
കോഴിക്കോട് ഓമശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെ ഉള്ളിൽ കടന്നതാകാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കുഞ്ഞിൻ്റെ വീട്ടിലെ കിണറിൽ അമീബ സാന്നിധ്യം കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ് കിണർ അണുവിമുക്തമാക്കി കെട്ടിയടച്ചു.
രോഗം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അന്നശ്ശേരി സ്വദേശിയായ യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. എട്ട് മാസത്തിനിടെ സംസ്ഥാനത്ത് എട്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്നുപേർക്കാണ് രോഗബാധ ഉണ്ടായത്.
Also read:ഇസ്രയേലിലെ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു
പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് മെഡിക്കൽ കോളേജിൽ നടത്തിയ സ്രവപരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടെയും വീടുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകൾ ശേഖരിച്ചിരുന്നു.
താമരശ്ശേരിയിൽ നാലാംക്ലാസുകാരി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് താമരശ്ശേരി സ്വദേശിനിയും നാലാം ക്ലാസ് വിദ്യാർഥിനിയുമായ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

