
സംസ്ഥാനത്തെ കോളേജുകളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമന വിഷയത്തിൽ പി എസ് സിയെയും സർക്കാരിനെയും താറടിക്കാൻ ഗൂഢശ്രമം. ഒരു വിഭാഗം മാധ്യമങ്ങളുടെ നേതൃത്വത്തിലാണ് വസ്തുതാ വിരുദ്ധ വാർത്തകൾ പടച്ചുവിടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 182 അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. കാലാവധി കഴിഞ്ഞാലും പട്ടികയിൽ ഉള്ളവരുടെ അവസരം നഷ്ടമാകില്ലെന്നിരിക്കെയാണ് ചിലരുടെ വ്യാജ പ്രചരണങ്ങൾ.
2026 ജനുവരി മാസത്തിൽ മാത്രം വിവിധ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് 101 പേർക്ക് പി എസ് സി നിയമന ശിപാർശ നൽകിയിട്ടുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം പുതുതായി തസ്തിക സൃഷ്ടിച്ചതിന്റെ ഫലമായാണ് ഈ നിയമനം നടത്തിയത്. നിലവിലുള്ള പട്ടികയിൽ നിന്ന് നിയമനം നടക്കാതെ റാങ്ക് ലിസ്റ്റ് കാലഹരണപ്പെടില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു വർഷം വരെയുള്ള റാങ്ക് ലിസ്റ്റുകൾക്ക് പി എസ് സി മാർഗ്ഗനിർദ്ദേശം അനുസരിച്ച് മൂന്നുവർഷം വരെ കാലാവധി നീട്ടി നൽകാനാവും. തുടർന്നും നിയമനം നടന്നില്ലെങ്കിൽ ഒരു വർഷം കൂടി നീട്ടാൻ കഴിയും. വസ്തുത ഇതായിരിക്കയാണ് ഒന്നാം റാങ്കുകാർക്ക് നിയമനം ഇല്ല എന്ന് ചൂണ്ടിക്കാട്ടി ചില കേന്ദ്രങ്ങൾ വ്യാജപ്രചരണം കൊഴുപ്പിക്കുന്നത്.
കന്നട, ബയോടെക്നോളജി, മ്യൂസിക്, ഫ്രഞ്ച്, തമിഴ് വിഷയങ്ങളിലാണ് നിലവിൽ നിയമനം നടന്നത്. റാങ്ക് പട്ടികയിലെ ഒന്നാം റാങ്കുകാർക്ക് നിയമനം നൽകിയില്ലെന്ന് പറയുന്ന ഇസ്ലാമിക് ഹിസ്റ്ററി, ഫിലോസഫി വിഷയങ്ങളിൽ ഓരോ നിയമനങ്ങൾ നടന്നിട്ടുമുണ്ട്. പിഎസ്‌സി റൊട്ടേഷൻ പ്രകാരം പെൻഡിങ്ങായിരുന്ന ഭിന്നശേഷിക്കാർക്കാണ് നിയമനം ലഭിച്ചത്. പിന്നീട് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഒന്നാംറാങ്കുകാരനെ പരിഗണിക്കാൻ കഴിഞ്ഞില്ല. ഉറുദു, സോഷ്യോളജി എന്നിവയിൽ ഒഴിവ് വരുന്നതിന് അനുസരിച്ച് നിയമനനടപടി ആരംഭിക്കുകയും ചെയ്യും. ഈ വർഷം റാങ്ക് പട്ടികയിൽ നിന്ന് തന്നെ പി എസ് സി അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. 115 ഒഴിവുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് പി എസ് സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചാണ് വലതുപക്ഷ മാധ്യമങ്ങളുടെ കള്ളപ്രചാരവേല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

