അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് അന്തിമമായി അംഗീകരിച്ചതോ ? വിജയൻ അസോസിയേറ്റ്സിന്റേത് രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള നീക്കം, അപാകതകൾ എണ്ണിപ്പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റ്

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റിംഗിന്റെ പ്രാഥമിക പാഠങ്ങൾ പോലും അറിയാതെ തയ്യാറാക്കിയതാണെന്നും ഇതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും രജിത് രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിജയൻ അസോസിയേറ്റ്സ് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ട് വസ്തുതകൾ പരിശോധിക്കാതെയും ക്ലയന്റായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിശദീകരണം തേടാതെയും തയ്യാറാക്കിയതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

ദേവസ്വം ബോർഡ് യോഗം അന്തിമമായി അംഗീകരിക്കുന്നതിന് മുൻപും ഹൈക്കോടതി പരിശോധിക്കുന്നതിന് മുൻപും ഓഡിറ്റ് റിപ്പോർട്ട് സർക്കാർ വിരുദ്ധ മാധ്യമങ്ങൾക്ക് നൽകിയത് കോടതിയെ സ്വാധീനിക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇതിന് പിന്നിൽ കോൺഗ്രസ് അനുകൂല സംഘടനകളിൽ പെട്ട ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും അദ്ദേഹം സംശയിക്കുന്നു.

‘നന്ദഗോവിന്ദം ഭജൻസ്’ പരിപാടിക്ക് എത്തിയിട്ടില്ലെന്നും അവർക്ക് പണം നൽകിയിട്ടില്ലെന്നും വ്യക്തമായിട്ടും റിപ്പോർട്ടിൽ അവരുടെ പേര് ഉൾപ്പെടുത്തിയത് ഓഡിറ്ററുടെ രാഷ്ട്രീയ ദുരുദ്ദേശമാണ് വ്യക്തമാക്കുന്നത്. യഥാർത്ഥത്തിൽ പരിപാടി അവതരിപ്പിച്ച ഇഷാൻ ദേവിനാണ് ബാങ്ക് ട്രാൻസ്ഫർ വഴി തുക നൽകിയതെന്നും ഇതിന്റെ വൗച്ചറുകൾ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: ‘മണിശങ്കർ അയ്യർ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന വ്യക്തി’; അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം ആത്മാർത്ഥത നിറഞ്ഞതെന്ന് മന്ത്രി വി ശിവൻകുട്ടി

ആസ്തികൾ നേരിട്ട് പരിശോധിക്കാതെയാണ് (Physical Verification) പണം ദുർവ്യയം ചെയ്തു എന്ന് ഓഡിറ്റർ റിപ്പോർട്ട് ചെയ്തത്. ഫർണിച്ചറുകളുടെ എണ്ണത്തിൽ മെഷർമെന്റ് ബുക്കിലുള്ളതിനേക്കാൾ കൂടുതൽ സാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും സ്റ്റോക്ക് വെരിഫിക്കേഷൻ നടത്താതെയാണ് പരാതി ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു.

