
തൃശൂർ: സംഘപരിവാർ കലയ്ക്കെതിരെ സ്വീകരിക്കുന്ന നിലപാടുകൾ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തി എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ ജാനകി, സീത എന്ന പേരുകൾ ഇടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെയും മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് കുട്ടികളുടെ ക്രിസ്മസ് കരോളിനു നേരെ പോലും ആക്രമണം നടത്തുന്നു. യുപിയിലും മറ്റും ക്രിസ്മസ് അവധി എടുത്തുകളഞ്ഞ കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഏറ്റവും അധികം പേര്‍ ഏറ്റുപാടിയ മാപ്പിളപ്പാട്ട് നീലക്കുയില്‍ എന്ന സിനിമയിലെ ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയ സുന്ദരീ’ എന്നു തുടങ്ങുന്ന പാട്ടായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് എഴുതിയത് തൃശ്ശൂര്‍ ജില്ലക്കാരനായ പി ഭാസ്‌കരന്‍ മാഷാണ്. സംഗീതം നല്‍കി പാടിയത് ആകട്ടെ കെ രാഘവന്‍ മാഷും. ഒരുകാലത്ത് മുസ്ലീങ്ങള്‍ മാത്രം പാടിയിരുന്ന മാപ്പിളപ്പാട്ട് ശീലിലുള്ള ഗാനത്തെയാണ് മുസ്ലീങ്ങള്‍ അല്ലാത്ത ഇവര്‍ ജനകീയമാക്കിയത്. സിനിമയില്‍ ഏറ്റവുമധികം മാപ്പിളപ്പാട്ടുകള്‍ രചിച്ചത് ഭാസ്‌കരന്‍ മാഷും ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചത് വയലാറും ആണ്. മറ്റു മതക്കാരുടെ കൂടി അനുഭൂതികള്‍ സ്വാംശീകരിക്കാനുള്ള വിശാല മനസ്സാണ് നമ്മെ പരിഷ്‌കൃതരും സംസ്‌കാര സമ്പന്നരും ആക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ പാട്ടുകളാണ് കഥകളി പദങ്ങളായി കലാമണ്ഡലം ഹൈദരാലി പാടിയിരുന്നത്. അദ്ദേഹം നല്ല ഭക്തനുമായിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ പിറന്നു പോയതിന്റെ പേരില്‍ അപമാനിതനാകുന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയില്ല. അതേസമയം നിരവധി ക്ഷേത്രങ്ങള്‍ സന്തോഷത്തോടെ അദ്ദേഹത്തെ പാടാന്‍ അകത്തു കയറ്റിയിട്ടുമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ അകത്തിരുന്ന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഷഹനായി വായിച്ചിരുന്ന കാര്യം ഹൈദരാലി എടുത്തു പറഞ്ഞിരുന്നു. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്. കലാകാരന്മാരായി കാണുക. കലയാണ് അവരുടെ മതം എന്ന് കണക്കാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- കലാപൂരത്തെ വരവേറ്റ് കലാകേരളം; സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു
സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന കലാപകാരികളെ ചെറുത്തുതോല്‍പിക്കാനുള്ള നല്ലൊരായുധം കൂടിയാണ് കല. അവരുടെ തിട്ടൂരങ്ങള്‍ കാറ്റില്‍ പറത്തി പുതുതലമുറയിലെ പ്രതിഭാശാലികളായ നിങ്ങള്‍ ജാതിയോ മതമോ നോക്കാതെ കലകള്‍ അവതരിപ്പിക്കുക.
കഥകളിയും മാപ്പിളപ്പാട്ടും ഒപ്പനയും മാര്‍ഗംകളിയുമെല്ലാം എല്ലാ മതത്തിലുംപെട്ട കുട്ടികള്‍ ഒന്നിച്ച് അവതരിപ്പിക്കുന്ന നാടെന്ന പ്രത്യേകത നമുക്കുണ്ട്. കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തിന്റെ ഭാഗമാണിത്. എക്കാലവും നമുക്ക് അത് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണമെന്നും പിണറായി വിജയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


