
കൊല്ലത്ത് അഞ്ച് ഏക്കറിൽ ആറ് മാതൃകാതോട്ടങ്ങളും മാതൃകാ പോഷകത്തോട്ടവും ഒരുക്കിയാണ് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ നീണ്ടകര അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് സംസ്ഥാന പുരസ്‌കാരത്തിന് അർഹമായത്. ഏത്തവാഴ, പയർ, മഞ്ഞൾ, ഇഞ്ചി, ചേന, വഴുതന, മുളക്, വെണ്ട, ചീര, അമര തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും തോട്ടത്തിലുണ്ട്.
ഹാർബർ എൻജിനിയറിങ് വകുപ്പ് ജീവനക്കാരുടെയും നീണ്ടകര കൃഷി ഓഫീസിന്റെയും നേതൃത്വത്തിലാണ് കൃഷി നടത്തിയത്. ഓണവിപണി മുന്നിൽക്കണ്ട് ഇത്തവണ 1,000 ബന്ദിത്തൈകളും നട്ടു പിടിപ്പിച്ചിട്ടുണ്ട്. രണ്ട് വർഷത്തിലധികം സമയമെടുത്താണ് ഇവർ കൃഷി നടത്തിയത്. ഹാർബറിന്റെ അടുത്ത് ഏക്കറുകണക്കിന് സ്ഥലം കാടുമൂടിക്കിടക്കുന്നത്തിന് പരിഹാരമെന്നോണമാണ് ജീവനക്കാരുടെ നേതൃത്വത്തിൽ ചെറിയ രീതിയിൽ കൃഷി തുടങ്ങിയത്.
ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം മാറ്റി, രണ്ട് വർഷം മുൻപ് ആദ്യം ചെറിയ സ്ഥലത്ത് പയർകൃഷി തുടങ്ങി. ആദ്യം കൃഷി വലിയ മെച്ചം ഇല്ലായിയുന്നു. അസിസ്റ്റന്റ് എൻജിനിയർ നിതിൻ രാജിന്റെ നേതൃത്വത്തിൽ ജീവനക്കാർ വീണ്ടും കൃഷിയിറക്കി. മണ്ണുപരിശോധന നടത്തി, നീണ്ടകര കൃഷി ഓഫീസർ സജിതമോളുടെ നേതൃത്വത്തിൽ ശാസ്ത്രീയമായ രീതിയിലായിരുന്നു രണ്ടാമത് കൃഷി ഇറക്കിയത്.
ജീവനക്കാരായ അഖിൽരാജ്, ലക്ഷ്മി, രമ തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 ശുചീകരണത്തൊഴിലാളികൾക്കാണ് പരിപാലനച്ചുമതല. 75 കിലോയിലധികം പയറാണ് ആദ്യവിളവെടുപ്പിൽ ലഭിച്ചത്. കഴിഞ്ഞവർഷത്തെ ബന്ദിക്കൃഷിയും വൻ വിജയമായിരുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ ഹാർബറിൽ തന്നെ വിറ്റുപോകും. കൃഷിയിറക്കാനുള്ള ചെലവുമുഴുവൻ ഇതിൽ നിന്ന് തന്നെ അവർക്ക് ലഭിക്കും. ഹാർബർ മോഡൽ കൃഷി എന്ന പേരിൽ നീണ്ടകര പഞ്ചായത്തിലെ ജനങ്ങൾ കൃഷി ആരംഭിക്കുകയും ചെയ്തു. പുതുതായി എത്തിയ അസിസ്റ്റന്റ് എൻജിനിയർ ബിജേഷും കൃഷിക്ക് പൂർണപിന്തുണ നൽകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

