
ഇന്നലെ പാലക്കാട് നടന്ന ചെന്നാൽ ചർച്ചയ്ക്കിടെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രശാന്ത് ശിവനെ വിമർശിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ രംഗത്തെത്തിയത്. പാലക്കാട് ബിജെപി പ്രസിഡന്റിന്റെ ഗുണ്ടായിസം ബിജെപി ഓഫീസിൽ തന്നെ വച്ചാൽ മതി എന്നു പറഞ്ഞ പി എം അർഷോയ്ക്ക് അഭിനന്ദനങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
ഇന്നലെ നടന്ന ചർച്ചയിൽ എന്താണ് നടന്നതെന്ന് വിശദമായി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ദിപിൻ ജയ്ദീപ്. ചർച്ചയിൽ പങ്കെടുത്ത പല ആളുകളും ബി ജെ പി പ്രതിനിധിയായ പ്രശാന്ത് ശിവനോട് ചോദ്യങ്ങൾ ഉയർത്തുമ്പോൾ, കൃത്യമായ മറുപടി ഇല്ലാത്ത സാഹചര്യം കാണുകയുണ്ടായി. അതിന് പല ഉദാഹരണങ്ങളും ദിപിൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ദിപിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്:
ഇന്നലെ പാലക്കാട് നടന്ന സംവാദം കേൾക്കുകയായിരുന്നു…
വളരെ പൊതുവായ, ജലവിതരണ പൈപ്പ് പൊട്ടിയത് പോലുള്ള പ്രശ്നങ്ങൾ വരുമ്പോൾ അത് പരിഹരിക്കാൻ ആയി എന്തെങ്കിലും ചെയ്യാൻ ജനങ്ങൾ പ്രദേശത്തെ കൗൺസിലറെ തേടുമ്പോൾ ബിജെപിയുടെ കൗൺസിലറെ കണ്ടുകിട്ടാനില്ല എന്ന് ഒരാൾ ( സിപിഎം അനുഭാവി ആണെന്ന് തോന്നുന്നു) ആരോപണമുന്നയിച്ചപ്പോൾ ബിജെപിയുടെ ജില്ലാ അധ്യക്ഷൻ മറുപടി പറയുന്നത്, അത് വാട്ടർ അതോറിറ്റിയുടെ ഉത്തരവാദിത്തം ആണെന്നും, വാട്ടർ അതോറിറ്റി സംസ്ഥാന സർക്കാരിന് കീഴിൽ വരുന്നതാണെന്നും, ആയതുകൊണ്ട് തങ്ങൾക്ക് അതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും, അല്പം വിവരമുള്ള രീതിയിൽ സംസാരിക്കണം പറയുന്ന കാര്യത്തെക്കുറിച്ച് ബോധം ഉണ്ടാവണം എന്നൊക്കെയാണ്…
താൻ സംസാരിക്കുമ്പോൾ ഇടയിൽ സംസാരിക്കാൻ വന്ന വേദിയിലിരിക്കുന്നവരോട്, ഒരാൾ സംസാരിക്കുകയല്ലേ പറഞ്ഞു തീർക്കാൻ വിടണം എന്നു പറയുന്ന പ്രശാന്ത് ശിവൻ ആ മര്യാദ സിപിഎം പ്രതിനിധിയായി വന്ന ആർഷോ സംസാരിക്കുമ്പോൾ കാണിക്കുന്നുണ്ടായിരുന്നില്ല.
മാത്രമല്ല, ഏറ്റവും വലിയ ആരോപണമായി അദ്ദേഹം ഉന്നയിക്കുന്നത് അരിവാൾ ചുറ്റിക ചിഹ്നത്തിൽ സിപിഎമ്മിന് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ പറ്റുമോ എന്നുള്ളതാണ്. അതിനു മറുപടിയായി ആർഷോ പറയുന്നുണ്ട്, ഞങ്ങളുടെ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നവർ വേണോ? സ്വതന്ത്ര സ്ഥാനാർത്ഥികൾ വേണോ ഘടകകക്ഷിയുടെ ആളുകൾ വേണോ എന്നൊക്കെ ഉള്ളത് ഞങ്ങളല്ലേ തീരുമാനിക്കേണ്ടത് എന്നാണ്.
