
കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വർഗീയ- വലതുപക്ഷ മുക്കൂട്ട് മുന്നണികളുടെ അടിവേരിളക്കിയ വിജയമാണ് എസ്എഫ്ഐക്ക് സർവകലാശാലയിലെ കോളേജുകളിലുടനീളം നേടാനായത്.
എസ്എഫ്ഐ നേടിയ ഈ മിന്നും വിജയത്തിൽ ഏറ്റവും തിളക്കമേറിയ വിജയം കാസർഗോഡ് ഗവ. കോളേജിലേതായിരുന്നു. കഴിഞ്ഞ വർഷങ്ങളിലായി യൂണിയൻ ഭരിച്ച എംഎസ്എഫിന്റെ കയ്യിൽ നിന്നും യൂണിയൻ എസ്എഫ്ഐ തിരിച്ച് പിടിച്ചു. മൂന്ന് വർഷമായി നഷ്‌ടമായ കോളേജ് യൂണിയൻ 9 ൽ 8 സീറ്റും നേടി എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. കാസർഗോഡ് ഗവണ്മെന്റ് കോളേജിലെ എസ്എഫ്ഐ സ്ഥാനാർഥിയായ ആയിഷ ഷഹാമ ഇലക്ഷൻ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പ്രസംഗമാണിപ്പോൾ ശ്രദ്ദേയമാകുന്നത്.
ALSO READ: ‘എം എസ് എഫ് ലക്ഷണമൊത്ത വര്‍ഗീയവാദികളാണ്; ആ നിലപാട് പറഞ്ഞുകൊണ്ടേയിരിക്കും’: പി എസ് സഞ്ജീവ്
തന്നോട് എംഎസ്എഫുകാർ ചോദിച്ചത് ‘നീ മാത്രം എന്തെ വഴി തെറ്റി പോയീ’ എന്നാണെന്നാണ് ഈ പ്രസംഗത്തിൽ ഷഹാമ പറയുന്നത്. ‘ഇത് എന്നോട് മാത്രമുള്ള ചോദ്യമായി ഞാൻ കാണുന്നില്ല. എന്നെ പോലെ ആയിരക്കണക്കിന് ആയിഷ ഷഹാമമാരോടുള്ള ചോദ്യമായിട്ടാണ് ഞാൻ ഇത് കാണുന്നത്.’ എന്നുമാണ് ഷഹാമ പറയുന്നത്. ‘എന്നും സത്യമുള്ളവരുടെ കൂടെ നിൽക്കുക എന്നതാണ് എൻ്റെ കടമ’ എന്നും ഉറച്ച സ്വരത്തിൽ ഷഹാമ പറയുന്നു.
‘മൗദൂദി സ്റ്റുഡന്റ്സ് ഫെഡറേഷന്റെ നേതാവ് കാട്ടു മൂരിയുടെ മോന്തക്കുള്ള അടിയാണ് സഖാവ് ആയിഷ ഷഹാമയുടെ വിജയം’ എന്നാണ് ഷഹാമയുടെ വാക്കുകൾ പങ്കുവച്ചുകൊണ്ട് എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ് ഫേസ്ബുക്കിൽ കുറച്ചത്. ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ തട്ടത്തിൻ്റെ നീളം അളക്കാൻ MSF സംസ്ഥാന പ്രസിഡൻ്റിൻ്റെ ഉപദേശപ്രകാരം ഇറങ്ങിയ വനിത സെക്രട്ടറി ഈ വാക്കുകൾ കാതു തുറന്ന് കേൾക്കണമെന്നും നിങ്ങളുടെ വർഗ്ഗീയ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് ആയിരക്കണക്കിന് ആയിഷ ഷഹാമമാർ ഇനിയും SFI ക്ക് നേതൃത്ത്വം നൽകുമെന്നും ഈ വിജയം എംഎസ്എഫ് അടക്കമുള്ള സംഘടനകളുടെ മുഖത്തേറ്റ അടിയാണെന്നും എം ശിവപ്രസാദ് എഫ്ബി യിൽ കുറിക്കുന്നു.
ALSO READ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; കാസര്‍ഗോഡ് ജില്ലയില്‍ എസ്എഫ്‌ഐ തരംഗം
കണ്ണൂർ സർവകലാശാലയിൽ തിരഞ്ഞെടുപ്പ് നടന്ന 77 കോളേജുകളിൽ 60 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു, നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള 39 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. കാസറഗോഡ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 18 കോളേജുകളിൽ 11 കോളേജുകളിലും എസ്എഫ്ഐക്ക് വിജയിക്കാൻ സാധിച്ചു. വർഗീയതയുടെയും ലഹരി മാഫിയ സംഘങ്ങളുടെയും കൂട്ടുപിടിച്ച് ക്യാമ്പസ്സുകൾക്കകത്ത് അരാജക പ്രവർത്തനം നടത്തുന്ന വലതുപക്ഷ ഫാസിസ്റ്റു ശക്തികൾക്ക് ഏറ്റ കനത്ത തിരിച്ചടി കൂടിയായി മാറുകയായിരുന്നു തിരഞ്ഞെടുപ്പ് ഫലം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