മുഖ്യമന്ത്രിക്ക് കിടക്കാൻ ഒരു ലക്ഷം രൂപയുടെ കട്ടിൽ വാങ്ങി എന്ന ആരോപണം മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. രാഷ്ട്രപതി അടക്കമുള്ള അതിഥികൾ എത്തുമ്പോൾ ഉപയോഗിക്കുന്ന ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായി വാങ്ങിയ സാധനങ്ങളെ മുഖ്യമന്ത്രിയുടെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും, ആ കട്ടിൽ മുഖ്യമന്ത്രി ഉപയോഗിച്ച മുറിയിലായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

അയ്യപ്പ സംഗമത്തിന് ആകെ 10.99 കോടി രൂപ ചെലവായെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം പറയുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ കണക്കുപ്രകാരം മൂന്ന് കോടി രൂപ മാത്രമാണ് ചെലവായതെന്നും ഈ തുക സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിൽ ദേവസ്വം കമ്മീഷണർ കോടതിയിൽ നൽകിയ റിപ്പോർട്ടിലെ കണക്കുകളിലും വൈരുദ്ധ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകി പണം തട്ടിച്ചു എന്ന ആരോപണത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഭക്തർക്കും തൊഴിലാളികൾക്കും വിവേചനമില്ലാതെ ഭക്ഷണം നൽകിയതിനാൽ കണക്കാക്കിയതിലും കൂടുതൽ ആളുകൾക്ക് ഭക്ഷണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയുടെ മഹത്വം ലോകമെമ്പാടും എത്തിക്കാൻ നടത്തിയ ഈ സംരംഭത്തെ തകർക്കാൻ രാഷ്ട്രീയ കുബുദ്ധികൾ നടത്തുന്ന ശ്രമമാണിതെന്നും, അപൂർണ്ണമായ ഈ ഓഡിറ്റ് റിപ്പോർട്ടിന് യാതൊരു ആധികാരികതയുമില്ലെന്നും രജിത് രാമചന്ദ്രൻ തന്റെ പോസ്റ്റിൽ കുറിച്ചു. നവംബറിൽ പണം തിരികെ കിട്ടിയെന്ന് റിപ്പോർട്ട് നൽകിയ സ്പെഷ്യൽ കമ്മീഷണർ ഫെബ്രുവരിയിൽ പണം കിട്ടിയില്ലെന്ന് പറയുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു

പോസ്റ്റിന്റെ പൂർണരൂപം

ആഗോള അയ്യപ്പ സംഗമത്തിന്റേതായ ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റിങ്ങിന്റെ ബാലപാഠങ്ങള്‍ പോലും അറിയാതെ തയ്യാറാക്കിയത് . വിജയന്‍ അസോസിയേറ്റ്സ് എന്ന ഓഡിറ്റ് സ്ഥാപനമാണ് ഓഡിറ്റ് ചെയ്തത് . വിജയന്‍ അസോസിയേറ്റ്സിനെ സംബന്ധിച്ചിടത്തോളം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് ക്ലയന്റ് . കണക്കുകളിലെ അപാകതകള്‍ മനസ്സിലാക്കിയിട്ടും ക്ലയന്റിന്റെ വിശദീകരണം ഓഡിറ്റര്‍ ഉള്‍ക്കൊള്ളിച്ചില്ല . വിശദീകരണം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് ദേവസ്വം കമ്മീഷണറുടെ ഓഫീസ് വിശദീകരണം നല്‍കിയതുമില്ല. ഇപ്പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതായി പറയുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (ക്ലയന്റ് ) അന്തിമമായി അംഗീകരിച്ചിട്ടുണ്ടോ ? അംഗീകരിച്ചിട്ടുണ്ടെങ്കില്‍ ഏത് ദിവസം ചേര്‍ന്ന യോഗം ആണ് പ്രസ്തുത വരവ് ചിലവ് കണക്കുകള്‍ അംഗീകരിച്ചത് ? ദേവസ്വം ബോര്‍ഡ് യോഗം അംഗീകരിക്കാത്ത ഓഡിറ്റ് റിപ്പോര്‍ട്ട് ഉദ്യോഗസ്ഥനോ സ്‌പെഷ്യല്‍ കമ്മീഷണറോ ഹൈക്കോടതിക്ക് സമര്‍പ്പിച്ചുവെങ്കില്‍ അതിന് നിയമപരമായ പിന്‍ബലം ഉണ്ടോ ? ഹൈക്കോടതി പരിശോധിക്കുന്നതിന് മുന്‍പ് മാതൃഭൂമി അടക്കമുള്ള സര്‍ക്കാര്‍ വിരുദ്ധ പത്രങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത് എന്തിനാണ് എന്ന് റിപ്പോര്‍ട്ട് കയ്യിലുണ്ടായിരുന്ന വിജയന്‍ അസോസിയേറ്റ്സൊ ദേവസ്വം കമ്മീഷണറോ വിശദീകരിക്കുമോ ? വാര്‍ത്തകളിലൂടെ കോടതിയെ സ്വാധീനിക്കണമെന്ന രാഷ്ട്രീയ ദുരുദ്ദേശം ഇവരില്‍ ഒരാള്‍ക്ക് ഉണ്ടായിരുന്നു എന്ന് വ്യക്തമാണ്. ഇതൊരു രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള ഓപ്പറേഷന്‍ ആണ് .