നഗരസഭയിലും, നിയമസഭാ മണ്ഡലത്തിലും പ്രധാന മത്സരം ബിജെപിയും കോൺഗ്രസും തമ്മിലാണ്, എങ്കിലും നിയമസഭയിൽ ആയാലും നടുറോട്ടിൽ ആയാലും രാഷ്ട്രീയം സംസാരിക്കാൻ കോൺഗ്രസുകാർക്ക് സാധിക്കാറില്ല. അതുകൊണ്ടുതന്നെ പക്വതയോടെ ഒരു രാഷ്ട്രീയ സംവാദത്തിൽ എന്തെങ്കിലും പോയിന്റുകൾ ഉന്നയിക്കാൻ പോലും കോൺഗ്രസ് പ്രതിനിധിക്ക് കൃത്യമായി സാധിക്കുന്നില്ല. നഗരസഭയിലെ പ്രശ്നങ്ങൾ നിരത്താനോ എന്താണ് ബിജെപി നഗരസഭ ഭരണത്തിന് ബദലായി തങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ പോകുന്ന ബദൽ രാഷ്ട്രീയം എന്ന് പറയാനോ അവർക്ക് പറ്റുന്നില്ല. പകരം ഭരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയും ഭരിക്കുന്ന നഗരസഭയ്ക്ക് എതിരെയും അടച്ച് വെടിവെക്കുക മാത്രമാണ് കോൺഗ്രസ് പ്രതിനിധി അവിടെ ചെയ്തത്. അതുകൊണ്ടുതന്നെ ചർച്ചയുടെ പ്രധാന രീതി ബിജെപിയും സിപിഎമ്മും തമ്മിലുള്ള അടിയായി മാറുകയായിരുന്നു.
പൊതുവേ തീരെ പക്വത ഇല്ലാതെയാണ് ആർഷോ സംസാരിക്കാറുള്ളത് എന്ന് തോന്നാറുണ്ട്. തിരുവനന്തപുരത്ത് സമരത്തിനിടയിൽ സംസാരിച്ചതും മുൻപ് വലിയ രീതിയിൽ ആരോപണമുന്നയിക്കപ്പെട്ടിട്ടുള്ളത് ഒക്കെ ആർഷോയുടെ വായിൽ നിന്ന് വന്ന ഒട്ടും പക്വതയില്ലാത്ത അംഗീകരിക്കാൻ പറ്റാത്ത അത്ര മോശമായ സംസാര രീതിയായിരുന്നു. എന്നാൽ, ഇന്നലെ നടന്ന സംവാദത്തിൽ വളരെ പക്വതയോടെ സംസാരിക്കുന്ന ആർഷോയെയാണ് കണ്ടത്. ഒരു ജനാധിപത്യ സംവാദത്തിൽ മാതൃകാപരമായി എങ്ങനെ ഇടപെടണം എന്ന് ആർഷോ ഇന്നലെ കാണിച്ചു തന്നു. രാഷ്ട്രീയവും, തെരഞ്ഞെടുപ്പിന്റെ പദ്ധതികളും ഒക്കെ സംസാരിക്കാൻ ആർഷോ ശ്രമിക്കുകയും ചെയ്തു. അതു തന്നെയാണല്ലോ ഇത്തരം ചർച്ചകളിൽ വേണ്ടത്…
എന്നാൽ തുടക്കം മുതൽ വെല്ലുവിളിയുടെ ഭാഷയിൽ സംസാരിച്ച പ്രശാന്ത് ശിവൻ, തങ്ങൾ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും മത്സരിക്കുന്നത് വിജയിക്കാൻ വേണ്ടിയാണെന്നും പാലക്കാടും അതിൽ ആത്മവിശ്വാസം ഉണ്ടെന്നും ആർഷോ പറയുമ്പോൾ, താൻ തന്റെ മുടി നീട്ടി വളർത്തും എന്നും അയാളുടെ സ്വന്തം വാർഡ് ആയ മൂത്താൻ തറയിൽ സിപിഎം ജയിക്കുമോ അതോ അയാളുടെ മുടി ” ചെരയ്ക്കാൻ” അവർ വരുമോ എന്നും വെല്ലുവിളിക്കുകയായിരുന്നു…
ഒരു പ്രമുഖ ചാനലിന്റെ, തുറന്ന വേദിയിൽ നടക്കുന്ന രാഷ്ട്രീയ സംവാദത്തിൽ നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് പോലും ബിജെപി പാർട്ടി ഉയർത്തി കാണിച്ചു കൊണ്ടിരിക്കുന്ന അവരുടെ ജില്ലാ അധ്യക്ഷന്റെ വാക്കുകളാണ് ഇത്.
