
കൊച്ചിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിക്കിടെ ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി ഉന്നയിച്ച ചോദ്യവും തുടർന്നുണ്ടായ നാടകീയ രംഗങ്ങളും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. സദസ്സിലുള്ളവർക്ക് രാഹുൽ ഗാന്ധിയുമായി സംവദിക്കാൻ അവസരം നൽകിയപ്പോഴാണ് അതിഥി തൊഴിലാളി ചോദ്യവുമായി എഴുന്നേറ്റത്. കേരളം കൈവരിച്ച സാമൂഹിക-സാമ്പത്തിക വികസനം എന്തുകൊണ്ട് തന്റെ നാടായ ബംഗാളിൽ ഉണ്ടാകുന്നില്ല എന്ന വളരെ ഗൗരവകരമായ വിഷയമാണ് യുവാവ് ഹിന്ദിയിൽ ചോദിക്കാൻ ശ്രമിച്ചത്.
എന്നാൽ യുവാവിന്റെ ചോദ്യം കേട്ട് രാഹുൽ ഗാന്ധി വേദിയുടെ മുൻഭാഗത്തേക്ക് വന്ന് മറുപടി നൽകാൻ തയ്യാറായെങ്കിലും, വേദിയിലുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ ഇടപെടുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം മതിയെന്ന് ഷാഫി പറമ്പിൽ എം.പി നിർദ്ദേശിച്ചതിന് പിന്നാലെ, മറ്റ് നേതാക്കൾ ഇടപെട്ട് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൈക്ക് തട്ടിപ്പറിച്ചു. തനിക്ക് ഹിന്ദി അറിയാമെന്നും രാഹുൽ ഗാന്ധിയുടെ മറുപടി മനസ്സിലാക്കാൻ സാധിക്കുമെന്നും യുവാവ് ആവർത്തിച്ചു പറഞ്ഞെങ്കിലും നേതാക്കൾ അത് അനുവദിച്ചില്ല.
ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. എന്തുകൊണ്ടാണ് കേരളത്തിൽ വികസനമുണ്ടായപ്പോൾ ബംഗാൾ പിന്നോട്ട് പോയത് എന്ന ഒരു ബംഗാളി യുവാവിന്റെ ചോദ്യത്തിന് മൈക്ക് നിഷേധിക്കപ്പെട്ട സംഭവമാണ് പോസ്റ്റിൽ പ്രധാനമായും പരാമർശിക്കുന്നത്.
ബംഗാളിലെ നിലവിലെ അവസ്ഥയെക്കുറിച്ച് പോസ്റ്റ് ഗുരുതരമായ കണക്കുകൾ നിരത്തുന്നു. 2010-ൽ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് വന്ന അതിഥിത്തൊഴിലാളികളുടെ എണ്ണം രണ്ടര ലക്ഷമായിരുന്നെങ്കിൽ, മമത ബാനർജി അധികാരത്തിൽ വന്ന് 15 വർഷം പിന്നിടുമ്പോൾ അത് 7 ലക്ഷമായി ഉയർന്നുവെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. 2010-ൽ ദേശീയ ശരാശരിക്കൊപ്പമായിരുന്ന ബംഗാളിന്റെ പ്രതിശീർഷ വരുമാനം 2025-ഓടെ 75 ശതമാനത്തിലേക്ക് കൂപ്പുകുത്തിയതായും ഇതിൽ പറയുന്നു.
ജ്യോതിബസുവിന്റെ ഭരണകാലത്ത് ഭൂപരിഷ്കരണത്തിലൂടെയും വർഗ്ഗീയ സംഘർഷങ്ങൾ ഒഴിവാക്കിയും ബംഗാൾ കൈവരിച്ച നേട്ടങ്ങൾ പിൽക്കാലത്ത് തകർക്കപ്പെട്ടുവെന്നാണ് പോസ്റ്റിന്റെ വാദം. വ്യവസായ വികസനത്തിനായുള്ള ഇടതുപക്ഷ സർക്കാരിന്റെ ശ്രമങ്ങളെ മമതയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നക്സൽ ഗ്രൂപ്പുകളുടെയും സഖ്യം ഗൂഢനീക്കങ്ങളിലൂടെ അട്ടിമറിക്കുകയായിരുന്നുവെന്നും ഇതിൽ ആരോപിക്കുന്നു.
