‘കേന്ദ്രത്തിന്റെ നിശ്ശബ്ദത ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കുള്ള മൗനസമ്മതം; സിപിഐഎം എക്കാലവും പലസ്തീനൊപ്പം: കെ കെ രാഗേഷ്

kk ragesh palastine solidarity post

പലസ്തീനുമേല്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്കും ഭീകരതയ്ക്കും ഇന്നേക്ക് രണ്ടാണ്ട്. ഗാസയില്‍ മാത്രമല്ല, ഇറാന്‍, ദോഹ, ടുണീഷ്യ, ഖത്തര്‍, ലെബനന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളെയെല്ലാം ആക്രമിക്കുന്ന നിലയിലേക്ക് ഇസ്രായേല്‍ സയണിസം മാറുകയാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗാസയിലെ ജനങ്ങള്‍ക്ക് അടിസ്ഥാനജീവിതാവശ്യങ്ങള്‍ പോലും ലഭ്യമല്ലാത്ത ഈ ദുരന്തസാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിശ്ശബ്ദതയും നിസ്സംഗതയും മൗനസമ്മതമെന്നൊരു നിലപാടിലേക്കാണ് നയിക്കുന്നതെന്നും സിപിഐഎം എക്കാലവും പലസ്തീന്‍ ജനതക്കൊപ്പമാണെന്നും കെകെ രാഗേഷ് പറഞ്ഞു.

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍ എഴുത്തുകാരനും കവിയും ഗാസ മുനമ്പില്‍ നിന്നുള്ള ആക്ടിവിസ്റ്റുമായ രെഫാത് അലാരീറിന്റെ ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് കെ കെ രാഗേഷിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

Also read – ‘വംശഹത്യക്കെതിരായ നിശബ്ദത കുറ്റകൃത്യം; ജീവന്‍ പൊലിഞ്ഞ കുഞ്ഞുങ്ങളെ സ്മരിച്ച് തൈ നടും’: 18000 കേന്ദ്രങ്ങളില്‍ ഒരാഴ്ച്ച ഐക്യദാര്‍ഢ്യ പരിപാടിയുമായി എസ്എഫ്‌ഐ

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

”ഞാൻ മരിക്കേണ്ടി വന്നാൽ നീ ജീവിക്കണം,

എന്റെ കഥ പറയാൻ…

എന്റെതെല്ലാം വിറ്റ്

ഒരു തുണ്ട് വെള്ളത്തുണിയും

കുറച്ചു ചരടും വാങ്ങാൻ…

ഒരു നീളവാലൻ

പട്ടം ഉണ്ടാക്കാൻ…

ഗാസയിൽ എവിടെയോ ഒരു കുഞ്ഞ്

സ്വർഗ്ഗത്തിൻ കണ്ണിൽ തറച്ചുനോക്കി

ആരോടും യാത്ര പറയാതെ

തീയിൽ ഒടുങ്ങിയ തന്റെ ഉടലിനോടും തന്നോടും തന്നെ

വാപ്പയെ തിരയുന്നുണ്ട്…

കാണട്ടെ അവൻ,

നീ എനിക്കായി തീർത്ത പട്ടം…

സ്‌നേഹം തിരിച്ചുകൊണ്ടുവരുന്ന മാലാഖയാണത് എന്ന് കരുതട്ടെ…

ഞാൻ മരിക്കേണ്ടി വന്നാൽ പ്രത്യാശയാകട്ടെൻ മരണം…

ചൊല്ലിപ്പറയാൻ കഥയാകട്ടെ മരണം…”

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ എഴുത്തുകാരനും കവിയും ഗാസ മുനമ്പിൽ നിന്നുള്ള ആക്ടിവിസ്റ്റുമായ രെഫാത് അലാരീറിന്റെ ‘ഞാൻ മരിക്കേണ്ടി വന്നാൽ’ എന്ന കവിതയിലെ വരികളാണിത്.

