
കൊല്ലം: ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.കെ. അനിരുദ്ധന്‍ ഇറങ്ങിപ്പോയെന്ന വാര്‍ത്ത തെറ്റിദ്ധാരണ മൂലമാണെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലാക്കമ്മിറ്റി യോഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വി കെ അനിരുദ്ധന്‍ കമ്മിറ്റിയെ അറിയിച്ചുകൊണ്ടും പോകാനിടയായ കാരണം കമ്മിറ്റിയെ ബോധ്യപ്പെടുത്തിയുമാണ് പുറത്തേക്കിറങ്ങിയത്. അതിനെ കമ്മിറ്റിയില്‍ നിന്ന് ഇറങ്ങി പോയതായി ചിത്രീകരിച്ചത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വേണ്ടി മാത്രമല്ല സിപിഐഎം യോഗങ്ങള്‍ ചേരുന്നത്. നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതോടൊപ്പം ഏതു പ്രവൃത്തിയും ഏറ്റെടുക്കുമ്പോള്‍ അത് പൂര്‍ത്തിയായാല്‍ പരിശോധിക്കുന്നത്, പാര്‍ട്ടി രീതിയാണ്. ആ തരത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങള്‍ പാര്‍ട്ടി താഴെത്തട്ട് വരെ പരിശോധിക്കുന്ന യോഗങ്ങള്‍ ഇപ്പോള്‍ ചേരുന്നത്.
നേട്ടങ്ങള്‍ മറച്ചുവെച്ച് കോട്ടങ്ങള്‍ പര്‍വ്വതീകരിച്ച് കാണിക്കാനാണ് ചില മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതെന്ന് കൊല്ലം ജില്ലാക്കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും എല്‍ഡിഎഫിനുണ്ടായ വലിയ നേട്ടം ഇക്കൂട്ടര്‍ കണ്ടതായി നടിക്കുന്നില്ല. ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിപക്ഷവും ഇടതുപക്ഷമാണ് ജയിച്ചത്. ജില്ലയില്‍ യുഡിഎഫിനേക്കാള്‍ 46,000 വോട്ട് എല്‍ഡിഎഫിന് കൂടുതലുണ്ട്.
ജനപിന്തുണ നഷ്ടപ്പെടുകയല്ല വര്‍ദ്ധിക്കുകയാണ് ചെയ്തതെന്നാണ് വോട്ടിംഗ് നില വ്യക്തമാക്കുന്നത്. ഈ വര്‍ദ്ധന നല്‍കിയവര്‍ തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താന്‍ പോകുന്നത്. മുന്‍കാലങ്ങളേക്കാള്‍ മെച്ചപ്പെട്ട വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേടാന്‍ കഴിയുമെന്ന് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത്.
കോര്‍പ്പറേഷനിലെ പരാജയം പാര്‍ട്ടി ഗൗരവമായി പരിശോധിക്കുന്നു എന്നത് നേരാണ്. അത് എല്‍ഡിഎഫിനേറ്റ തിരിച്ചടിയുമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
എല്‍ഡിഎഫിന് യുഡിഎഫിനേക്കാള്‍ വോട്ട് കൂടുതല്‍ കിട്ടിയിട്ടും എന്തുകൊണ്ട് ഭൂരിപക്ഷം ഡിവിഷനുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പാര്‍ട്ടി പരിശോധിക്കുന്നത്. തെറ്റുകള്‍ കണ്ടെത്തി തിരുത്താനുള്ള നടപടികളാണ് പാര്‍ട്ടി സ്വീകരിച്ചുവരുന്നത്. അതിവേഗം ജനങ്ങളില്‍ ഉണ്ടായ തെറ്റിദ്ധാരണകള്‍ തിരുത്തി പാര്‍ട്ടി മുന്നോട്ടുപോവുക തന്നെ ചെയ്യും. ഇത്തരം പരിശോധനകളെ ശരിയായി മനസ്സിലാക്കാതെ പാര്‍ട്ടി, വ്യക്തികേന്ദ്രീകൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വരുത്തിതീര്‍ത്ത് പൊതുജന മധ്യത്തില്‍ അവമതിപ്പ് ഉണ്ടാക്കുകയും, പാര്‍ട്ടി നേതാക്കളെ മോശക്കാരാക്കുവാന്‍ ലക്ഷ്യം വെച്ചുമാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

