
സംസ്ഥാനത്ത് കശുവണ്ടി വ്യവസായം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും പഠിക്കുന്നതിനും മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി രൂപീകരിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കശുവണ്ടി മേഖലയുടെ പുനരുദ്ധാരണത്തിനായി (2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍) 30 കോടി രൂപ വകയിരുത്തിയതായി മന്ത്രി പി രാജീവ്. മൂന്ന് പദ്ധതി ഘടകങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തതായി കോവൂര്‍ കുഞ്ഞുമോന്‍ എം. എല്‍. എ യുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് അവയുടെ സുസ്ഥിരമായ പ്രവര്‍ത്തനത്തിനും മികച്ച ഉല്‍പ്പാദനക്ഷമതയ്ക്കും പ്രോത്സാഹനത്തിനും തൊഴില്‍ പുനഃസ്ഥാപിക്കുന്നതിനും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി 20 കോടി രൂപ വകയിരുത്തി.
ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ യുവജനങ്ങളെ ഈ വ്യവസായത്തിലേക്ക് ആകര്‍ഷിക്കാനും കഴിയുന്ന തരത്തില്‍ സ്ത്രീ സൗഹൃദ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി 5 കോടി രൂപയും പ്രോസസ്സിംഗ് യൂണിറ്റുകളിലെ ഷെല്ലിങ് വിഭാഗത്തിന്റെ നവീകരണത്തിനായി 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ പദ്ധതിയ്ക്കായി 2024-25 സാമ്പത്തിക വര്‍ഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്ക് ആകെ 200 ലക്ഷം രൂപ നല്‍കി. ഈ സാമ്പത്തിക വര്‍ഷവും 200 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.
Also read – തിരുമല അനിലിന്റെ ആത്മഹത്യ കേസ് ; സഹകരണ വകുപ്പിന്റെ റിപ്പോർട്ട് ജോയിന്റ് രജിസ്ട്രാർക്ക് കൈമാറി
കൂടാതെ ഇടത്തരം ചെറുകിട കാഷ്യൂ ഫാക്ടറിയുടെ നവീന വത്കരണത്തിനു മൂലധന ഗ്രാന്റും പലിശ സബ്‌സിഡിയും അനുവദിക്കുന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. ചെറുകിട ഇടത്തരം കാഷ്യൂ ഫാക്ടറികള്‍ക്ക് അവയുടെ സ്ഥിരാസ്ഥി മൂലധനത്തിന്മേലും, Technology up gradation നുമായും പ്രവര്‍ത്തനമൂലധന ആവശ്യത്തിനായി എടുത്ത ലോണുകളില്‍ അടച്ച പലിശക്ക് സബ്സിഡിയായും തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയ്ക്ക് 2024-25 ല്‍ 80 ലക്ഷം രൂപ നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഈ പദ്ധതിയ്ക്കായി 200 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.
സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ (OTS) പദ്ധതി സംബന്ധിച്ച് ഫോര്‍മുല രൂപീകരിക്കുന്നതിനും ബാങ്കിന് ശിപാര്‍ശ നല്‍കുന്നതിനുമായി സര്‍ക്കാര്‍ രൂപീകരിച്ച മൂന്നംഗ കമ്മിറ്റിയുടെ തീരുമാനപ്രകാരം ഒറ്റത്തവണ തിര്‍പ്പാക്കല്‍ (OTS) പദ്ധതി നടപ്പിലാക്കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പരിധിയില്‍ 31/03/2021 വരെ നിഷ്‌ക്രിയ ആസ്മി (NPA) ആയ കശുവണ്ടി വ്യവസായികളുടെ ലോണ്‍ അക്കൗണ്ടുകള്‍ ആണ് പരിഗണിക്കുന്നത്. 2 കോടി വരെയുള്ള അക്കൗണ്ടുകള്‍ക്ക് 50% ഉം 2 കോടിയ്ക്ക് മുകളില്‍ 10 കോടി വരെയുള്ള NP അക്കൗണ്ടുകള്‍ക്ക് 60% എന്ന വ്യവസ്ഥയോടുകൂടിയാണ് OTS അംഗീകരിച്ചിട്ടുള്ളത്.
OTS സ്വീകരിക്കുന്ന അവസാന തീയതി 31/03/2022 വരെ എന്നുള്ളത് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് പ്രകാരം 31/12/2024 വരെ ദീര്‍ഘിപ്പിച്ച് നല്‍കുകയുണ്ടായി. ഇത് 31/12/2025 വരെ ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ബഹു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്കുകളോടും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം SLBC കണ്‍വീനര്‍ ബാങ്കുകള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കുന്നതിനായി രൂപീകരിക്കപ്പെട്ട മിനിമം വേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കശുവണ്ടി തൊഴിലാളികള്‍ക്ക് നല്‍കേണ്ടതായ കുറഞ്ഞ കൂലി 23% നിരക്കില്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ 12.02.2024 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് മുഖേന തൊഴിലാളികള്‍ക്ക് വിവിധ ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2025 ഓണത്തോടനുബന്ധിച്ച് 2,500/ – രൂപ വീതം 13835 തൊഴിലാളികള്‍ക്ക് ആകെ 3,45,87,500/ – രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ 535 തൊഴിലാളികളേയും കാപ്പക്‌സില്‍ 252 തൊഴിലാളികളേയും നിയമിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ കശുവണ്ടി മേഖലയുടെ സമഗ്ര പുനരുജ്ജീവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി, ടി മേഖലയിലെ പ്രതിസന്ധി വലിയൊരളവില്‍ പരിഹരിക്കുന്നതിന് സാധിച്ചിട്ടുണ്ട്. കശുവണ്ടി മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തൊഴിലാളികള്‍, സംഘടനാ പ്രതിനിധികള്‍, എക്‌സ്‌പോര്‍ട്ടേഴ്‌സ്, മറ്റു വിദഗ്ദ്ധര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ഒരു കോണ്‍ക്ലേവ് ഈ വരുന്ന ഒക്ടോബര്‍ 14 -ന് കൊല്ലത്ത് നടത്തുന്നതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

