
സിംഗിൾ എടുത്തും മികച്ച ബോളുകളിൽ മാത്രം ഫോറടിച്ചും കളി വിജയിപ്പിക്കുന്ന ടെസ്റ്റ് കളിക്കാരന്റെ നിശ്ചദാർഢ്യവും ക്ഷമയും ചേർന്നതാണ് കെ.എൻ. ബാലഗോപാൽ എന്ന ധനകാര്യ മന്ത്രിയുടെ ഇന്നിങ്സെന്ന് ബിനീഷ് കോടിയേരി. സാമൂഹ്യ ക്ഷേമ പെൻഷൻ വർധനവ് അടക്കം വമ്പൻ പ്രഖ്യാപങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ്, ധനകാര്യ മന്ത്രിക്ക് കൂടി അഭിനന്ദങ്ങൾ അർപ്പിച്ചു കൊണ്ട് ബിനീഷ് കോടിയേരി എഴുതിയത്.
വികസന പദ്ധതികൾക്ക് കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോഴും, സാമ്പത്തികമായി ഞെരുക്കിയപ്പോഴും ധനമന്ത്രിയുടെ നേതൃത്വത്തിൽ, കേരളം തനതായ രീതിയിൽ ഫണ്ട് കണ്ടെത്തി. ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ക്ഷേമ പദ്ധതികൾക്കൊന്നും തന്നെ ഒരു മുടക്കവും വരുത്താതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഈ സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സിംഗിൾ എടുത്തും മികച്ച ബോളുകളിൽ മാത്രം ഫോറടിച്ചും കളി വിജയിപ്പിക്കുന്ന കളിക്കാരൻ ടെസ്റ്റ് കളിക്കാരന്റെ നിശ്ചദാർഢ്യവും ക്ഷമയും ചേർന്ന കെ.എൻ. ബാലഗോപാൽ എന്ന ധനകാര്യ മന്ത്രിയുടെ ഇന്നിങ്സ്.
ഇതൊരു സാധാരണ ഭരണ നേട്ടമല്ല, മറിച്ച് കേരളം ലോകത്തിന് മുന്നിൽ സമർപ്പിച്ച ഒരു നിശബ്ദ വിപ്ലവമാണ്! ഒരു ബഹളവുമില്ലാതെ, ശാന്തമായി, എന്നാൽ ലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാതെ നടത്തിയ ധീരമായ മുന്നേറ്റം.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എല്ലാവരും തള്ളിപ്പറയുകയും ‘സംസ്ഥാനം തകർന്നു’ എന്ന് പൊതുജനമധ്യത്തിൽ പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ, ഇടതുപക്ഷ സർക്കാർ അതിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെ കൃത്യതയോടുകൂടി നടപ്പാക്കി. അതിന്റെ ഫലമായിരുന്നു കഴിഞ്ഞ വർഷം നമ്മൾ ആഘോഷിച്ച സമൃദ്ധമായ ഓണം. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ഓണക്കാലത്തെ ജനജീവിതം ക്ഷേമകരമാക്കാൻ കഴിഞ്ഞത്, ഇത്തരത്തിലുള്ള ഒരു നിശബ്ദമായ സാമ്പത്തിക വിപ്ലവത്തിലൂടെയാണ്.
വികസന പദ്ധതികൾക്ക് കേന്ദ്രം ഫണ്ട് നിഷേധിച്ചപ്പോഴും, സാമ്പത്തികമായി ഞെരുക്കിയപ്പോഴും കേരളം തളർന്നില്ല. നമ്മുടെ ധനകാര്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ, കേരളം തനതായ രീതിയിൽ ഫണ്ട് കണ്ടെത്തുകയും ചെയ്തു. ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ക്ഷേമ പദ്ധതികൾക്കൊന്നും തന്നെ ഒരു മുടക്കവും വരുത്താതെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഈ സർക്കാരിന് സാധിച്ചു. കേരളത്തെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ നമ്മൾ ഇച്ഛാശക്തികൊണ്ട് മറികടന്നു.