ചോദ്യങ്ങള്‍ ഏറെയാണ് .

  1. കണക്കുകളില്‍ ആശയക്കുഴപ്പം ഉള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താതെ വിജയന്‍ അസ്സോസിയേറ്റ്സോ ദേവസ്വം കമീഷണറോ എന്തിന് സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളുമായി ഓഡിറ്റ് റിപ്പോര്‍ട്ട് പങ്കുവെച്ചു ?
  2. ‘മാധ്യമങ്ങള്‍ക്ക് നല്‍കി’ എന്നതാണ് വിശദീകരണം എങ്കില്‍ എന്തുകൊണ്ട് മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ കനഗോലു പണം നല്‍കി എഴുതിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളെ പ്രത്യേകം തെരഞ്ഞെടുത്ത് നല്‍കി ?
  3. തെറ്റായ കണക്കുകലാണെന്ന് ബോധ്യപ്പെട്ടിട്ടും അവ ശരിയാണോ എന്ന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിശോധിക്കാതെ അതേപടി ഓഡിറ്റില്‍ തിരുകിക്കയറ്റിയതിലൂടെ വിജയന്‍ അസോസിയേറ്റ്സ് കൃത്യവിലോപം മാത്രമല്ല കാട്ടിയത്, രാഷ്ട്രീയ ഉപജാപ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക കൂടിയാണ്
  4. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരിലെ ചില താപ്പാനകളും വിജയന്‍ അസോസിയേറ്റ്‌സുമായി കൂട്ടു ചേര്‍ന്നിട്ടുണ്ട് . അവര്‍ കോണ്‍ഗ്രസ്സിന്റെ ദേവസ്വം സംഘടനയില്‍ പെട്ടവരാണ് . കോണ്‍ഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ തീട്ടൂരം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം പുഴുക്കുത്തുകളെ ദേവസ്വം ബോര്‍ഡ് ഉടന്‍ പുറത്താക്കേണ്ടതല്ലേ ?
  5. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ മാസം പതിനേഴിന് യോഗം ചേരുന്നുണ്ട്. ബോര്‍ഡ് യോഗത്തിനു ശേഷം പ്രസിഡണ്ട് പത്ര സമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടതല്ലേ? ഓഡിറ്റിന് ആവശ്യമായ വിവരങ്ങള്‍ വരെ തടഞ്ഞു വെക്കുന്നവര്‍ ദേവസ്വം ബോര്‍ഡില്‍ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ദേവസ്വം ബോര്‍ഡ് അത്തരക്കാര്‍ക്കെതിരെയും നടപടി എടുക്കുമോ ?
