
കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്രോത്സവത്തിന്റെ സാംസ്കാരിക പൈതൃകം ഭാവി തലമുറകൾക്കായി സംരക്ഷിക്കുന്നതിന് ഡിജിറ്റൽ ആർക്കൈവ് അത്യാവശ്യമാണെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്. ടാഗോർ തിയേറ്ററിൽ 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎഫ്‌എഫ്‌കെയുടെ സമഗ്രമായ ഒരു ഡിജിറ്റൽ ആർക്കൈവ് സൃഷ്ടിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ മേളയുടെ പൈതൃകം ഭാവിയിലേക്കുള്ള സമ്പത്ത് കൂടിയാണ്. പഴയ കാറ്റലോഗുകൾ ഡിജിറ്റൈസ് ചെയ്ത് ഓൺലൈനായി ലഭ്യമാക്കുന്നത് ചലച്ചിത്ര പ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനം ചെയ്യും. ഈ ഉത്തരവാദിത്തം ചലച്ചിത്ര അക്കാദമി ഏറ്റെടുക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
Also Read: ഐഎഫ്എഫ്കെ ലോകത്തിൻ്റെ അഭിമാനമെന്ന് ഡോ. ദിവ്യ എസ് അയ്യർ; ഡെലിഗേറ്റ് കിറ്റ് വിതരണം ചെയ്തു
ചടങ്ങിൽ ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അധ്യക്ഷത വഹിച്ചു. സംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, മുൻ ചെയർമാൻ ടി കെ രാജീവ് കുമാർ, സുരേഷ് കുമാർ, കെ എസ് സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. മേളയുടെ 30-ാം പതിപ്പിൻ്റെ ഭാഗമായി ബലൂണുകൾ ആകാശത്തേക്ക് പറത്തി. മൂന്ന് ദശാബ്ദങ്ങളിലൂടെയുള്ള ചലച്ചിത്രോൽസവത്തിൻ്റെ സൃഷ്ടിപരതയും സ്വാതന്ത്ര്യവും വൈവിധ്യവും പ്രതിനിധീകരിച്ചുകൊണ്ടാണ് നിറശോഭയാർന്ന ബലൂണുകൾ പറത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


