
ഇടത് വികസന മുന്നേറ്റ ജാഥകൾക്ക് നല്ല ജനപിന്തുണയുണ്ടെന്നും എൽഡിഎഫ് ഭരണ തുടർച്ച ജനങ്ങൾ പൊതുവിൽ ചിന്തിക്കുന്നുണ്ടെന്നും ബിനോയ് വിശ്വം. ഈ ജാഥയ്ക്ക് പുറകിൽ കനഗോലുമാരില്ലെന്നും കോൺഗ്രസിനെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. നെൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസ് ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായും ഇതിന് പിന്നിൽ ഇന്ത്യ – അമേരിക്ക വ്യാപാരക്കരാർ ആണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഇന്ത്യയുടെ കഴുത്തിൽ പിടിമുറുക്കിയ ഉടമ്പടിയാണ് അമേരിക്കയുമായി കേന്ദ്രം ഒപ്പിട്ടതെന്നും അദ്ദേഹം വിമർശിച്ചു.
ഈ വ്യാപാര കരാർ ഇന്ത്യൻ കൃഷിയെയും ക്ഷീരമേഖലയെയും തകർക്കുമെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും വലിയ കരാർ പാർലമെന്റിനെയോ ജനങ്ങളെയോ അറിയിക്കാതെ ട്രംപിന്റെ ഒരു ട്വീറ്റിലൂടെയാണ് പുറത്തുവന്നതെന്നും ചൂണ്ടിക്കാട്ടി.
ALSO READ; യുഡിഎഫും ബിജെപിയും ഓരേ വികസന വിരുദ്ധ തൂവൽ പക്ഷികൾ; ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങുന്നു: ജോസ് കെ മാണി
കേന്ദ്ര ബജറ്റിനെ പറ്റിയുള്ള ചർച്ചകളിൽ ബിജെപിയെ വിമർശിക്കാൻ കോൺഗ്രസ് ഭയപ്പെടുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയെ ഭയക്കുന്നത് കൊണ്ടാണ് യുഡിഎഫ് നിയമസഭയിൽ നിന്ന് വോക്കൗട്ട് നടത്തി ഒളിച്ചോടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ട്രംപിനെ മോദി ഭയക്കുന്ന പോലെ ബിജെപിയെ കോൺഗ്രസിനും ഭയമാണെന്ന് ബിനോയ് വിശ്വം പരിഹസിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലാണെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരായാലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എൽഡിഎഫ് സ്വീകരിക്കില്ലെന്നും ആവർത്തിച്ചു.
ആർഎസ്എസ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുമായി എൽഡിഎഫിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മതങ്ങളിലും പെട്ട വിശ്വാസികളെ സർക്കാർ ചേർത്തുപിടിക്കുമെന്നും, എന്നാൽ മതഭ്രാന്തിനെയോ മതതീവ്രവാദത്തെയോ ഇടതുപക്ഷം അംഗീകരിക്കില്ലെന്നും ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