  6. ‘നന്ദഗോവിന്ദം ഭജന്‍സ്’ പാടാന്‍ എത്തിയിട്ടില്ല എന്നത് സാധാരണ കാര്യം പോലെ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് അറിയാവുന്ന കാര്യമാണ്. വൗച്ചര്‍ ഇല്ല എന്നത് കൊണ്ട് നന്ദ ഗോവിന്ദം ഭജന്‍സിന് തുക നല്‍കിയിട്ടില്ല എന്ന് മനസിലാക്കാം. പകരം പാടാന്‍ വന്ന ഇഷാന്‍ ദേവിന്റെ അക്കൗണ്ടിലേക്ക് തുക പോവുകയും ചെയ്തിട്ടുണ്ട് . സാമാന്യ ബുദ്ധിയുള്ള ഒരു ഓഡിറ്റര്‍ എങ്ങനെയാണ് നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് എഴുതിവെക്കുന്നത് ? തുക നല്‍കി എങ്കില്‍ voucher അല്ലെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ കാണണ്ടേ ? അതായത് ഇവന്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട IIIC യുടെ അക്കൗണ്ടില്‍ നിന്ന് നന്ദഗോവിന്ദം ഭജന്‍സിന്റെ അക്കൗണ്ടിലേക്ക് തുക പോകണം. ഇങ്ങനെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇഷാന്‍ ദേവിന് ടി ഡി എസ് കട്ട് ചെയ്തിട്ടാണ് പണം നല്‍കിയത് . എന്നിട്ടും എങ്ങനെ നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് റിപ്പോര്‍ട്ടില്‍ വന്നു ?. ക്ലയന്റി( ദേവസ്വം ബോര്‍ഡ്) നോട് ചോദിക്കാതെ ഓഡിറ്റ് എഴുതിയതിലൂടെ വിജയന്‍ അസോസിയേറ്റ്സ് രാഷ്ട്രീയ ദുരുദ്ദേശം ആണ് കാണിച്ചത്
  7. ഫിസിക്കല്‍ പരിശോധന നടത്താതെ ഓഡിറ്റര്‍ എങ്ങനെയാണ് പണം ദുര്‍വ്യയം ചെയ്തു എന്ന് എഴുതിവെക്കുന്നത് ? പാരഗ്രാഫ് ആറില്‍ ‘We have not carried out physical verification of assets’ എന്ന് എഴുതിവെച്ചിട്ടുണ്ട്. പതിനഞ്ച് മേശ വാങ്ങി എന്നാല്‍ മെഷര്‍മെന്റ് ബുക്കില്‍ അത് കാണുന്നില്ല. നാലെണ്ണമേ ബുക്കില്‍ ഉള്ളൂ . തുടര്‍ന്ന് പതിനഞ്ച് എണ്ണം അധികമായി എത്തിച്ചു . ആകെ മേശയുടെ എണ്ണം പത്തൊന്‍പത് ആയി . മേശ കാണുന്നില്ല എന്ന് മെഷര്‍മെന്റ് ബുക്കില്‍ ഉണ്ടെങ്കില്‍ അടുത്ത നടപടി ആയി സ്റ്റോക്ക് വെരിഫിക്കേഷന്‍ നടത്തി സാധനം ഉണ്ടോ എന്ന് വീണ്ടും പരിശോധിക്കണ്ടേ ?
  8. പണം ദുര്‍വ്യയം ചെയ്തു എന്ന് സ്ഥാപിച്ചു എങ്കിലും അവ പരിശോധിക്കാന്‍ ഓഡിറ്റര്‍ക്ക് തോന്നിയില്ല. സബ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉണ്ടായ ചിലവുകള്‍ പരിശോധിക്കാന്‍ ഓഡിറ്റര്‍ക്ക് സാധിച്ചിട്ടില്ല എന്ന് സ്‌പെഷ്യല്‍ കമീഷണര്‍ ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. IIIC യും സബ് കോണ്‍ട്രാക്ടര്‍മാറും തമ്മിലുള്ള കരാറുകള്‍ ഒത്തുനോക്കി ഉറപ്പുവരുത്താന്‍ ഓഡിറ്റര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇങ്ങനെ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായ ചിലവുകള്‍ പരിശോധിക്കാന്‍ ഓഡിറ്റര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് ശരി. അപൂര്‍ണമായ ഈ ഓഡിറ്റ് റിപ്പോര്‍ട്ടിന് ആധികാരികത ഇല്ല എന്നല്ലേ കാണേണ്ടത് ? ഈ ഓഡിറ്റ് റിപ്പോര്‍ട്ട് അതുകൊണ്ടു തന്നെ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു എങ്കില്‍ അവര്‍ മടക്കി അയച്ച് കൃത്യത വരുത്താന്‍ ആവശ്യപ്പെടുമായിരുന്നില്ലേ ?
