്ന രാജുവിൻ്റെ വെളിപ്പെടുത്തൽ;കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം:എംവി ​ഗോവിന്ദൻ മാസ്റ്റർ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ ഭാഗമായിട്ടായിരിക്കാം തന്ത്രി രണ്ടുകോടി രൂപ നെടുംപറമ്പിൽ ചിറ്റ്സിൽ നിക്ഷേപിച്ചതെന്ന് അഡ്വ. കെ എസ് അരുൺകുമാർ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു ക്രിമിനൽ കുറ്റകൃത്യത്തിന്റെ ഭാഗമായി തന്ത്രി ഉണ്ടാക്കി നിഷേധിച്ച പണം യാതൊരു രേഖയും ഇല്ലാതെ കോൺഗ്രസ് എംപി ആൻ്റോ ആന്റണി നെടുംപറമ്പിൽ ചിറ്റ്സിൽ നിന്നും കൈപ്പറ്റുന്നു. അത് കൈപ്പറ്റി എന്ന് അദ്ദേഹം സമ്മതിക്കുന്നു. ആന്റോ ആൻറണി എംപിയുടെയും അടൂർ പ്രകാശ് എംപിയുടെയും സ്വർണ്ണക്കൊള്ള കേസിലെ പ്രതികളുമായിട്ടുള്ള മുൻകാല ബന്ധവും, ഈ കേസ് പുറത്തുവന്നതിനുശേഷം ഉള്ള നുണപ്രചരണവും ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയ ഗാന്ധിയുടെ No.10 ജൻപഥിൽ എത്തിച്ചതും എല്ലാം കൂട്ടി വായിക്കുമ്പോൾ ഇഡിയാണോ ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം ആണോ ഇനി ഏറ്റവും ആദ്യം ആൻ്റോ ആന്റണിയുടെ വീട്ടിലെത്തുക എന്നത് മാത്രമാണ് ഇനി അറിയാനുള്ളതെന്നും അഡ്വ. കെ എസ് അരുൺ കുമാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News