കേന്ദ്രം പൂട്ടിട്ട സ്ഥാപനത്തിന് ജീവൻ നൽകി സംസ്ഥാനം: കേരളാ പേപ്പർ പ്രോഡക്ട്സിനായുള്ള 741 കോടിയുടെ വിപുലീകരണ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

kerala paper products limited + P RAJEEV

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂർ കേരളാ പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എൽ) ആവിഷ്കരിച്ച 741 കോടി രൂപ മുതൽ മുടക്കുള്ള ബൃഹത്തായ തുടർ വികസന പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കലും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 2019 ൽ കേന്ദ്ര സർക്കാർ അടച്ചു പൂട്ടിയ വെള്ളൂർ എച്ച്.എൻ.എൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത ശേഷം പുതുതായി രൂപീകരിച്ചതാണ് കെ.പി.പി.എൽ.

അടച്ചു പൂട്ടിയ ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്ത് പുന:സംഘടിപ്പിക്കുകയും വിജയകരമായി നടത്തുകയും മാത്രമല്ല, അതി ബൃഹത്തായ തുടർ വികസന പദ്ധതി ആവിഷ്കരിക്കുകയും ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ALSO READ; പോർട്ട് സിറ്റിയായി മാറാൻ ബേപ്പൂർ; തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കാൻ മന്ത്രിസഭയുടെ അംഗീകാരം

സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും, കെ.എസ്.ഐ ഡി.സി യുടെ ഓഹരി പങ്കാളിത്തമായി 25 കോടി രൂപയും ആണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോര്‍ഷ്യം വഴി ലഭ്യമാക്കും. വിപണി ആവശ്യങ്ങളും, പ്ലാസ്റ്റിക്ക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും, ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേർന്ന് ഉയർന്ന നിലവാരത്തിലുള്ള പേപ്പർ ഉൽപന്നങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്.

ഇ-കോമേഴ്‌സ്, ഭക്ഷ്യവസ്തുകളുടെ വിതരണം, റീട്ടെയിൽ എന്നീ മേഖലകളുടെ വളര്‍ച്ചയോടൊപ്പം പേപ്പർ ഉൽപ്പന്നങ്ങളുടെ ആവശ്യവും ഗണ്യമായി ഉയർന്നു വരികയാണ്. നോട്ട്‌ ബുക്കുകൾ, ടെക്സ്റ്റ്‌ ബുക്കുകൾ, ഓഫീസ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന റൈറ്റിംഗ് & പ്രിന്‍റിoഗ് പേപ്പർ, കോപ്പിയർ പേപ്പർ മുതലായ പേപ്പർ ഉല്‍പ്പന്നങ്ങൾക്കും രാജ്യവ്യാപകമായി ആവശ്യം നിരന്തരം ഉയരുന്നുണ്ട്.

സ്പെഷ്യാൽറ്റി ഗ്രേഡുകളുടെയും, ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും, റൈറ്റിംഗ് & പ്രിന്‍റിംഗ് പേപ്പർ ഗ്രേഡുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണെങ്കിലും ഉയർന്ന ചരക്കുകൂലി നൽകി ഇവയെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്.

ALSO READ; പി ജി ഫലപ്രഖ്യാപനത്തിന് കാലതാമസം: സ്കോളർഷിപ്പ് അപേക്ഷാ തീയതി നീട്ടണമെന്ന് യുജിസിയോട് ന്യൂനപക്ഷ കമ്മീഷൻ

ഈ സാഹചര്യത്തിൽ ഒരു ‘പേപ്പർ ക്ലസ്റ്റർ’ രൂപീകരിച്ച് സാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്‍റുകൾ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമ മാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവ് ഉള്ള സ്ഥാപനം ആയി കെ.പി.പി.എല്‍ മാറും. 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ പത്രക്കടലാസ് നിര്‍മ്മാണ സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ലിമിറ്റഡിന്‍റെ വലിപ്പവും, സാങ്കേതികതയും ഉള്ള ബൃഹത്തായ ഒരു സ്ഥാപനം മൂന്നര കൊല്ലത്തിലേറെ നീണ്ട അടച്ചുപൂട്ടലിന് ശേഷം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ പ്രവര്‍ത്തനസജ്ജമാക്കുകയും വൈവിധ്യ വല്‍ക്കരണത്തിലൂടെ രാജ്യത്തെ കടലാസ് നിര്‍മ്മാണ സ്ഥാപനങ്ങളുടെ മുൻ നിരയിലേക്ക് എത്തുന്നത് ഇന്ത്യയുടെ വ്യവസായ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News