സ്വകാര്യ ഇടങ്ങളിൽ സംസാരിക്കുമ്പോൾ പോലും അങ്ങേയറ്റം നിലവാരമില്ലാത്ത ഈ ഒരു ഭാഷ യാതൊരു സങ്കോചവുമില്ലാതെ ലോകം മുഴുവൻ കാണുന്ന ഒരു ചാനലിന്റെ ക്യാമറയ്ക്ക് മുമ്പിൽ നെഞ്ചുവിരിച്ച് നിന്ന് പറയണമെങ്കിൽ സാമാന്യ തൊലിക്കട്ടി ഒന്നും പോരാ 🫣😌
വളരെ പ്രായമായ ഒരു മനുഷ്യൻ എഴുന്നേറ്റുനിന്ന് ഈ ചരക്കുക എന്നൊക്കെ പറയുന്നത് അൺപാർലമെന്ററി ആയ പദപ്രയോഗമാണ് അത് പിൻവലിക്കണം എന്ന് പറയുന്നുണ്ട്.
അപ്പോൾ വീണ്ടും പ്രശാന്ത് ശിവൻ ” ഏതാണ് ഇതിൽ ഇപ്പോൾ അൺപാർലമെന്ററി എന്ന് തിരിച്ചും ചോദിക്കുന്നു… “
എന്നിട്ട് അയാളോട് പറയുകയാണ് ഇതിനേക്കാൾ അൺപാർലമെന്ററി ആയിട്ട് നിങ്ങളുടെ കെപിസിസി പ്രസിൻഡന്റ് പ്രതിപക്ഷ നേതാവിനെ വിളിച്ചിട്ടുണ്ട്… എന്നൊക്കെ പറഞ്ഞു വീണ്ടും വീണ്ടും പറഞ്ഞതിൽ തന്നെ ഉറച്ചുനിൽക്കാൻ ശ്രമിക്കുകയാണ്.
അവതാരകനായ അയ്യപ്പദാസ് ( മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ) ആളുകളുടെ ബഹളം കാരണം പ്രശാന്ത് ശിവനോട് താൻ സംസാരിച്ച അൺപാർലമെന്ററി ആയ പ്രയോഗം പിൻവലിക്കണം അതൊരു മോശം പ്രയോഗമാണ് നമുക്ക് സഭ്യമായ ഭാഷയിലൂടെ ചർച്ച ചെയ്താൽ പോരേ എന്ന് പറയുന്നുണ്ട്.
അപ്പോൾ വീണ്ടും വീണ്ടും പ്രശാന്ത് ശിവൻ അതുതന്നെ ആവർത്തിക്കുകയാണ്. ” മൂത്താൻ തറയിൽ ഇവർ ജയിച്ചാൽ ഞാൻ ഇവർക്ക് ചെരയ്ക്കാൻ നിന്നു കൊടുക്കാം.. ” എന്ന്…
തുടർന്ന്… സിപിഎമ്മ് പാലക്കാട് നഗരസഭയിൽ സ്വന്തം പാർട്ടി ചിഹ്നത്തിൽ 10 സീറ്റ് തികച്ചുപിടിച്ചാൽ താൻ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും എന്നും വെല്ലുവിളിക്കുന്നു.
തുടർന്ന് സംസാരിക്കാൻ അവസരം കിട്ടുന്ന ആർഷോ ” മുൻപ് സംസാരിച്ച പ്രശാന്ത് ശിവന്റെ സംസാരരീതി നോക്കി ആർഎസ്എസുകാരുടെയും ബിജെപിക്കാരുടെയും സംസാരരീതി എന്താണെന്ന് ഇത് കാണുന്ന പ്രേക്ഷകർ തീരുമാനിക്കട്ടെ ” എന്ന് പറയുന്നു.
അപ്പോൾ ഇടയിൽ കയറുന്ന പ്രശാന്ത് ആർഷായെ സംസാരിക്കാൻ അനുവദിക്കുന്നില്ല… തുടർച്ചയായി ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ, തന്റെ ഗുണ്ടായിസം ബിജെപി ഓഫീസിൽ വച്ചാൽ മതി എന്നു പറയുകയും തന്റെ സ്ഥാനത്തുനിന്ന് ഇറങ്ങി പ്രശാന്ത് ശിവൻ ആർഷോയുടെ നേർക്ക് വന്ന് ആക്രമിക്കുകയും ആണ് ഉണ്ടായത്…
എല്ലാം ഇതിൽ നിന്ന് വ്യക്തമാണ്….