രണ്ടാം തവണ അധികാരത്തിൽ വന്ന ഒരു സർക്കാരിലെ ധനകാര്യ മന്ത്രി എന്ന നിലയിൽ സഖാവ് കെ.എൻ. ബാലഗോപാലിന് മുന്നിലുണ്ടായിരുന്നത് വെല്ലുവിളികളുടെ ഒരു കൊടുങ്കാറ്റായിരുന്നു.
തുടർച്ചയായ പ്രളയങ്ങളും കോവിഡ് മഹാമാരിയും ചേർന്ന് തകർത്തെറിഞ്ഞ ഒരു സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു ഒന്നാമത്തെ കടമ്പ.
ഈ വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിഭവങ്ങൾ തീർത്തും പരിമിതമായിരുന്നു. ജിഎസ്ടി നിലവിൽ വന്നതോടെ നികുതി നിർണ്ണയത്തിലും സാമ്പത്തിക സമാഹരണത്തിലും ഒരു സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിക്ക് ‘അത്ഭുതങ്ങൾ’ കാണിക്കാനുള്ള സ്പെയ്‌സ് ഇല്ലാതായി.
കേരളം എന്ന പ്രതീക്ഷയുടെ തുരുത്തിനെ, രാജ്യത്തെ ബദൽ നയങ്ങളുടെ തുരുത്തിനെ ഇല്ലാതാക്കാൻ വേണ്ടി കേന്ദ്ര സർക്കാർ കൃത്യമായ അജണ്ടയോടെ നടപ്പിലാക്കിയ പ്രതികാര നടപടികൾ ഇദ്ദേഹത്തിന് വലിയ തടസ്സങ്ങളുണ്ടാക്കി.
ഈ സമ്മർദ്ദങ്ങൾക്കിടയിൽ പേടിച്ച് വീണുപോകാന്‍ പോയ സന്ദര്‍ഭങ്ങളുണ്ട്. എന്നാൽ, ഒരു പ്രതിസന്ധി ഘട്ടത്തിലെ മികച്ച കളിക്കാരനെപ്പോലെ, സഖാവ് ബാലഗോപാൽ ക്രീസിൽ ഉറച്ചുനിന്നു. അദ്ദേഹം നല്ല ഫൂട്ട് വർക്കോട് കൂടി ബൗളിംഗ് പിച്ച് ആണെന്ന് കൃത്യമായി മനസ്സിലാക്കി. എല്ലാ ബോളുകളിലും സിക്സും ഫോറും അടിക്കാൻ ശ്രമിക്കാതെ, സിംഗിളുകളെടുത്തും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തും ശ്രദ്ധയോടെ ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി.
ഇപ്പോൾ ഏതാണ്ട് ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇതേവരെ സംഭരിച്ചു വെച്ച സകല ഊർജ്ജവുമെടുത്ത്, സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കായി പൊരുതാനാണ് ഇപ്പോൾ ആ മനുഷ്യന്റെ ശ്രമം. പരിമിതികളിൽ നിന്നുകൊണ്ട് ഈ ഗവൺമെന്റിന്റെ എല്ലാ ഓണക്കാലങ്ങളും – പ്രളയകാലത്തും, കോവിഡ് കാലത്തും, സാമ്പത്തിക ഞെരുക്കത്തിന്റെ കാലത്തും – കേങ്കയമാക്കിക്കൊടുത്ത ധനകാര്യ മന്ത്രിയാണ് സഖാവ് കെ.എൻ. ബാലഗോപാൽ.
പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഏത് പ്രതികൂല സാഹചര്യത്തിലും നടപ്പിലാക്കണം എന്ന ഉറച്ച ബോധ്യമുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്, തന്റെ ധനകാര്യ കൈകാര്യ വൈദഗ്ധ്യം കൊണ്ട് എല്ലാവിധ പിന്തുണയും നൽകുന്ന ശക്തനായ സഖാവാണ് ബാലഗോപാൽ. ഈ പോരാട്ടത്തിൽ അദ്ദേഹത്തിന് തീർച്ചയായും കേരളത്തിലെ ജനങ്ങൾ ഒന്നാകെ കൂടെ ഉണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

