
പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും മറനീക്കി ബിജെപി നേതാക്കൾക്കിടയിലെ തമ്മിലടി. നേതാക്കൾ മോദിയുമായി സംസാരിക്കുമ്പോൾ മാറിനിന്ന മുൻ ഡിജിപിയും കൗൺസിലറുമായ ആർ ശ്രീലേഖ പിന്നാലെ ഇറങ്ങിപ്പോയി. ശ്രീലേഖയും ബിജെപി നേതൃത്വവും തമ്മിലുള്ള പ്രശ്നങ്ങൾ വെളിവാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിച്ച് മത്സരിപ്പിക്കുകയും പിന്നീട് അവഗണിക്കുകയും ചെയ്തതോടെ ആരംഭിച്ചതാണ് ബിജെപി നേതൃത്വവും ആർ ശ്രീലേഖയും തമ്മിലുള്ള പ്രശ്നങ്ങൾ. തന്നെ തഴഞ്ഞതുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിൽ നേതൃത്വത്തിനെതിരെ പരസ്യമായി വിമർശനമുന്നയിച്ച് രംഗത്ത് വരികയും ചെയ്തു. പിന്നീട് വി വി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ നിന്നും വിട്ടുനിന്നു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിലും പങ്കെടുത്തില്ല. പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയ വേദിയിലും ആർ ശ്രീലേഖ അതൃപ്തി പരസ്യമാക്കിയത്.
പ്രധാനമന്ത്രി വേദിയിൽ എത്തി ഓരോ നേതാക്കളോടും സംസാരിക്കുമ്പോൾ വേദിയുടെ മറ്റൊരു മൂലയിൽ മാറി നിൽക്കുകയായിരുന്നു ആർ ശ്രീലേഖ. മുഖത്തും ശരീരഭാഷയിലും അതൃപ്തി വ്യക്തം.മുൻ ഡിജിപി ആയിട്ട് പോലും വേണ്ട പരിഗണന നൽകാൻ ബിജെപി നേതൃത്വം തയ്യാറായില്ല. അധികം വൈകാതെ ശ്രീലേഖ വേദി വിട്ട് ഇറങ്ങിപ്പോയി.തെരഞ്ഞെടുപ്പ് പോസ്റ്ററിൽ അച്ചടിച്ചു വെച്ച ഐപിഎസിനുള്ള വിലപോലും പാർട്ടി തന്നില്ലല്ലോ എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ പരിഹസിക്കുന്നത്. ഇതോടെ ആർ ശ്രീലേഖയും ബിജെപി സംസ്ഥാന നേതൃത്വവും തമ്മിലുള്ള പിണക്കങ്ങൾ കൂടുതൽ മറനീക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