ഈ ചർച്ചയിൽ ജനാധിപത്യം, പ്രതിപക്ഷ ബഹുമാനം, സഭ്യമായ ഭാഷ, രാഷ്ട്രീയം എന്നതൊന്നും കാണാൻ കഴിയുന്നില്ല. പകരം മസിൽ പവർ, അൺപാർലമെന്ററി പദപ്രയോഗങ്ങൾ, ഫാഷിസ്റ്റ് രീതികൾ ഒക്കെയാണ് കാണുന്നത്.
ശുഭം!
അതേസമയം, പല കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി ജെ പി പേജുകളിൽ നിന്നും പി എം ആർഷോയെ പരിഹസിച്ച് നിരവധി പോസ്റ്റുകളാണ് ഉയരുന്നത്. ഈ ഇലക്ഷൻ സമയത്ത് ഭോഷമുള്ള ആർക്കും മനസിലാക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട്. സി പി ഐ എമ്മിനെതിരെ യാതൊരു നാണവുമില്ലാതെ ബി ജെ പി യുടെ കൂടെ നിൽക്കാൻ തയാറായിരിക്കുകയാണ് കോൺഗ്രസ്. ഈ വിഷയം മാത്രമല്ല, പല വിഷയങ്ങളിലും, സി പി എം നെ വിമർശിച്ചുകൊണ്ട്, ബി ജെ പി യുടെ കൂടെ ഒരു നാണവും ഇല്ലാതെ നിൽക്കുന്ന കോൺഗ്രസിനെ നമ്മൾ കണ്ടിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുകയാണ് ടിറ്റോ ആന്റണി മേച്ചേരി. സി പി ഐ എമ്മിനെതിരെ യാതൊരു നാണവുമില്ലാതെ ബി ജെ പി യുടെ കൂടെ നിൽക്കാൻ തയാറാകുന്ന വർഗം. ഈ രാജ്യത്ത് ആർ എസ് എസിന് ഇത്ര മേൽ സ്വാധീനമുണ്ടാക്കാൻ വഴി തെളിച്ച ബാബറി മസ്ജിദ് വിഷയം മുതൽ കോൺഗ്രസിൻ്റെ മൗനാനുവാദവും പിന്തുണയും ബി ജെ പി ക്കുണ്ട്. ആർ എസ് എസ് ൻ്റെ കൊലക്കത്തിക്കിരയായി സി പി ഐ എം പ്രവർത്തകർ മരിച്ച ഘട്ടത്തിലെല്ലാം കോൺഗ്രസുകാരും ലീഗുകാരും സംഘ പരിവാറിന് കയ്യടിക്കുകയായിരുന്നു..ഒരു പാർട്ടിയുടെ ജില്ലാ പ്രസിഡൻ്റാണ്… എന്തായിരിക്കും ആ പാർട്ടിയുടെ അണികളുടെ നിലവാരം ..ഇവനെയൊക്കെ നേതാവായി ചുമക്കുന്ന പാലക്കാട് ബിജെപിയുടെ ഗതികേട് ആലോചിച്ച് നോക്കൂ…മനോരമയോടാണ്….നാലാം ക്ലാസ് കൂതറയെ ചർച്ചയ്ക്ക് വിളിച്ചു കൊണ്ടുവന്ന് അയാൾ നടത്തുന്ന അക്രമത്തെ തർക്കമെന്ന് ലഘൂകരിക്കുന്ന തോന്ന്യാസത്തിൻ്റെ പേര് മാധ്യമ പ്രവർത്തനം എന്നല്ല…പാലക്കാട് ബിജെപി പ്രസിഡന്റിന്റെ ഗുണ്ടായിസം ബിജെപി ഓഫീസിൽ തന്നെ വച്ചാൽ മതി എന്നു പറഞ്ഞ പി എം അർഷോക്ക് അഭിവാദ്യങ്ങൾ എന്ന് ടിറ്റോ ആന്റണി ഫേസ്ബുക്കിൽ കുറിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