പലസ്തീനുമേൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കും ഭീകരതയ്ക്കും ഇനിയും അറുതി ആയിട്ടില്ല. അത്യന്തം നീചമായ കടന്നാക്രമണത്തിൽ 77100 പേർ കൊല്ലപ്പെടുകയും 169679 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഇസ്രായേൽ സയണിസ്റ്റ് ഭീകരതയ്ക്ക് ഇന്ന് രണ്ട് വർഷം തികയുന്നു. കൊല്ലപ്പെട്ടതിൽ 70% വും സ്ത്രീകളും കുട്ടികളുമാണ്. 5000ത്തിലധികം പേർക്ക് അംഗവൈകല്യങ്ങൾ ഉണ്ടായി. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി രണ്ടുവർഷം മുൻപ് ഒക്ടോബർ 7ന് പുലർച്ചെ ഹമാസ് നടത്തിയ അക്രമത്തിന്റെ ചുവടുപിടിച്ച് ഇസ്രായേൽ ഇപ്പോൾ പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന കടന്നാക്രമണം നഗ്‌നമായ വംശഹത്യ അല്ലാതെ മറ്റൊന്നുമല്ല. ഹിരോഷിമയിൽ അമേരിക്ക വർഷിച്ച ആറ്റം ബോംബിനെക്കാൾ 12 ഇരട്ടി സ്‌ഫോടന വസ്തുക്കളാണ് ഇസ്രായേൽ സേന ഗാസ എന്ന 365 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വർഷിച്ചത്. ആശുപത്രികളും വീടുകളും കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിസ്ഥലങ്ങളും ഏതാണ്ട് പൂർണ്ണമായി തകർത്തു. പട്ടിണിമരണങ്ങളും പോഷകാഹാരക്കുറവു കൊണ്ടുള്ള മരണങ്ങളും ഇതിന്റെ ബാക്കിപത്രമാകുന്നു. മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ കൊല്ലപ്പെടുന്നു.

ഗാസയിൽ മാത്രമല്ല, ഇറാൻ, ദോഹ, ടുണീഷ്യ, ഖത്തർ, ലെബനൻ, സിറിയ തുടങ്ങിയ രാജ്യങ്ങളെയെല്ലാം ആക്രമിക്കുന്ന നിലയിലേക്ക് ഇസ്രായേൽ സയണിസം മാറുന്നു. മനുഷ്യാവകാശങ്ങൾക്കും അന്താരാഷ്ട്രനിയമങ്ങൾക്കും വിരുദ്ധമായ ഈ കുറ്റകൃത്യങ്ങൾക്ക് ആധുനിക യുദ്ധഉപകരണങ്ങളോടെ പിന്തുണ നൽകുന്നത് അമേരിക്കയാണ്. ട്രമ്പിന്റെ ആഗ്രഹപ്രകാരം മധ്യ ധരണ്യാഴി തീരത്തെ സുഖവാസ കേന്ദ്രം ആക്കാൻ ഗാസയിലെ എല്ലാ കെട്ടിടങ്ങളും ബോംബിട്ട് തകർക്കുകയും ജനങ്ങളെ കൊന്നൊടുക്കുകയും ആട്ടിപ്പായിക്കുകയും ചെയ്തു. സമാധാന ശ്രമങ്ങളെ നിരന്തരം തള്ളിക്കളഞ്ഞും ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ചും ഇസ്രായേൽ ഏകപക്ഷീയമായ ആക്രമണമാണ് തുടരുന്നത്.

ഗാസയിലെ ജനങ്ങൾക്ക് അടിസ്ഥാനജീവിതാവശ്യങ്ങൾ പോലും ലഭ്യമല്ലാത്ത ഈ ദുരന്തസാഹചര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിശ്ശബ്ദതയും നിസ്സംഗതയും മൗനസമ്മതമെന്നൊരു നിലപാടിലേക്കാണ് നയിക്കുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് എക്കാലവും സിപിഐഎം. ലോകമാകെ പലസ്തീന് അനുകൂലമായ ജനവികാരം ശക്തമായി ഉയർന്നുവരികയും ഐക്യദാർഢ്യം പ്രകടനങ്ങളും പ്രക്ഷോഭങ്ങളും കൂടുതൽ ശക്തമായി വരികയും ചെയ്യുന്നുണ്ട്. എന്തിന് അമേരിക്കയിലും ഇസ്രയേലിലും ഉൾപ്പെടെ പലസ്തീൻ ഐക്യദാർഢ്യ പ്രക്ഷോഭങ്ങൾ ശക്തമായി ഉയർന്നു വരികയാണ്. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News