
തിരുവനന്തപുരം ജില്ലയിലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് നാളെ തുറക്കും. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഏറെ നാളായി നിർമ്മാണത്തിലിരുന്ന ഗ്ലാസ് ബ്രിഡ്ജ് പണികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ഒരു ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചതെന്ന പ്രത്യേകതയുമുണ്ട്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അദ്ദേഹം പാലത്തിന്റെ ചിത്രമടക്കം പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
50 മീറ്റർ നീളവും രണ്ടു മീറ്റർ വീതിയുമുള്ള പാലത്തിൽ ഒരുസമയം 20 പേർക്ക് കയറാം. കൃത്രിമ മഞ്ഞും മഴയും ഉൾപ്പെടെ വിസ്മയക്കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. പ്രവേശിച്ചാലുടൻ ചെറിയ ചാറ്റൽമഴ അനുഭവപ്പെടും ഇതിന് അകമ്പടിയായാണ് മൂടൽമഞ്ഞ്. ദീപാലങ്കാരവുമുണ്ട്. കോഴിക്കോട് എൻഐടിയിൽനിന്നുള്ള വിദഗ്ധരടങ്ങിയ സാങ്കേതികസമിതി ചില്ലുപാലം പരിശോധിച്ച് പ്രവർത്തനാനുമതി നൽകി.
യുവജന സംരംഭക സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് സംസ്ഥാനത്ത് ആദ്യം രൂപീകൃതമായ സംഘങ്ങളിലൊന്നായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എൻട്രപ്രണേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (വൈബ്കോസ്) പാലം നിർമിച്ചത്. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ അനുമതിയോടെയാണ് വൈബ്കോസ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സാഹസിക വിനോദസഞ്ചാര പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
സിപ്പ് ലൈൻ, സ്കൈ സൈക്ലിങ് തുടങ്ങി പത്തോളം ഹൈറോപ്പ് ആക്ടിവിറ്റികൾ, ശീതീകരിച്ച മ്യൂസിക്കൽ ഫൌണ്ടൻ ലേസർ ഷോ തിയറ്റർ, ഇന്ത്യൻ എയർഫോഴ്സ് മ്യൂസിയം, 12 ഡി തിയറ്റർ, കംപ്യൂട്ടർ ഗെയിമിങ് സോൺ, ഫിഷ് സ്പാ, കിഡ്സ് സോൺ, ടോയ് ട്രെയിൻ തുടങ്ങിയവ ആക്കുളത്തുണ്ട്. പ്രവേശനഫീസ് മുതിർന്നവർക്ക് 200- രൂപയും കുട്ടികൾക്ക് 150 രൂപയുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

