
തദ്ദേശ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥിയെ നിർത്തുകയും വമ്പൻ വിജയം നേടുമെന്നടക്കമുള്ള ബിജെപിയുടെ അവകാശവാദങ്ങളെല്ലാം വൃഥാവിലാകുന്ന സ്ഥിയാണിപ്പോൾ. തെരഞ്ഞെടുപ്പ് വിജയിക്കുന്നത് പോയിട്ട് നിർണായക സ്വാധീനമുള്ള സ്ഥലങ്ങളിൽ പോലും സ്ഥാനാർത്ഥിയെ നിർത്താൻ കഴിയാത്ത തരത്തിലേക്ക് ബിജെപി എത്തിയിരിക്കുകയാണ്.
ഇത്തവണ എല്ലാ വാർഡിലും സ്ഥാനാർഥിയെ നിർത്തുമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രഖ്യാപനം. എന്നാൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പാർട്ടി നേതൃത്വം അവകാശപ്പെടുന്ന സ്ഥലങ്ങളിൽ പോലും സ്ഥാനാർത്ഥിയെ കണ്ടെത്താൻ ബിജെപിക്ക് ആയില്ല. മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ സീറ്റുകളിൽ സ്ഥാനാർഥികളിലാത്തത്. മലപ്പുറത്ത് 1200 സീറ്റുകളിലും കണ്ണൂരിൽ 391 സീറ്റുകളിലും എൻഡിഎയ്ക്ക് സ്ഥാനാർഥികളില്ല.
നഗരസഭകളിലെടുത്തു നോക്കിയാൽ പുനലൂർ, അടൂർ, തിരുവല്ല, മൂവാറ്റുപുഴ, മലപ്പുറം, കളമശ്ശേരി തുടങ്ങി പല നഗരസഭകളിലും നിരവധി വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥികളെ കണ്ടെത്താനായില്ല. സംസ്ഥാനത്താകെ അഞ്ഞൂറോളം മുനിസിപ്പൽ വാർഡുകളിലാണ് ബിജെപി സ്ഥാനാർഥികളെ നിർത്താത്തത്. പുനലൂർ നഗരസഭയിലെ കഴിഞ്ഞതവണത്തെ സ്ഥാനാർഥി കൊല്ലപ്പെട്ട വാർഡിലടക്കം, 13 വാർഡുകളിൽ ബിജെപി ഇത്തവണ മത്സരത്തിനില്ല എന്നതാണ് യാഥാർഥ്യം. വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ 5 നഗരസഭാ വാർഡിലും 43 പഞ്ചായത്ത് വാർഡിലും 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബിജെപി സ്ഥാനാർഥികളെ നിർത്തിയിട്ടില്ല.
പലയിടങ്ങളിലും തെരഞ്ഞെടുപ്പ് രംഗത്തേ ബിജെപി ഇല്ല എന്നത് സംഘടന ശേഷി ദുർബലപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്.
മലപ്പുറത്ത് 122 നഗരസഭാ സീ റ്റുകളിൽ 46 ഇടങ്ങളിലേ ബിജെപി മത്സരിക്കുന്നുള്ളൂ. പലയിടങ്ങളിലും യുഡിഎഫുമായി രഹസ്യ ബാന്ധവം ഉണ്ടായതിനു പിന്നാലെയാണ് ബിജെപി സ്ഥാനാർഥികളിലാത്തത് എന്ന വർത്തകളടക്കം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു.
എന്നാൽ സംഘടനാ വിഷയങ്ങളും ദൗർബല്യങ്ങളും മറയ്ക്കുന്നതിനായി വിവിധ ന്യായീകരണങ്ങളുമായി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ബിജെപിക്ക് കൂടുതൽ സ്ഥാനാർഥികളുണ്ടെന്ന കണക്കുനിരത്തിയാണ് സംസ്ഥാന നേതൃത്വം ഇതിനെ പ്രതിരോധിച്ചത്. ആകെയുള്ള തെരഞ്ഞെടുപ്പ് വാർഡുകളിൽ 89.5 ശതമാനം സീറ്റുകളിൽ ബിജെപി ഇത്തവണ മത്സരിക്കുന്നുണ്ട് എന്നാണ് നേതാക്കളുടെ വാദം. എന്നാൽ ജില്ലകളിൽനിന്നുള്ള കണക്കുകളുമായി പരിശോധിക്കുമ്പോൾ നേതൃത്വം പറയുന്നത്ര സ്ഥാനാർഥികളില്ലെന്ന് വ്യക്തമാണ്. നഗരസഭകളിൽ 25 ശതമാനത്തിലേറെ സീറ്റുകളിൽ ബിജെപി മത്സരിക്കുന്നില്ല. സ്വാധീനമുള്ളയിടത്തും ബിജെപിയോ ഘടക കക്ഷികളോ മത്സരിക്കാത്തത് പലയിടങ്ങളിലും നടത്തിയ ഒത്തുകളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

