
‘സ്ത്രീയെന്നോ, കുഞ്ഞെന്നോ ഒന്നും നോക്കിയില്ല, കണ്ണിൽ കാണുന്നവരെയെല്ലാം പൊലീസ് ഭീകരമായി നരനായാട്ട് നടത്തി’- മുത്തങ്ങയിലെ പൊലീസ് തേർവാഴ്ചയെക്കുറിച്ച് ആദിവാസി സമരസമിതി നേതാവായിരുന്ന സി കെ ജാനു ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഇത്. അന്ന് യു.ഡി.എഫ് സർക്കാരിന്‍റെ പൊലീസ് മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തിനെതിരെ നടത്തിയ ക്രൂരവും പൈശാചികവുമായ മർദ്ദനമുറകളുടെ ഭീകരത ജാനുവിന്‍റെ ഈ വാക്കുകളിലുണ്ട്.
തന്നെ അറസ്റ്റ് ചെയ്ത സമയത്തെക്കുറിച്ചും ജാനു ഓർമിക്കുന്നുണ്ട്, അറസ്റ്റിലായ തന്നെ വണ്ടിയിലേക്ക് പൊലീസ് ഒറ്റച്ചവിട്ടിന് എടുത്തിടുകയായിരുന്നു. തുടർന്ന് ആ ഇടിവണ്ടിയിൽ തേനീച്ചക്കൂട് ഇളകിവരുന്നതുപോലെയായിരുന്നു പൊലീസുകാരുടെ ക്രൂരമർദനമെന്നും ജാനു പറയുന്നു.
ALSO READ: ‘വീണ്ടും യുഡിഎഫിൽ ചേർന്ന സികെ ജാനുവിന് നീൽ സലാം’; പരിഹസിച്ച് ‘നരിവേട്ട’ സംവിധായകന്‍
എ കെ ആന്‍റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 2003 ഫെബ്രുവരി 19-നാണ് മുത്തങ്ങയില്‍ പൊലീസ് വെടിവെപ്പ് നടന്നത്. വെടിവെപ്പിനെ തുടർന്ന് സമരക്കാർ കാട്ടിനുള്ളിലേക്ക് ചിതറിയോടി. പലരെയും കാണാതാകുകയും ചെയ്തു. വെടിവപ്പിനെ ശേഷമുള്ള രണ്ടു ദിവസങ്ങളില്‍ ആദിവാസികൾ അതിക്രൂരമായ മർദ്ദനമാണ് നേരിട്ടത്.
അറസ്റ്റ് ചെയ്യപ്പെട്ടശേഷം സമരസമിതി നേതാക്കളായിരുന്ന താനും, ഗീതാനന്ദനും പൊലീസ് കസ്റ്റഡിയിൽ വിവരിക്കാനാകാത്ത മർദ്ദനങ്ങൾക്കാണ് ഇരയായതെന്നും ജാനു പറയുന്നു. മൂന്ന് നാല് മണിക്കൂർ തുടർച്ചയായി വണ്ടിയിലിട്ട് പൊലീസ് തന്നെ മർദ്ദിച്ചു. അതിനുശേഷം ഗസ്റ്റ്ഹൌസിൽവെച്ചും മർദ്ദനം തുടർന്നതായി ജാനു അഭിമുഖത്തിൽ പറയുന്നു. ഇതെല്ലാം കഴിഞ്ഞ് എഴുന്നേറ്റ് നിൽക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ് തന്നെ സ്റ്റേഷനിലേക്ക് എത്തിച്ചതെന്നും ജാനു ഓർക്കുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ, മോളി എന്ന പൊലീസുകാരി തന്നെ ബൂട്ടിട്ട കാലുൾകൊണ്ട് നട്ടെല്ലിന് ചവിട്ടി വീഴ്ത്തിയ കാര്യവും ഈ അടുത്ത കാലത്തും ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
അന്ന് മുത്തങ്ങയിൽ പൊലീസ് നരനായാട്ടിന് നേതൃത്വം നൽകിയ സർക്കാരിനെ നയിച്ച അതേ യുഡിഎഫിന്‍റെ ഭാഗമാകുകയാണ് ഇന്ന് സി. കെ ജാനു. അസോസിയേറ്റ് അംഗമായാണ് യുഡിഎഫിൽ ജാനുവിന്‍റെ പാർട്ടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഡിഎഫ് തങ്ങളെ ചേർത്തതിൽ പാർടി പ്രവർത്തകർ സന്തോഷത്തിലാണെന്നും, തങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫ് മാത്രമാണെന്നും ജാനു പറയുന്നു.
പഴയ ആദിവാസി നേതാവിൽനിന്ന് കൗശലക്കാരിയായ രാഷ്ട്രീയ നേതാവായുള്ള ജാനുവിന്‍റെ പരിണാമം ആരെയും അതിശയിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ. 2003ലെ പൊലീസ് മർദ്ദനങ്ങളെക്കുറിച്ച് ഇനിയുള്ള അഭിമുഖങ്ങളിൽ ജാനു എന്ത് പറയുമെന്ന് കാത്തിരുന്ന് കാണാം.
ഇപ്പോഴത്തെ രാഷ്ട്രീയ നേട്ടത്തിനായി മുത്തങ്ങയിലെ പൈശാചികമായ പൊലീസ് വെടിവെയ്പ്പും ക്രൂരമർദനങ്ങളും സൗകര്യപൂർവ്വം മറക്കുകയാണ് സി കെ ജാനു. ആദിവാസി സമൂഹത്തെയാകെ വഞ്ചിക്കുന്ന നിലപാടാണ് സി കെ ജാനു ഇപ്പോൾ സ്വീകരിക്കുന്നതെന്ന് നിസംശയം പറയാം. അന്ന് ജാനുവിനൊപ്പം നിലകൊണ്ട ഭൂരിഭാഗം പേരും ഇന്ന് അവരുടെ അവസരവാദ രാഷ്ട്രീയത്തെ തെല്ലും അനുകൂലിക്കുന്നില്ല. ചരിത്രം പാടെ മറന്നുകൊണ്ടുള്ള ജാനുവിന്‍റെ നീക്കം, അവരുടെ രാഷ്ട്രീയ ആത്മഹത്യ തന്നെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

