
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കണമെങ്കിൽ തലമുറ മാറ്റം വേണമെന്ന വിമർശനവുമായി ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിൽ പുതു രക്തപ്രവാഹം നിലച്ചുവെന്നും ഫേസ്ബുക്കിൽ എഴുതിയ വിമർശനകുറുപ്പിൽ അദ്ദേഹം പറയുന്നു. റായ്പൂർ എ ഐ സി സി പ്ലീനറി സമ്മേളനത്തിന്റെ തീരുമാനം പുന:സംഘടനയിൽ കർശനമായി പ്രാവത്തികമാക്കണമെന്നും കുറുപ്പിൽ അദ്ദേഹം ആവശ്യപ്പെടുന്നു.
വനിതകൾക്ക് 25 ശതമാനമെങ്കിലും ഭാരവാഹിത്വം അനുവദിച്ച് സാമാന്യ നീതി കോൺഗ്രസ് പാലിക്കണമെന്നും. നേതാക്കളുടെ ശിങ്കിടികളെ പരിഗണിക്കുന്നതിനെതിരെയും വിമർശിക്കുന്നു. അധികാര സ്ഥാനങ്ങളിൽ തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കണമെന്നും വിമർശന കുറുപ്പിൽ ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
കോൺഗ്രസിൻ്റെ എല്ലാ തലങ്ങളിലും 50 ശതമാനം സംഘടനാ സ്ഥാനങ്ങൾ 50 വയസ്സിന് താഴെയുള്ളവർക്ക് നൽകുമെന്ന 2023-ലെ റായ്പൂർ എ.ഐ.സി.സി പ്ലീനറി സമ്മേളന തീരുമാനം കെ.പി.സി.സി-ഡി.സി.സി പുന:സംഘടനയിൽ കർശനമായി പ്രാവത്തികമാക്കണം.
25 ശതമാനം സ്ഥാനങ്ങൾ വനിതകൾക്ക് നൽകുമെന്ന എ.ഐ.സി.സി നിബന്ധന പൂർണ്ണമായും പാലിക്കണം. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനവും വനിതാ സംവരണം നിയമമാക്കിയ സാഹചര്യത്തിൽ കോൺഗ്രസിൽ കെ. പി. സി.സിയിലും ഡി.സി.സികളിലും വനിതകൾക്ക് 25 ശതമാനമെങ്കിലും ഭാരവാഹിത്വം അനുവദിക്കേണ്ടത് സാമാന്യ നീതിയാണ്. ഡി.സി.സി പ്രസിഡണ്ടാകാൻ യോഗ്യതയുള്ള നിരവധി വനിതകൾ കോൺഗ്രസിലുണ്ട്.
പുതു രക്തപ്രവാഹം നിലച്ചതാണ് കോൺഗ്രസിലെ സംഘടനാ ദൗർബല്യത്തിന് മുഖ്യകാരണം. തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ കോൺഗ്രസിൽ ഒരു തലമുറ മാറ്റവും യുവജന മുന്നേറ്റവും അനിവാര്യമാണ്.
പഴയ ഗ്രൂപ്പ് നേതാക്കളുടെ ശിങ്കിടികളെ പരിഗണിക്കുന്നതിനു പകരം പ്രവർത്തനക്ഷമത, ജനസമ്മതി, സ്വഭാവശുദ്ധി തുടങ്ങിയ ഗുണ വിശേഷങ്ങളുള്ളവരെയാണ് ഭാരവാഹികളായി നിശ്ചയിക്കേണ്ടത്. ദീർഘകാലമായി അധികാര സ്ഥാനങ്ങളിൽ തുടരുന്ന സ്ഥിരം മുഖങ്ങളെ ഒഴിവാക്കി രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ഇതുവരെയും അവസരം ലഭിക്കാത്ത പുതുമുഖങ്ങളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

