
തിരുവനന്തപുരം കോർപ്പറേഷനിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച് ജീവനൊടുക്കിയ ആനന്ദ് കെ. തമ്പിയുടെ അമ്മയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മന്ത്രി വി ശിവൻ കുട്ടി.
മകന്റെ അപ്രതീക്ഷിതമായ വേർപാട് ആ അമ്മയെ വല്ലാതെ തളർത്തിയിരുന്നുവെന്നും മകന്റെ വിയോഗം ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്നും കരകയറാൻ ടീച്ചർക്ക് സാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ആ നീറുന്ന ഓർമ്മകളുമായി വിടവാങ്ങിയ ടീച്ചറുടെ വിയോഗം കുടുംബത്തിനും ശിഷ്യഗണങ്ങൾക്കും തീരാനഷ്ടമാണെന്നും അധ്യാപികയുടെയും മകന്റെയും വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
റിട്ട. അധ്യാപിക കെ. ശാന്തമ്മയുടെ വിയോഗവാർത്ത അതീവ വേദനയോടെയാണ് ശ്രവിച്ചത്. തിരുവനന്തപുരം ജയ് നഗർ സരോവരത്തിൽ താമസിച്ചിരുന്ന ശാന്തമ്മ ടീച്ചറുടെ മരണം, മകൻ ആനന്ദ് കെ. തമ്പിയുടെ ദാരുണമായ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് എന്നത് ഈ ദുരന്തത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു.
നവംബർ 16-നാണ് ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച് ആനന്ദ് കെ. തമ്പി ജീവനൊടുക്കിയത്. മകന്റെ അപ്രതീക്ഷിതമായ വേർപാട് ആ അമ്മയെ വല്ലാതെ തളർത്തിയിരുന്നു. മകന്റെ വിയോഗം ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്നും കരകയറാൻ ടീച്ചർക്ക് സാധിച്ചില്ല. ശാരീരികമായും മാനസികമായും തളർന്ന ടീച്ചർ, ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.
ഒരു അധ്യാപിക എന്ന നിലയിൽ തലമുറകൾക്ക് അറിവ് പകർന്നുനൽകിയ വ്യക്തിത്വമായിരുന്നു ശാന്തമ്മ ടീച്ചർ. മകന്റെ മരണത്തിന് പിന്നാലെ, ആ നീറുന്ന ഓർമ്മകളുമായി വിടവാങ്ങിയ ടീച്ചറുടെ വിയോഗം കുടുംബത്തിനും ശിഷ്യഗണങ്ങൾക്കും തീരാനഷ്ടമാണ്.
അധ്യാപികയുടെയും മകന്റെയും വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


