
സാമൂഹിക സുരക്ഷ പെൻഷൻ നൽകുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും പിന്മാറുന്ന കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ പാവപ്പെട്ട ജനവിഭവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് കോടിയോളം ഗുണഭോക്താക്കളാണ് രാജ്യത്ത് ദേശീയ സാമൂഹിക സഹായ പരിപാടിക്ക് കീഴിലുള്ളത്. വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷി വിഭാഗത്തിലുള്ളവർ തുടങ്ങിയവർക്കുള്ള പെൻഷനാണ് സംസ്ഥാനങ്ങൾ സ്വന്തം ഫണ്ടിൽ നിന്നും നൽകണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി കമലേഷ് പസ്വാൻ രാജ്യസഭയെ അറിയിച്ചത്.
സാമൂഹിക ക്ഷേമ പെൻഷൻ ഇനത്തിൽ വയോജനങ്ങൾക്കു 200 രൂപയും ഭിന്നശേഷി വിഭാഗക്കാർക്ക് 300 രൂപയും വിധവകൾക്കു 300 രൂപയുമാണ് കേന്ദ്ര വിഹിതം. 2007-2012 ൽ തയ്യാറാക്കിയ ഗുണഭോതൃ ലിസ്റ്റ് അനുസരിച്ചാണ് കേന്ദ്രത്തിന്റെ പെൻഷൻ വിതരണം ചെയ്യുന്നത്. ഈ പട്ടിക പുതുക്കാനോ പെൻഷൻ തുക വർധിപ്പിക്കാനോ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ലെന്നും ഇപ്പോൾ പാവങ്ങൾക്ക് നൽകുന്ന നാമമാത്രമായ കരുതലും ഇല്ലാതാക്കുകയാണ് കേന്ദ്രമെന്നും പറഞ്ഞു.
കേരളത്തിൽ 2000 രൂപ വീതം സംസ്ഥാന സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമ്പോൾ കേന്ദ്ര സർക്കാരിന്റെ വിഹിതം കുടിശ്ശിക ഇട്ട് സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിക്കുകയാണ്. ആ കുടിശ്ശികയും കേന്ദ്ര സർക്കാർ നൽകുമെന്ന് തോന്നുന്നില്ല. കോൺഗ്രസും ബിജെപിയുമടക്കമുള്ള വലതുപക്ഷ പാർട്ടികൾ കേന്ദ്രത്തിന്റെ ഈ ജനവിരുദ്ധ നീക്കത്തിനെതിരെ ഒരു അക്ഷരം മിണ്ടാൻ തയ്യാറാകാത്തത് സംശയസ്പദമാണ്. പാവപ്പെട്ട ജനാവിഭാഗങ്ങളുടെ കൂടെ തങ്ങൾ നിൽക്കില്ല എന്നുള്ള സന്ദേശമാണ് ഇക്കൂട്ടർ ഉയർത്തി പിടിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സാമൂഹ്യക്ഷേമ വിരുദ്ധ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കെ. എസ്. കെ. ടി. യു ഭാരവാഹികൾ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