  9. രാഷ്ട്രീയ കുറുക്കന്മാര്‍ കള്ളത്തരം കാണിക്കുമ്പോള്‍ അതിബുദ്ധി കാണിക്കും. അതാണ് ‘മുഖ്യമന്ത്രിക്ക് കിടക്കാനുള്ള കട്ടില്‍ വാങ്ങാന്‍ ഒരു ലക്ഷം രൂപ’ എന്ന ആരോപണം . രാഷ്ട്രപതി അടക്കം വരുമ്പോള്‍ ഉപയോഗിക്കുന്ന ഗസ്റ്റ് ഹൗസ് നവീകരണത്തിന് ചിലവാക്കിയ പണമാണ് മുഖ്യമന്ത്രിക്കുള്ള കട്ടില്‍ എന്നാക്കി മാറ്റിയത്. ഈ കട്ടില്‍ ഇട്ടിട്ടുള്ളത് അന്നേ ദിവസം മുഖ്യമന്ത്രി കിടന്ന മുറിയിലും ആയിരുന്നില്ല. ഇത് മാതൃഭൂമി പത്രവും ചാനലും നടത്തിയ ട്വിസ്റ്റ് ആണ്.
  10. IIIC അഥവാ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനത്തിനാണ് അയ്യപ്പ സംഗമം കരാര്‍ നല്‍കിയത്. ഇത് ഊരാളുങ്കലിന്റെ സഹോദര സ്ഥാപനം അല്ല. സംസ്ഥാന ലേബര്‍ വകുപ്പിന് കീഴിലെ സ്ഥാപനം ആണ്. നിലവില്‍ ഈ സ്ഥാപനത്തിന്റെ ഓപ്പറേഷന്‍ ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ ആണെന്ന് മാത്രം . ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയിരിക്കുന്നത് തൊഴില്‍ വകുപ്പിന് കീഴിലെ IIIC ക്കാണ് . ബോര്‍ഡിലെ പരിമിതമായ ഉദ്യോഗസ്ഥരെക്കൊണ്ടു മാത്രം അതീവ സങ്കീര്‍ണമായ ഈ പരിപാടി നടത്തി വിജയിപ്പിക്കാന്‍ കഴിയില്ല എന്ന ബോധ്യം ഉള്ളത് കൊണ്ടാണ് കിഫ്ബി എംപാനല്‍ അംഗീകാരം ഉള്ള തൊഴില്‍ വകുപ്പിന് കീഴിലുള്ള IIIC യെ ദേവസ്വം ബേര്‍ഡ് ഇവന്റ് മാനേജ്മെന്റ് ഏജന്‍സിയായി കരാര്‍ നല്‍കിയത് .പരിമിത സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ലോകമെമ്പാടും ഉള്ള അതിഥികള്‍, കലാകാരന്മാര്‍, അവരുടെ താമസ സൗകര്യം അടക്കം നൂറായിരം പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ഒരു സര്‍കാര്‍ ഏജന്‍സിയെ ഏല്‍പ്പിച്ചതില്‍ ഒരു തെറ്റും ഇല്ല
  11. നവംബര്‍ ഏഴിന് ജില്ലാ ജഡ്ജി ആയ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുനന്ത ദേവസ്വം ബോര്‍ഡ് അഡ്വാന്‍സ് ആയി നല്‍കിയ മൂന്നു കോടി രൂപ തിരിച്ചു കിട്ടി എന്നാണ് . എന്നാല്‍ ഇക്കഴിഞ്ഞ ദിവസം ഇതേ സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ദേവസ്വം ബോര്‍ഡ് ജനറല്‍ ഫണ്ടില്‍ നിന്ന് നല്‍കിയ രണ്ടു കോടി തിരികെകിട്ടിയില്ല എന്നും. പണം തിരികെ ലഭിച്ചു എന്ന് നവംബറില്‍ പറഞ്ഞ അതേ വ്യക്തി ഫെബ്രുവരിയില്‍ തിരികെ കിട്ടിയില്ല എന്ന് പറയുന്നു. ഇതെങ്ങനെ ?