ബംഗാളിന് വിപരീതമായി കേരളം കൈവരിച്ച വികസന നേട്ടങ്ങളെക്കുറിച്ച് പോസ്റ്റ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2010-ൽ ദേശീയ ശരാശരിയേക്കാൾ 40 ശതമാനം ഉയർന്ന നിലയിലായിരുന്ന കേരളത്തിന്റെ ആളോഹരി വരുമാനം ഇന്ന് 75 ശതമാനം ഉയരത്തിലെത്തി. പ്രവാസികൾ അയയ്ക്കുന്ന പണം ഒഴിവാക്കിയുള്ള കണക്കുകൾ പ്രകാരം തന്നെ കേരളം ദേശീയ റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്തെത്തി.
നീതി ആയോഗിന്റെ വിവിധ സൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളം; ലൈഫ് പദ്ധതി, വിഴിഞ്ഞം തുറമുഖം, ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും ലോകോത്തര നിലവാരത്തിലേക്ക് വളർന്നു. കുപ്രചരണങ്ങൾക്കെതിരെ ജാഗ്രത എൽ.ഡി.എഫ് സർക്കാരിന്റെ ഈ നേട്ടങ്ങളെ തമസ്കരിക്കാൻ ചില മാധ്യമങ്ങളും മത-സാമുദായിക ശക്തികളും ചേർന്ന് ശ്രമിക്കുന്നതായി പോസ്റ്റ് ആരോപിക്കുന്നു. മീഡിയാ വൺ പോലുള്ള മാധ്യമങ്ങൾ ഇടതുപക്ഷ വിരുദ്ധ പ്രചരണ സാമഗ്രികൾ നിർമ്മിക്കുന്ന ജോലിയിലാണെന്നും, വികസന നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാനുള്ള ഈ നീക്കങ്ങളെ ജാഗ്രതയോടെ ചെറുക്കണമെന്നും കുറിപ്പ് ആവശ്യപ്പെടുന്നു.
പോസ്റ്റിന്റെ പൂർണരൂപം
ബംഗാളിയുടെ ചോദ്യം!
എന്ത് കൊണ്ട് കേരളത്തിൽ നല്ല വികസനമുണ്ടായപ്പോൾ ബംഗാൾ പിന്നോട്ട് പോയി എന്ന ചോദ്യമാണ് ആ ബംഗാളി യുവാവ് ചോദിച്ചത്. ദിവസ കൂലിക്ക് പണിക്ക് വന്നവൻ അരുതാത്ത ചോദ്യം ചോദിച്ചതിനാൽ പെട്ടെന്ന് മൈക്ക് നിഷേധിക്കപ്പെട്ടു.
വി.ഡി. സതീശൻ മുതൽ രാജു നായർ വരെയുള്ള കോൺസ്സുകാരും ഉത്തമ ഇടതുപക്ഷ നന്നാക്കികളും സി.പി.എം. കാരെ ആക്ഷേപിക്കുന്നത് സഖാക്കൾ ഭരിച്ചു മുടിച്ച ബംഗാളിൽ നിന്ന് എൽ.സി. സെക്രട്ടറി വരെ പൊറോട്ടയടിക്കാൻ വരുന്നുവെന്നാണ്. എന്താണ് യാഥാർത്ഥ്യം?
2010 ൽ ബംഗാളിൽ നിന്ന് കേരളത്തിലേയ്ക്ക് വന്നത് രണ്ടര ലക്ഷം അതിഥിത്തൊഴിലാളികളാണ്. മമത അധികാരത്തിൽ വന്ന് 15 വർഷം കഴിഞ്ഞപ്പോൾ അത് 7 ലക്ഷമായി ഉയർന്നു എന്താണ് കാരണം: ?
പശ്ചിമ ബംഗാളിൻ്റെ പ്രതിശീർഷ വരുമാനം 2010 ൽ ദേശീയ ശരാശരിയ്ക്കാപ്പമായിരുന്നുവെങ്കിൽ 2025 ൽ അത് 75 ശതമാനത്തിലേയ്ക്ക് കൂപ്പു കുത്തി.
