ക്രിസ്തുമസ് പാപ്പാ തലപ്പാവ് വിറ്റവരെ ആട്ടിയോടിച്ച സംഘപരിവാർ തീവ്രവാദികൾ: കൊല്ലം രൂപത ബിഷപ്പ് റവ. പോൾ ആന്റണി മുല്ലശ്ശേരി

KOLLAM BISHOP

രാജ്യത്ത് വർദ്ധിച്ചുവരുന്ന മതവിദ്വേഷത്തിനും സഹിഷ്ണുതയില്ലായ്മയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി കൊല്ലം രൂപത ബിഷപ്പ് റവ. പോൾ ആന്റണി മുല്ലശ്ശേരി. വഴിയോരങ്ങളിൽ ക്രിസ്മസ് തൊപ്പികളും (സാന്താക്ലോസ് പാപ്പയുടെ തലപ്പാവ്) മറ്റ് ആഘോഷ സാമഗ്രികളും വിൽക്കുന്നവരെ ആട്ടിയോടിക്കുന്ന തീവ്രവാദ നിലപാടുകൾ രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്ന് അദ്ദേഹം പറഞ്ഞു.

ക്രിസ്മസ് ആഘോഷങ്ങളോ ക്രിസ്തുവിന്റെ ചിഹ്നങ്ങളോ പാടില്ലെന്നും, ഇവിടെ ഒരു പ്രത്യേക വിഭാഗം മാത്രം മതിയെന്നും പറഞ്ഞ് ചിലർ ആളുകളെ ഭയപ്പെടുത്തുകയാണ്. ഇത്തരം പ്രവണതകൾ സ്നേഹത്തിന് പകരം വിദ്വേഷമാണ് പടർത്തുന്നത്. “വളരെ കഷ്ടപ്പെട്ട് സാധനങ്ങൾ വിൽക്കാൻ ശ്രമിക്കുന്നവരെ ഭയപ്പെടുത്തി ഓടിക്കുന്നത് സ്നേഹം വളർത്താൻ സഹായിക്കില്ല. സ്നേഹം വളരാത്ത ഒരു സമൂഹത്തിന് പുരോഗതി കൈവരിക്കാനാവില്ല,” ബിഷപ്പ് ഓർമ്മിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ചിലർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിയേക്കാമെങ്കിലും അത് രാജ്യത്തെ തളർത്തുകയും നശിപ്പിക്കുകയും മാത്രമേ ചെയ്യൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നമുക്ക് വേണ്ടത് യൂണിഫോർമിറ്റിയല്ല (ഏകരൂപം), മറിച്ച് യൂണിറ്റിയാണ് (ഐക്യം) എന്ന് ബിഷപ്പ് വ്യക്തമാക്കി. രാജ്യത്തെ എല്ലാ മനുഷ്യരെയും ഒരുപോലെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥത്തിൽ ദൈവത്തെ സ്നേഹിക്കുന്നവൻ. ക്രിസ്തുവിന്റെ ജനനസമയത്ത് പോലും പാവപ്പെട്ട ആട്ടിടയന്മാരും ദൂരദേശങ്ങളിൽ നിന്നുള്ള രാജാക്കന്മാരും ഒത്തുചേർന്നത് വൈവിധ്യമാർന്ന ഒരു സമൂഹത്തിന്റെ ഒത്തുചേരലിനെയാണ് സൂചിപ്പിക്കുന്നത്.

ALSO READ: ‘മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ അന്ധകാരത്തിന്റേത്; ഇതിനോട് രാജ്യം ഭരിക്കുന്നവർ മൗനം പാലിക്കുന്നത് ദുഃഖകരം’; മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

മതവിദ്വേഷം പടർത്തുന്നവർക്കിടയിൽ മാനവികതയുടെ ഉദാത്തമായ ഉദാഹരണമായി ഉദയംപേരൂരിലെ അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ മൂന്ന് ഡോക്ടർമാർ നടത്തിയ ശ്രമങ്ങളെ ബിഷപ്പ് ചൂണ്ടിക്കാട്ടി. അപകടത്തിൽപ്പെട്ടയാൾ ആരാണെന്ന് പോലും നോക്കാതെ ജീവൻ രക്ഷിക്കാൻ അവർ കാണിച്ച ആ നല്ല മനസ്സ് എല്ലാ മനുഷ്യരിലും ഉണ്ടാകണം.

വിശ്വാസത്തിന്റെയോ നിറത്തിന്റെയോ സമ്പത്തിന്റെയോ ലിംഗത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്താതെ എല്ലാവരെയും ഉൾക്കൊള്ളാനുള്ള സന്ദേശമാണ് ക്രിസ്മസ് നൽകുന്നത്. ലോകത്തെയും രാജ്യത്തെയും സംരക്ഷിക്കാൻ സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കാൻ എല്ലാവർക്കും സാധിക്കണമെന്ന് ബിഷപ്പ് തന്റെ സന്ദേശത്തിൽ ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News