  12. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ദേവസ്വം ബോര്‍ഡില്‍ നിന്ന് ലഭിച്ച ജനറല്‍ ഫണ്ടില്‍ വകയിരുത്തിയിട്ടുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് യാതൊരു സ്ഥിരീകരണവും ഇല്ല. ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ഭാവിയില്‍ ദേവസ്വം ബോര്‍ഡിന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്.
  13. മൂന്നു കോടി രൂപ മാത്രമാണ് ചിലവഴിച്ചത് എന്ന് ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി എസ് പ്രശാന്ത് പറയുന്നു. ഈ മൂന്നു കോടി രൂപ പൂര്‍ണ്ണമായും സ്‌പോണ്‍സര്‍ഷിപ്പായി കിട്ടിയതാണ് . ഒരു കോടി രൂപ കൂടി സ്പോണ്‍സര്‍ഷിപ് ആയി വന്നിട്ടുണ്ട്. ചിലവ് ആയ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ 4.11.2025 ല്‍ കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജി എസ് ടി യും എന്നാണ്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചിലവായി എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്ന കണക്കില്‍ പറയുന്നത് . എങ്ങനെയാണ് കള്ളക്കണക്ക് ഓഡിറ്റര്‍ നല്‍കിയത് എന്ന് അന്വേഷിക്കപ്പെടണം.
  14. അയ്യപ്പ സംഗമം അവസാനിച്ച ദിവസം കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കിയതായി കണക്കാക്കി അനധികൃതമായി തുക എഴുതി എടുത്തു എന്ന നീചമായ ആരോപണം മനോരമ ഉന്നയിക്കുന്നു. അന്നദാന പ്രിയനായ അയ്യപ്പന്റെ നാമത്തില്‍ നടക്കുന്ന സംഗമം ആയതിനാല്‍ ഭക്ഷണത്തില്‍ വിവേചനം ഉണ്ടാകാന്‍ പാടില്ല എന്ന നിലപാട് ദേവസ്വം സ്വീകരിച്ചു . ദര്‍ശനത്തിന് എത്തിയ അയ്യപ്പ ഭക്തര്‍, ദിവസ വേതന തൊഴിലാളികള്‍, ഡോളി തൊഴിലാളികള്‍ തുടങ്ങി ഭക്ഷണ ശാലയില്‍ എത്തിയ എല്ലാവര്‍ക്കും ഭക്ഷണം നല്‍കിയിരുന്നു. കണക്കാക്കിയ സംഖ്യയുടെ ഇരട്ടിയില്‍ അധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട് .
    അയ്യപ്പ സംഗമം ധൂര്‍ത്തോ അനാവശ്യ പരിപാടിയോ ആയിരുന്നില്ല. കാലത്തിന്റെ ആവശ്യമായ മഹത്തായ ഒരു സംരംഭം ആയിരുന്നു അത്. ശബരിമലയുടെ യശസ്സും മഹത്വവും ലോകമെമ്പാടും എത്തിക്കാനുള്ള ശ്രമം ആയിരുന്നു അത് . കൊടിമരം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികള്‍ ആകുന്ന സാഹചര്യത്തില്‍ തെറ്റായ കണക്കുകള്‍ ഉദ്ധരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമം ആണ് നടത്തുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയ കുബുദ്ധികള്‍ ആണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News