
വി ഡി സതീശന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവാണെന്നും എങ്ങനെയാണ് ഒരു രാഷ്ട്രീയ നേതാവിന് ഇങ്ങനെ നുണ പറയാന്‍ കഴിയുന്നതെന്നും ചോദിച്ച് സിപിഐഎം നേതാവ് അഡ്വ. കെ. എസ് അരുണ്‍ കുമാര്‍.
എത്ര വലിയ കള്ളമാണ് പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നതെന്നും സതീശനേക്കാള്‍ യോഗ്യതയുള്ള ഒരു പ്രതിപക്ഷ നേതാവിനെ ലഭിക്കാന്‍ കേരളത്തിന് അര്‍ഹതയില്ലേ എന്നും അഡ്വ. കെ. എസ് അരുണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എങ്ങനെയാണ് ഒരു രാഷ്ട്രീയ നേതാവിന് ഇങ്ങനെ നുണ പറയാൻ കഴിയുന്നത്?
അതും ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാൾക്ക്? വി ഡി സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ്. മുഖ്യമന്ത്രി കഴിഞ്ഞാൽ രാഷ്ട്രീയപരമായി എല്ലാത്തരത്തിലും ഉത്തരവാദിത്വമുള്ള നേതാവ്.
കേരളത്തിൻ്റെ മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ ഒരു പ്രസംഗത്തിൽ ശബരിമല അയ്യപ്പനെ കുറിച്ച് പറഞ്ഞതിൽ ഒരു വാക്ക് തെറ്റിപ്പോയി എന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് നടത്തുന്ന ഒരു പ്രസംഗം ആണ് ആദ്യത്തെ വീഡിയോ. എത്ര വലിയ കള്ളമാണ് പ്രതിപക്ഷ നേതാവ് പ്രചരിപ്പിക്കുന്നത്? അഥവാ ഒരു രാഷ്ട്രീയ നേതാവിൻ്റെ പ്രസംഗത്തിൽ ഒരു അക്ഷരത്തെറ്റ് വന്നാൽ അത് പർവ്വതീകരിച്ചു പറയേണ്ട ആളാണോ പ്രതിപക്ഷ നേതാവ്? ഒരു തെറ്റും വന്നില്ല എന്നിട്ടും ഇത്തരത്തിൽ വ്യാജപ്രചരണം അദ്ദേഹം നടത്താമോ ?
രണ്ടാമത്തെ വീഡിയോ ശബരിമലയിലെ ദ്വാരപാലകശില്പം ഏതോ കോടീശ്വരന് വിറ്റു എന്നും അത് കടകംപള്ളി സുരേന്ദ്രന് അറിയാമെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും നടത്തിയ പ്രസ്താവനയാണ്. ഈ വ്യാജ പ്രസ്താവനക്കെതിരെ കടകംപള്ളി സുരേന്ദ്രന്റെ നിയമനടപടിയുടെ ഭാഗമായി വക്കീൽ നോട്ടീസ് കയ്യിൽ കിട്ടിയപ്പോൾ പ്രതിപക്ഷ നേതാവ് തന്നെ തൻ്റെ വാക്കുകൾ വിഴുങ്ങുന്ന കാഴ്ച നാം കാണുകയാണ് .
ഇതുപോലെ തന്നെ ഓണാഘോഷങ്ങളുടെ ഭാഗമായി പറവൂർ സപ്ലൈകോ സ്റ്റാൾ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ സപ്ലൈകോ ഇത്രയധികം നിറഞ്ഞു കവിഞ്ഞ് സാധനങ്ങൾ ഇരിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് പിറ്റേദിവസം നിയമസഭയിൽ വിലക്കയറ്റത്തിനെതിരെ അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല എന്ന് പ്രസംഗിച്ചു. പ്രതിപക്ഷനേതാവ് തന്നെ സപ്ലൈകോയെകുറിച്ച് വളരെ നല്ല വാക്കുകൾ സംസാരിച്ചിട്ടുണ്ട് എന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ചൂണ്ടിക്കാണിച്ചപ്പോൾ പ്രതിപക്ഷ നേതാവ് പറഞ്ഞു ഞാൻ ചടങ്ങിൽ വിളക്ക് കൊളുത്തിയേയുള്ളൂ പ്രസംഗിച്ചില്ല എന്ന്. ആ പ്രസംഗത്തിന്റെ വീഡിയോ പൊതുസമൂഹത്തിൽ പ്രചരിപ്പിക്കപ്പെട്ടപ്പോൾ മാപ്പുപറഞ്ഞ് തലയൂരുന്ന സാഹചര്യമാണ് അന്ന് ഉണ്ടായത്.
VD സതീശനേക്കാൾ യോഗ്യതയുള്ള ഒരു പ്രതിപക്ഷ നേതാവിനെ ലഭിക്കാൻ കേരളത്തിന് അർഹതയില്ലേ?
അഡ്വ. കെ. എസ് അരുൺ കുമാർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

