മറ്റത്തൂരിൽ നാല് കിട്ടിയിട്ട് ഞങ്ങൾ ഭരിക്കുന്നില്ലേ? കേരളം ഭരിക്കാൻ 35 സീറ്റ് മതിയെന്ന വാദം ആവർത്തിച്ച് കെ സുരേന്ദ്രൻ; കോൺഗ്രസിനെ ബിജെപി ‘പർച്ചേസ്’ ചെയ്യുമെന്ന സൂചനയോ?

Congress - BJP - Mattathoor model

കേരളം ഭരിക്കാൻ കേവല ഭൂരിപക്ഷം വേണ്ട, വെറും 35 സീറ്റ് മതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രൻ്റെ ഈ പ്രസ്താവന മാതൃഭൂമി ‘ക’ ഫെസ്റ്റിവലിൽ വീണ്ടും ചർച്ചയായി. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ജെ. ജേക്കബിന്റെ ചോദ്യത്തിന് ക ഫെസ്റ്റിവലിൽ സുരേന്ദ്രൻ നൽകിയ മറുപടി, കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വലിയൊരു കുതിരക്കച്ചവടത്തിന്റെ സൂചനയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ചോദ്യം ഇതായിരുന്നു: “35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു. ആ ധൈര്യം ഇപ്പോഴും ഉണ്ടോ?”

സുരേന്ദ്രൻ്റെ മറുപടിയിൽ ഒട്ടും സംശയമില്ലായിരുന്നു. “അതിനെന്താ സംശയം? മറ്റത്തൂർ പഞ്ചായത്തിൽ വെറും 4 സീറ്റേ ബിജെപിക്കുള്ളൂ. എന്നിട്ടും അവിടെ ഞങ്ങൾ ഭരിക്കുന്നില്ലേ?” എന്നായിരുന്നു സുരേന്ദ്രന്‍റെ മറുപടി.

കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാം, പക്ഷെ ഈ കണക്കിന് പിന്നിൽ വലിയൊരു രാഷ്ട്രീയമുണ്ട്.

Also Read: കൃത്രിമ കാലുകൾ മേശപ്പുറത്തുവെച്ച് രാജ്യസഭയിൽ സദാനന്ദന്റെ രാഷ്ട്രീയ നാടകം; പ്രതിഷേധം ഉയർത്തി ഡോ ജോൺ ബ്രിട്ടാസ് എംപി

ഒന്ന് ആലോചിച്ചുനോക്കൂ. 140 സീറ്റുള്ള കേരള നിയമസഭയിൽ ഭരിക്കാൻ വേണ്ടത് 71 സീറ്റാണ്. സുരേന്ദ്രൻ പറയുന്നത് 35 സീറ്റ് മതിയെന്ന്. എന്നാൽ ഭൂരിപക്ഷ തികയ്ക്കാൻ പിന്നെയും വേണം 36 എംഎൽഎമാർ കൂടി. അവർ എവിടെ നിന്ന് വരും?

ഇവിടെയാണ് തൃശൂരിലെ ‘മറ്റത്തൂർ മോഡൽ’ പ്രസക്തമാകുന്നത്. ജനവിധി അട്ടിമറിച്ചുകൊണ്ട് മറ്റ് പാർട്ടികളിലെ വിജയികളെ തങ്ങളുടെ പാളയത്തിൽ എത്തിക്കുക എന്ന തന്ത്രം.

പച്ച മലയാളത്തിൽ പറഞ്ഞാൽ, കാശെറിഞ്ഞ് എംഎൽഎമാരെ വാങ്ങും എന്ന് തന്നെയാണ്. ആരെയാണ് ബിജെപി ലക്ഷ്യമിടുന്നത്? ചരിത്രം നോക്കിയാൽ അതിനുള്ള ഉത്തരം വളരെ ക്രിസ്റ്റൽ ക്ലിയർ ആണ് – കോൺഗ്രസ്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിലാകമാനം എത്ര കോൺഗ്രസ് മുഖ്യമന്ത്രിമാരും എഐസിസി നേതാക്കളുമാണ് കാവി പുതച്ചത്! ഗോവയിലും അസം, മണിപ്പൂർ, ഉൾപ്പടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും, എന്തിനേറെ നമ്മുടെ അയൽസംസ്ഥാനമായ കർണാടകത്തിലും ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്കുവാങ്ങി ബിജെപി ഭരണം പിടിച്ചത് നമ്മൾ കണ്ടതാണ്.

“35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കും” എന്ന് സുരേന്ദ്രൻ പറയുമ്പോൾ അദ്ദേഹം യഥാർത്ഥത്തിൽ പറയാതെ പറയുന്നത്, “ബാക്കി സീറ്റുകൾ കോൺഗ്രസിൽ നിന്ന് ഞങ്ങൾ വാങ്ങും” എന്ന് തന്നെയാണ്.

മറ്റത്തൂരിൽ നടന്നത് നിയമസഭയിലും നടക്കുമെന്ന് സുരേന്ദ്രൻ വെല്ലുവിളിക്കുമ്പോൾ, അത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണോ അതോ കോൺഗ്രസിൻ്റെ വിശ്വാസ്യതയ്ക്ക് മേലുള്ള ചോദ്യചിഹ്നമാണോ?

35 സീറ്റിൽ വിജയിച്ചാൽ ബാക്കി കോൺഗ്രസ് തരുമെന്ന ഈ ‘സുരേന്ദ്രൻ ഗ്യാരണ്ടി’ മതേതര കേരളം കൂടുതൽ ജാഗ്രതയോടെ കാണേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News