
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തലയും ഹൃദയവുമാണ് സിപിഐഎമ്മും സിപിഐയുമെന്ന് എ കെ ബാലൻ. രാഷ്ട്രീയപരമായും ഭരണപരമായും മറ്റ് ഏതൊരു കാലഘട്ടത്തേക്കാളും സിപിഐഎം – സിപിഐ മുന്നണി ബന്ധം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ബന്ധം ഏതെങ്കിലും രൂപത്തിൽ അറ്റുപോകുമെന്ന് ആരും കരുതേണ്ടതില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി. പിഎം ശ്രീയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പാർട്ടി എന്ന നിലയിൽ സിപിഐ ഒരു അഭിപ്രായം രേഖപ്പെടുത്തിയ ദിവസം തന്നെ, യുഡിഎഫ് കൺവീനർ അവരെ യുഡിഎഫിലേക്ക് ക്ഷണിച്ചത് ശ്രദ്ധേയമാണ്. ഇത് യുഡിഎഫ് ദുർബലമാണ് എന്നതിന്‍റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എൽഡിഎഫിൽ നിന്ന് ഒരു ഘടകകക്ഷിയെ ലഭിക്കാതെ യുഡിഎഫിന് അധികാരത്തിൽ വരാൻ കഴിയില്ല എന്ന സന്ദേശമാണ് അടൂർ പ്രകാശ് ഇതിലൂടെ നൽകിയത്. ആടിന്റെ ഇളക്കുന്ന അകിട് കണ്ട് പിന്നാലെ പോയ കുറുക്കൻ ഉണ്ട്. അത് വീണിട്ടില്ല ഇളകിയിട്ടേ ഉള്ളുവെന്നും യുഡിഎഫിനെ എ കെ ബാലൻ പരിഹസിച്ചു. എൽഡിഎഫിൽ നിന്ന് ഏതെങ്കിലും രൂപത്തിൽ സിപിഐ വിട്ടുപോകുമെന്ന് ആരും ധരിക്കരുത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നിന്ന് ഒരു ഘടകകക്ഷിയും യുഡിഎഫിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

