
കോൺഗ്രസ് എംപി ആന്റോ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രണ്ട് മാസത്തിനകം തിരിച്ചു തരാമെന്ന ഉറപ്പിൽ രണ്ടുകോടി രൂപ ആന്റോ ആന്റണി വാങ്ങിയെന്നും എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും അതിൽ 20 ലക്ഷം മാത്രമാണ് തന്നതെന്നും ആരോപിച്ച് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ എം രാജു മാധ്യമങ്ങളെ കണ്ടത് കഴിഞ്ഞ ദിവസമാണ്. ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനമാണിത്. തന്ത്രി കണ്ഠര് രാജീവര് സ്ഥാപനത്തിൽ കോടികൾ നിക്ഷേപിച്ചെന്നും ബാങ്ക് തകർന്ന് ഇത്രയേറെ പണം കിട്ടാതായിട്ടും തന്ത്രി കേസ് കൊടുത്തില്ലെന്നുമൊക്കെ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
ഇതിനിടെ ആന്റോ ആന്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് ഗുരുതര ആരോപണങ്ങളിൽ സ്വന്തം മുഖം രക്ഷിക്കാൻ ആന്റോ ആന്റണി സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ചത്. ഉദയഭാനു ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമൊക്കെ ആന്റോ ആന്റണി വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഈ വീഡിയോ കോൺഗ്രസിനെ തന്നെയാണ് ഇപ്പോൾ കുഴിയിൽ ചാടിച്ചിരിക്കുന്നത്.
പക്ഷേ വീഡിയോയുടെ കമന്റ് ബോക്സ് ഓൺ ചെയ്യാനുള്ള ധൈര്യം കോൺഗ്രസ് എംപിക്കില്ല. ന്യായീകരണവാദങ്ങൾ ജനം ഒന്നൊന്നായി പൊളിക്കുമെന്നും ചോദ്യങ്ങൾ അക്കമിട്ട് നിരത്തുമെന്നും ആന്റോ ആന്റണിയ്ക്ക് നന്നായറിയാം. അതുകൊണ്ടാണ് കമന്റ് ബോക്സ് ഓഫാക്കി വെച്ചതും. ഏതായാലും ന്യായീകരണശ്രമം തുടക്കത്തിലേ പാളി.
ശബരിമല സ്വർണമോഷണ കേസിൽ കോൺഗ്രസിനെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ് ആൻ്റോ ആൻ്റണി എംപിയുടെ വീഡിയോ. സ്വർണ മോഷണകേസിലെ പ്രതികൾക്കും സോണിയ ഗാന്ധിക്കുമൊപ്പം ഉള്ള, 12 വർഷം മുന്നേയെടുത്ത ഫോട്ടോയും അതിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും വ്യാജമാണെന്നാണ് ആന്റോ ആൻ്റണി സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എന്നാൽ അതിനുള്ള വാദങ്ങളാണ് ഇപ്പോൾ കോൺഗ്രസിന് തന്നെ പണിയായത്.
സോണിയ ഗാന്ധിയെ കാണാൻ അവസരമുണ്ടാക്കി നൽകിയത് കർണാടകയിൽ നിന്നുള്ള നേതാക്കളാണെന്നാണ് എംപി വീഡിയോയിൽ പറയുന്നത്. ഇതിലൂടെ പ്രതികളുമായുള്ള കോൺഗ്രസിൻ്റെ കൂടുതൽ ബന്ധം പുറത്തായി. കേസിൽ കോൺഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്ന തെളിവുകളും ആന്റോ ആന്റണിയുടെ തന്നെ വാക്കുകളിൽ നിന്ന് വെളിവായിരിക്കുന്നു.
ALSO READ: ആന്റോ ആന്റണിക്കെതിരെ നിയമനടപടിയുമായി കെ പി ഉദയഭാനു; പണമിടപാടുകളിൽ വ്യക്തത വേണമെന്ന് ആവശ്യം
കർണാടകത്തിൽ നിന്നുള്ള നേതാക്കളാണ് സോണിയ ഗാന്ധിയെ കാണാൻ അവർക്ക് അപ്പോയ്മെൻ്റ് എടുത്തു നൽകിയതെന്ന് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയതായി എംപി വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ ഒപ്പം പോയതെന്തിനെന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല. കമന്റ് ബോക്സ് ഓഫ് ചെയ്തതിനാൽ ഇതാരും ചോദിക്കില്ലെന്നാണോ ആന്റോ ആന്റണി കരുതിയത്? ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനോടും അദ്ദേഹം ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
എൻ എം രാജുവിൽ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ഉദയഭാനു നേരത്തെ ചോദിച്ചിരുന്നു. ആന്‍റോ ആന്‍റണി നൽകിയ കണക്കിന്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണോ ആന്റോ ആന്റണി പറയുന്ന വ്യാജ ആരോപണം?
ഏതായാലും എൻ എം രാജുവിന്റെ വെളിപ്പെടുത്തലിൽ ആന്റോ ആന്റണിയെ ഇഡി (എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്)യും വിജിലൻസും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. അന്വേഷണത്തിൽ കോൺഗ്രസ് ബന്ധം ഒന്നൊന്നായി പുറത്തുവരും. കമന്റ് ബോക്സ് ഓഫ് ചെയ്ത് വെച്ചതുകൊണ്ട് മാത്രം ജനം ചോദ്യങ്ങള്‍ അവസാനിപ്പിക്കമെന്ന് കരുതേണ്ട.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