ജ്യോതിബസു അധികാരമേൽക്കുമ്പോൾ തകർന്ന ഒരു ബംഗാൾ ആയിരുന്നു. വിഭജന കലാപത്തിൻ്റെ ഉണങ്ങാത്ത മുറിവുകൾ , 1971 ലെ അഭയാർത്ഥി പ്രവാഹം ഇതൊക്കെ കാരണങ്ങളായിരുന്നു. സർക്കാർ ആദ്യം ഭൂപരിഷ്കരണത്തിൽ ശ്രദ്ധയർപ്പിച്ചു. ഇന്ത്യയിൽ ഏറ്റവുമധികം കർഷകർക്ക് ഭൂമി ലഭിച്ച സംസ്ഥാനമായ് ബംഗാൾ മാറി. വർഗ്ഗീയ സംഘർഷങ്ങൾക്ക് അറുതിയുണ്ടായി. പതിയെപ്പതിയെ ബംഗാൾ മുന്നേറി. കേന്ദ്ര സർക്കാരുകളുടെ നിരന്തരമായ അവഗണനകളെയും വിവേചനങ്ങളെയും മറികടന്ന് 2010 ൽ ബംഗാൾ ദേശീയ ശരാശരി ക്കൊപ്പമെത്തി. ആ ഘട്ടത്തിലാണ് ബംഗാളിൻ ത്വരിതമായ വ്യവസായ വികസനം നടപ്പാക്കാനുള്ള ശ്രമങ്ങട്ടിലേയ്ക്ക് സർക്കാർ നീങ്ങി ചത്. എന്നാൽ മമതയുടെയും ജമാത്ത് ഇ ഇസ്ലാമിയുടെയും നക്സൽ മാവോവാദി ഗ്രൂപ്പുകളുടെയും സഖ്യം നടത്തിയ ഗൂഢ നീക്കങ്ങളിൽ ഇടതുപക്ഷം പുറത്താക്കപ്പെട്ടു.
കേരളത്തിലും സമാനമായ നീക്കങ്ങളാണ് നടക്കുന്നത്. 2010ലും 2015 ലും ദേശീയ ശരാശരിയുടെ 40 ശതമാനം ഉയർന്ന നിലയിലായിരുന്നു കേരളത്തിൻ്റെ ആളോഹരി വരുമാനം. ഇന്നത് 75 ശതമാനം ഉയരത്തിലായി. ദേശീയ റാങ്കിംഗിൽ പതിനൊന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി. പ്രവാസികൾ അയയ്ക്കുന്ന പണം ഒഴിവാക്കിയുള്ള കണക്കാണ് ഇതെന്നോർക്കണം സാമൂഹ്യ വികാസത്തിൻ്റെ എല്ലാ സൂചികകളിലും കേരളം മുന്നേറി. നീതി ആയോഗിൻ്റെ കണക്കിൽ നിരവധി ഒന്നാം സ്ഥാനങ്ങൾ കേരളത്തിനാണ്. ലൈഫ് പദ്ധതി, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ പദ്ധതികൾ, വ്യവസായവികസനം വിദ്യാഭ്യാസം, ആരോഗ്യം, ശ്യചിത്വം, ടൂറിസം. ഡിജിറ്റൽ സേവനങ്ങൾ, ക്രമസമാധാനം തുടങ്ങി ഏതു മേഖലയിലും കേരളം ലോകോത്തരമായി വളർന്നു. വിഴിഞ്ഞം പദ്ധതി അതിവേഗം രണ്ടാം ഘട്ട വികസനത്തിലേയ്ക്കെത്തി.
ജമാത്ത് ഇ ഇസ്ലാമിയ്ക്ക് വെറുതെയിരിക്കാനാവില്ല. മീഡിയാ വണ്ണിൻ്റെ ന്യൂസ് റൂം മൊത്തത്തിൽ എൽ.ഡി.എഫിനെതിരെയുള്ള സമൂഹമാധ്യമ പ്രചരണ സാമഗ്രികൾ നിർമ്മിക്കുന്ന ജോലിയിലാണ്. മാധ്യമങ്ങളുടെ പിന്തുണയിൽ മത – നാമുദായിക ശക്തികളെ കയ്യിലെടുത്ത് ഈ നേട്ടങ്ങൾ തമസ്കരിക്കാനുള്ള കഠിന യത്നത്തിലാണവർ.
ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ ജാഗ്രതയോടെ രംഗത്തിറങ്ങി ഈ ശ്രമത്തെ ചെറുത്തു തോൽപ്പിക്കണം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


