
ഇന്ന് (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 3.20, തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്ന് പതിവുപോലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് അലാറം തുടർച്ചയായി മുഴങ്ങി. ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിലെ ദൃശ്യങ്ങൾ തെളിയുന്ന മോനിറ്റർ ശ്രദ്ധിക്കാൻ നിൽക്കാതെ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിംഗ് സൂപ്രണ്ട് അജിതാ റാണിയും കേയർടേക്കർമാരും കുരുന്നിനെ സ്വീകരിക്കാൻ അമ്മത്തൊട്ടിലിനരികിൽ ഓടിയെത്തി. പക്ഷേ അവരെ കാത്തിരുന്നത് കുഞ്ഞ് അതിഥിയായിരുന്നില്ല.
അതിഥിയില്ല, പകരം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ ഒരു കൂട്ടം നാണയ തുട്ടുകളാണ് ഇത്തവണ അവരെ കാത്തിരുന്നത്. പത്ത് രൂപയുടെ 28 എണ്ണം, 20, 5, 2, 1 എന്നിവയുടെ യഥാക്രമം 2,50, 79,67 ഇങ്ങനെ ആകെ 795 രൂപ. അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ഇതാദ്യമായാണ് കുട്ടികൾ അല്ലാതെ മറ്റ് സാധനങ്ങൾ പൊതുജനങ്ങൾ കൊണ്ട് വയ്ക്കുന്നത്. പ്രത്യേകിച്ചും ധനസഹായങ്ങൾ.
ഒരു നിശ്ചിത ഭാരത്തിൽ കൂടുതൽ അമ്മത്തൊട്ടിലിൽ എന്തെങ്കിലും വെച്ചാലാണ് അലാറം മുഴങ്ങുക. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകൾക്കായിസംസ്ഥാന ശിശുക്ഷേമ സമിതി എറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള നന്മമനസുകളുടെ അംഗീകാരമായി
ഈ ധന സഹായത്തിനെ കാണുന്നുവെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി. എൽ. അരുൺ ഗോപി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

