
വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട സമ്മർദ്ദം മൂലം പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെ ആണ് കേരളം കേട്ടത്. പയ്യന്നൂർ നിയോജക മണ്ഡലം ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റന്റ്ന്റുമായ അനീഷ് ജോർജ് ആയിരുന്നു ജീവനൊടുക്കിയത്. തിരഞ്ഞെടുപ്പ് അടുത്തതോടെ വലിയ ജോലി സമ്മർദമാണ് ബിഎൽഓമാർ നേരിട്ടുകൊണ്ടിരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇന്ന് നടന്നത്. തിരക്കിട്ടുള്ള ഈ വോട്ടർപട്ടിക തീവ്രപരിഷ്കരണം എല്ലാവരെയും മാനസികമായി ബാധിച്ചിട്ടുണ്ട്.
അനീഷിന് മാത്രമല്ല, ഈ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാവരും ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. ബിഎൽഒമാരുടെ ഗ്രുപ്പുകളിൽ ഇവർ ഈ കാര്യങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്. അത്തരത്തിലുളള ചില സന്ദേശങ്ങൾ ഇവയാണ്..
“സമാധാനത്തോടെ ഇതൊന്ന് ചെയ്ത് തീർക്കാൻ അനുവദിച്ചാൽ മതി.. നവംബർ 5 മുതൽ ഭീഷണിയോടെയുള്ള നിർദ്ദേശങ്ങൾ മാത്രമേ കിട്ടുന്നുളളൂ.. ഫോം വിതരണം 100% പൂർത്തിയാക്കാൻ വേണ്ടി മൂന്നാം ദിവസം മുതൽ തുടങ്ങിയതാണ് ഇങ്ങനെ.. ഉയർന്ന ഉദ്യോഗസ്ഥർ ഫീൽഡിൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ വന്ന് ഭീഷണിപ്പെടുത്തുകയാണ്.. സമയത്ത് ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല.. വെള്ളം പോലും കുടിക്കാൻ പറ്റുന്നില്ല.. ഓരോ വീട്ടിലും ചെല്ലുമ്പോൾ പലതരം സാഹചര്യങ്ങൾ.. ഇതൊക്കെ ആരോട് പറയാനാണ്..”
ഭക്ഷണം കഴിക്കാൻ പോലും സമയം ലഭിക്കാറില്ലെന്നും വെള്ളം പോലും പല വീടുകളിൽ നിന്നും വാങ്ങി കുടിക്കാരനാണ് പതിവെന്നും വാഷ്‌റൂമിൽ പോകാൻ പോലും കഴിയാറില്ലെന്നുമൊക്കെ ഉള്ള പരാതികൾ ആണ് പലരും ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്. ‘സമാധാനമായി ചെയ്താൽ തീരുന്ന ഒരു ജോലിയെ ഇത്രയും സങ്കീർണമാക്കിയത് എന്തിന് എന്ന് മനസിലാകുന്നില്ല’ എന്നും പലരും അഭിപ്രായപ്പെടുന്നു. ഇത്തരത്തിലുള്ള വാർത്തകൾ ഇനിയും പുറത്തുവരാൻ സാധ്യതയുണ്ടെന്ന സൂചനകൾ പോലും ഇവരുടെ വാക്കുകളിൽ കാണാം.
അതേസമയം അനീഷ് ജോർജ് ആത്മഹത്യചെയ്ത സംഭവത്തിന്റെ പൂർണ ഉത്തരവാദി ഇലക്ഷൻ കമ്മീഷനാണെന്ന് കേരള എൻ ജി ഒ യൂണിയൻ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള ജോലികൾ ആരംഭിക്കുകയും, അതോടൊപ്പം ഓഫീസ് ജോലിയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കേരളത്തിൽ മാറ്റിവെക്കണമെന്ന് എൻ ജി ഒ യൂണിയൻ നേരത്തെ തന്നെ ചീഫ് ഇലക്ടറൽ ഓഫീസറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ എസ് ഐ ആർ മായി ബന്ധപ്പെട്ട് ബി എൽ ഒ മാർ കടുത്ത മാനസീക സമ്മർദ്ദം അനുഭവിക്കുന്ന സാഹചര്യത്തിൽ ജോലികൾ പൂർത്തിയാക്കുന്നതിന് സാവകാശം നൽകണമെന്നും ഇതേ ആവശ്യം ഉന്നയിച്ചു എല്ലാ ജില്ലാ കളക്ടറെയും കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ എസ് ഐ ആർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജീവനക്കാർക്കുമേൽ കടുത്ത സമ്മർദ്ദമാണ് കഴിഞ്ഞ ദിവസങ്ങളിലായിഉണ്ടായിട്ടുള്ളത്. അതിന്റെ ഇരയാണ് അനീഷ് ജോർജിന്റെ ആത്മഹത്യ എന്ന് എൻജിഒ യൂണിയൻ പ്രസ്താവനയിലൂടെ പറഞ്ഞു.
ഈ സംഭവത്തിൽ ജീവനക്കാർ എസ് ഐ ആർ ജോലി ബഹിഷ്‌ക്കരിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള എൻജിഒ യൂണിയൻ പ്രസ്ഥാവിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

